# ഡോ. എസ്. രാജൂകൃഷ്ണൻ
:അഞ്ചുവർഷത്തേക്ക് ശാസ്ത്ര/സാങ്കേതിക മേഖലയിൽ ഇന്ത്യയിലെ മുൻനിര ദേശീയതല സ്ഥാപനങ്ങളിൽ ഗവേഷണം നടത്താൻ 55 ലക്ഷം രൂപ ഫണ്ടിങ് ലഭിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോസ് (പി.എം.ആർ.എഫ്.) പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഗവേഷണ സ്ഥാപനങ്ങൾ
ഗവേഷണം നടത്താവുന്ന സ്ഥാപനങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ), ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസറുകൾ), ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.), ആറ് കേന്ദ്ര സർവകലാശാലകൾ (മൊത്തം 38 എണ്ണം) എന്നിവ ഉൾപ്പെടുന്നു. പൂർണപട്ടിക https://dec2020.pmrf.in -ൽ ലഭിക്കും.
യോഗ്യത
ശാസ്ത്ര-സാങ്കേതിക വിഷയത്തിൽ നാല്/അഞ്ച് വർഷ ഡിഗ്രി, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എം.ടെക്, രണ്ടുവർഷ എം.എസ്‌സി., അഞ്ചുവർഷ യു.ജി.-പി.ജി. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ ഐ.ഐ.എസ്.സി., ഐ.ഐ.ടി., എൻ.ഐ.ടി., ഐസർ, ഐ.ഐ.ഇ.എസ്.ടി., കേന്ദ്രഫണ്ടിങ്ങുള്ള ഐ.ഐ.ഐ.ടി. എന്നിവയിലൊന്നിൽ 8.0 സി.ജി.പി.എ.യും ഇവയിലുൾപ്പെടാത്ത സ്ഥാപനത്തിലോ സർവകലാശാലയിലോ എങ്കിൽ 8.0 ഡി.ജി.പി.എ.യും ബന്ധപ്പെട്ട ഗേറ്റ് വിഷയത്തിൽ 650 സ്കോറും നേടിയവർക്ക് പിഎച്ച്.ഡി. പ്രവേശനത്തിന് ശ്രമിക്കാം.
ഗേറ്റ് യോഗ്യത നേടി, പി.എം.ആർ.എഫ്. സ്ഥാപനത്തിൽ എം.ടെക്./എം.എസ്. റിസർച്ച് ചെയ്യുന്നവരെ പൂർത്തിയാക്കിയ സെമസ്റ്ററിൽ 8.0 സി.ജി.പി.എ. ഉണ്ടെങ്കിൽ പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും.
ഒരു പി.എം.ആർ.എഫ്. സ്ഥാപനത്തിൽ ഇതിനകം പിഎച്ച്.ഡി. പ്രവേശനം നേടിയവരെയാണ്, ലാറ്ററൽ എൻട്രി വിഭാഗത്തിൽ പരിഗണിക്കുക. പരമാവധി രണ്ടു തവണയേ ലാറ്ററൽ എൻട്രി ചാനലിൽ ഒരാളെ പരിഗണിക്കുകയുള്ളൂ.
രണ്ടുവിഭാഗ എൻട്രികൾക്കും സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർഥികളെ പി.എം.ആർ.എഫ്. പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്യാം. പി.എം.ആർ.എഫ്. കമ്മിറ്റിക്ക് നോമിനേഷൻ ലഭിച്ചുകഴിയുമ്പോൾ അപേക്ഷ നൽകാനുള്ള ലിങ്ക് നാമനിർദേശം ചെയ്യപ്പെട്ടവർക്ക് ലഭിക്കും. തുടർന്ന് നിർദിഷ്ട രേഖകൾ ഉൾപ്പെടുന്ന അപേക്ഷ വിദ്യാർഥി നൽകണം.
