ഡോ. എസ്. രാജൂകൃഷ്ണൻ
:വിദേശത്ത് പ്രമുഖ സർവകലാശാലകളിൽ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് ബിരുദധാരികളായ വനിതകൾക്ക് അവസരം. 
ലേഡി മെഹർ ഭായ് ഡി ടാറ്റാ എജ്യുക്കേഷൻ ട്രസ്റ്റ് ആണ് യു.
എസ്.എ., യു.കെ., യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ തിരഞ്ഞെടുത്ത വിഷയങ്ങളിലെ പഠനത്തിന്, ബാധകമായ ട്യൂഷൻ ഫീസ്, സ്കോളർഷിപ്പായി അനുവദിക്കുന്നത്‌. മൂന്നുമുതൽ ആറുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കാം. 
 പഠനമേഖലകൾ 
പരിഗണിക്കപ്പെടുന്ന പഠനമേഖലകളിൽ ചിലത്: സോഷ്യോളജി, സൈക്കോളജി, ലോ (വനിതകൾ, കുട്ടികൾ എന്നിവരുടെ പ്രശ്നങ്ങൾ), എജ്യുക്കേഷൻ, എജ്യുക്കേഷൻ ആൻഡ് വെൽഫെയർ ഓഫ് ചിൽഡ്രൺ വിത്ത് സ്പെഷ്യൽ നീഡ്സ്, ജൻഡർ സ്റ്റഡീസ്, ചൈൽഡ് ഹെൽത്ത് - ഡെവലപ്‌മെന്റ്‌ ആൻഡ് ന്യുട്രീഷൻ, ഹെൽത്ത് പോളിസി ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ- മെന്റൽ ഹെൽത്ത്‌, പബ്ലിക് ഹെൽത്ത്‌, നീഡ്സ് ഓഫ് അഡോളസന്റ്‌സ്‌, കമ്യൂണിക്കേഷൻ ഫോർ ഡെവലപ്‌മെന്റ്‌, റിസർച്ച് ആൻഡ് സ്റ്റഡി ഓഫ് സോഷ്യൽ നോംസ് ഇൻ കമ്യൂണിറ്റീസ്, െഡവലപ്‌മെന്റ്‌ സ്റ്റഡീസ് തുടങ്ങിയവ.
 അപേക്ഷ
സ്കോളർഷിപ്പ് അപേക്ഷ നൽകാൻ ആദ്യം നിശ്ചിത വിവരങ്ങൾ നൽകി igpedulmdtet@tatatrust.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയിൽ അയക്കണം. പഠിക്കാനുദ്ദേശിക്കുന്ന പ്രോഗ്രാം, അപേക്ഷ നൽകിയ സർവകലാശാലകൾ (മുൻഗണനാ ക്രമത്തിൽ), അഡ്മിഷൻ ഓഫർ ലഭിച്ചെങ്കിൽ ഓഫർ കത്തിന്റെ പകർപ്പ്, ഓരോ സ്ഥാപനത്തിനും/കോഴ്സിനും ബാധകമായ കോഴ്സ് ഫീസ്, വിഭവ സമാഹരണ സ്രോതസ്സുകൾ (ഒരു പേജിൽ), അപേക്ഷാർഥിയുടെ നിലവിലെ പ്രൊഫൈൽ (ബയോഡേറ്റ) എന്നീ വിവരങ്ങൾ നൽകണം. അപേക്ഷ നൽകാനുള്ള ലിങ്ക് മേയ് ഏഴുവരെ നൽകും. തുടർന്ന് ഇ-മെയിൽ വഴി ആവശ്യമായ രേഖകൾ മേയ് 10-നകം നൽകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജൂൺ മധ്യത്തോടെ അറിയിപ്പ് ലഭിക്കും. 
വിശദാംശങ്ങൾക്ക് https://www.tatatrusts.org കാണണം (ഔവർ വർക്ക് > ഇൻഡിവിജ്വൽ ഗ്രാന്റ്‌സ്‌ പ്രോഗ്രാം > എജ്യുക്കേഷൻ ഗ്രാന്റ്‌സ്‌ ലിങ്കുകൾ വഴി)

 യോഗ്യത
അപേക്ഷാർഥി പ്രമുഖ സർവകലാശാലയിൽനിന്ന്‌ ബിരുദമെടുത്ത വനിതയായിരിക്കണം. സ്ഥിരതയാർന്ന അക്കാദമിക് മികവ് പ്രകടിപ്പിച്ചിരിക്കണം. യു.എസ്.എ., യു.കെ., യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഒന്നിൽ 2021-°’22 ലേക്ക്, സൂചിപ്പിച്ച മേഖലകളിലൊന്നിൽ ഉന്നതപoനത്തിന് അപേക്ഷിച്ചിരിക്കണം/അഡ്മിഷൻ ഓഫർ ലഭിച്ചിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്‌. 

എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ്
:പ്രവൃത്തിപരിചയം ഉള്ള നോൺ ഗവൺെമൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.) ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹപുരോഗതിക്കായി ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിവെച്ച പ്രായോഗികമായ ഒരു പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചുപ്രവർത്തിക്കണം.
പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങൾ: വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ഉപജീവനം, പരമ്പരാഗത കരകൗശലം, വനിതാ ശാക്തീകരണം, ജനായത്തഭരണം, സാമൂഹിക സ്വയംസംരഭകത്വം, ജലം. 
മാസം ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപ, ട്രാൻസ്പോർട്ട്‌ എക്സ്പെൻസ് 1000 രൂപ, ഹെൽത്ത് ആക്സിഡന്റ്‌ ഇൻഷുറൻസ് പോളിസിയും യാത്രാ ചെലവുകളും ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെന്റ്‌ അലവൻസ്‌ 50,000 രൂപയും സാക്ഷ്യപത്രവും നൽകും. 
അപേക്ഷ ഏപ്രിൽ 30-നകം https://register.you4.in/ വഴി നൽകാം. വിവരങ്ങൾക്ക്: https://youthforindia.org

സ്വയം തിരിച്ചറിയണം

:ലോകത്ത് എത്രയോ ആത്മകഥകളുണ്ട്. വായിക്കപ്പെടുന്നവ അപൂർവവുമാണ്. നമ്മളെന്താണെന്നു പറയുക എളുപ്പമല്ല. നമ്മളെന്തല്ല, നമ്മൾ അതൊക്കെയാണെന്നു പറയുക എളുപ്പവുമാണ്. അവിടെ നഷ്ടമായിപ്പോവുന്നത് സത്യസന്ധതയാണ്. മൗലികത കുറച്ചും സത്യസന്ധത കൂടുതലും ആവുമ്പോഴാണ് താൻ മികച്ചപ്രകടനം കാഴ്ചവെക്കുന്നതെന്ന് പറഞ്ഞത് പ്രശസ്ത നടനായ ജോസഫ് ഗോർഡൻ ലെവിറ്റ് ആണ്. 
സുവർണാവസരംപോലെ സുവർണാപത്‌ഘട്ടങ്ങളുമുണ്ട്. അങ്ങനെയൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. അവിടെ അനിവാര്യമായിവേണ്ട ഗുണം ആത്മാവബോധമാണ്‌. സ്വയം തിരിച്ചറിയുക, സത്യസന്ധത പുലർത്തുക. സ്വയം തിരിച്ചറിയാത്തവരാവും ഈ ആപത്‌സന്ധിയിൽ കൂടുതൽ അപകടത്തിലാവുക. തിരിച്ചറിയാനാവാത്ത ബാഹ്യഘടകങ്ങൾ പരാജയകാരണമാവുന്നത് സ്വാഭാവികമാണ്. പക്ഷേ, സ്വയം തിരിച്ചറിയാതെപോയത് പരാജയകാരണമാവരുത്. ജീവിതത്തിലെ വലിയ തീരുമാനങ്ങളെ ഒന്നു തിരിഞ്ഞുനോക്കൂ. കാണാം, ബുദ്ധിയിലേറെ വികാരങ്ങളാണ് അതിലേക്ക് നയിച്ചിട്ടുണ്ടാവുക. മനുഷ്യനെ മറ്റു ജീവികളിൽനിന്നു വ്യത്യസ്തരാക്കുന്നത് അതാണ്. ഞാനപ്പോഴുള്ള ഒരു വികാരത്തിന്റെ പുറത്തു അതിരുവിട്ടുപോയതാണെന്നുള്ള മാപ്പുപറയലുകൾ കാണാറുണ്ട്. എന്തിനാണത്? വൈകാരികമായി പ്രതികരിക്കാനായി എന്നത് ഒരു നല്ല ഹൃദയത്തിന്റെ ലക്ഷണമാണ്. അതു മറ്റുള്ളവർ കാണുന്നതിലെന്താണ് തെറ്റ്? അതിന് ഇടയാക്കിയത് വിവേചനബുദ്ധിയുടെ ചെറിയ കുറവാണ്. വികാരം വിവേകത്തെ മറികടക്കരുത്. രണ്ടുമൊന്നായി സഞ്ചരിക്കേണ്ടതാണ്. വൈകാരികമായി മുറിവേൽക്കുന്നവരുണ്ട്, അതിൽ നിന്നെളുപ്പം കരകയറാത്തവരും. വൈകാരികമായ മുറിവുകളെ എളുപ്പം ഭേദമാക്കണം. അല്ലെങ്കിൽ അതു വേദനിപ്പിക്കുക നിങ്ങളെ ഒരിക്കലും മുറിവേൽപ്പിക്കാത്തവരെയാവും. വികാരം, വിവേകം, സത്യസന്ധത- ഇതത്രയുമുള്ള