ഇരുവിഭാഗം നോമിനേഷനുകളും പി.എം.ആർ.എഫ്. സ്ഥാപനം മാർച്ച് ഒന്നിനകം നൽകണം. വിശദാംശങ്ങൾക്ക്: https://dec2020.pmrf.in
ഫെലോഷിപ്പ്
അഞ്ചുവർഷംവരെ ഫെലോഷിപ്പ് ലഭിക്കാം. ആദ്യ രണ്ടുവർഷം മാസം 70,000 രൂപയും മൂന്നാംവർഷം 75,000 രൂപയും നാലും അഞ്ചും വർഷങ്ങളിൽ മാസം 80,000 രൂപയും ഫെലോഷിപ്പായി ലഭിക്കും (മൊത്തം 45 ലക്ഷം രൂപ). കണ്ടിൻജൻസി ഗ്രാൻറ് പ്രതിവർഷം രണ്ടുലക്ഷം രൂപയാണ് (മൊത്തം 10 ലക്ഷം രൂപ).
ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. നിർദേശിക്കപ്പെട്ട 38 പി.എം.ആർ.എഫ്. സ്ഥാപനങ്ങളിലൊന്നിന്റെ നോമിനേഷനിൽ കൂടിയേ ഒരു ഗവേഷകനെ ഫെലോഷിപ്പിനായി പരിഗണിക്കൂ. ഡയറക്ട്, ലാറ്ററൽ എൻട്രി ചാനലുകൾ വഴി നാമനിർദേശത്തിനായി ശ്രമിക്കാം. ഡയറക്ട് എൻട്രി ചാനലിൽ വിദ്യാർഥി ആദ്യം പി.എം.ആർ.എഫ്. സ്ഥാപനത്തിൽ പിഎച്ച്.ഡി. പ്രവേശനം നേടണം.
സ്കൂൾ വിദ്യാർഥികൾക്ക് ദേശീയതല മത്സരങ്ങൾ
:കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ (പി.സി.ആർ.എ.), സ്കൂൾവിദ്യാർഥികൾക്കായി നടത്തുന്ന സാക്ഷം ദേശീയതല മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.
പെട്രോളിയം ഉത്‌പന്നങ്ങളുടെ സംരക്ഷണം, പ്രകൃതിസംരക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ, എസേ റൈറ്റിങ്, ക്വിസ് എന്നീ ഇനങ്ങളിലാണ് സ്കൂൾവിദ്യാർഥികൾക്ക് മത്സരം നടത്തുന്നത്. ഏഴുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. എൻട്രികൾ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 10. വിവരങ്ങൾക്ക്: www.pcra.org
ഈ സംരംഭത്തിന്റെ ഭാഗമായി ഭാരതീയർക്ക് പങ്കെടുക്കാവുന്ന അഖിലേന്ത്യാ സാക്ഷം പെയിൻറിങ് മത്സരവും പി.സി.ആർ.എ. പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗ്രീൻ ആൻഡ് ക്ലീൻ എനർജി’ എന്ന പ്രമേയത്തിന്മേൽ മൂന്നുവിഭാഗങ്ങളിലായി മത്സരം നടത്തും. 12 വയസ്സുവരെ, 12 മുതൽ 21 വയസ്സുവരെ, 21 വയസ്സിൽ കൂടുതൽ. എൻട്രികൾ ഫെബ്രുവരി 10 വരെ നൽകാം. വിവരങ്ങൾക്ക്: www.sakshampaintingcontest.com.
ഭാരതീയചിന്തകളുടെ സാർവലൗകികത
from the desk of IIM(K) Director
# ദേബശിഷ് ചാറ്റർജി
vijayamanthrammbi@gmail.com
ഒരുകാലത്തെ ഭാരതീയ ചിന്തകളുടെ സാർവലൗകികതയിൽ നിന്നുമാണ് ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട് ഒരു ആപ്തവാക്യമായി ഐ.ഐ.എമ്മിനു കൈവരുന്നത്. ലക്ഷ്യം അതാണ്, ഭാരതീയമായ ചിന്തകളുടെ സാർവലൗകിക സ്വീകാര്യത വീണ്ടും. അത് കാലഹരണപ്പെട്ടതിനെ ആഘോഷിക്കലല്ല, കാലാതീതമായതിനെ വീണ്ടെടുക്കലാണ്. ഒപ്പം നൂതനാശയങ്ങളുടെ പിറവിയും പ്രയോഗവും. 2047 രാജ്യത്തെ സംബന്ധിച്ചിടത്തോളം, നമ്മളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ നൂറുവർഷങ്ങളിൽ നമ്മളെന്തുനേടി, ലോകത്ത് നമ്മൾ എവിടെ എന്ന ചോദ്യം സ്വാഭാവികമാണ്. ഇനി നമ്മുടെ ജീവിതലക്ഷ്യംതന്നെ അതിനുള്ള തയ്യാറെടുപ്പാവണം.
ഇന്ത്യയെന്നാൽത്തന്നെ ഒരു ആശയസംഹിതയാണെന്നു പറയാം. ഒരു കാലത്ത് ലോകത്തെ നയിച്ച വെളിച്ചം. ബുദ്ധദർശനങ്ങളുടെ ആഗോള സ്വീകാര്യത നോക്കൂ. അതു സ്വാധീനിച്ചത് ലോകത്തെ മുഴുവനുമാണ്. ഭാരതീയമായ കലകളും വാസ്തുവിദ്യയും ശില്പകലകളുമൊക്കെ വിശ്വപ്രസിദ്ധമാണ്. ഒരിക്കലും ഒരു അധികാരസ്ഥാനത്തിലല്ലാതിരുന്ന മഹാത്മാഗാന്ധിയുടെ സ്ഥാനം ഏതു ലോകനേതാക്കൾക്കും മീതെയാണെന്നു നാം കാണുന്നു.
കണക്കുകൾപ്രകാരം 2047-ലേക്ക് ലോകജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്ന് സംഭാവനചെയ്യുക നമ്മളാവും. അഞ്ചിലൊന്നു ആമാശയങ്ങൾ നമ്മളാവുമ്പോൾ അത്രയും ആശയങ്ങളും നമ്മുടേതായി ഉണ്ടാവണം. പ്രാചീനരാഷ്ട്രത്തെ ആധുനിക ലോകത്ത് പ്രതിഷ്ഠിക്കലാവരുത്. ഗാന്ധിയൻ ശൈലിയിൽ ഹിമവാനോളം പഴക്കമുള്ളതും ഉത്തുംഗവുമായ ആശയങ്ങളുടെ വ്യാപനവും പുത്തനറിവുകളുടെ ഉത്‌പാദനവുമാവണം.
അതിനുള്ളതാവണം നമ്മുടെ വിദ്യാഭ്യാസം. മാറുന്ന ലോകത്തിന്, കാലത്തിന് അനുസൃതമായത്. ഇന്ന് ഒന്നാംസ്ഥാനം കണക്കിനാണെങ്കിൽ നാളെയത് കലയ്ക്കാവും. കണക്കുകൾ തെറ്റാതെ കൂട്ടാൻ കംപ്യൂട്ടറും റോബോട്ടുമുണ്ടാവുമ്പോൾ ലോകത്തെ മുന്നോട്ടുനയിക്കാൻ പിന്നെ വേണ്ടത് നൂതനാശയങ്ങളാണ്, ഭാവനാസമ്പന്നരായ യുവത്വമാണ്. നയരൂപവത്‌കരണങ്ങളിൽ വിദ്യാർഥികളുണ്ടാവണം, വനിതകളും. അതിലൊക്കെ കേരളം ഏറെ മുന്നിലാണ്. കാലാനുസൃതമായി ഉയരുന്നതിൽ, കാലാതീതമായി ചിന്തിക്കുന്നതിൽ മുന്നിലാവണം നമ്മൾ.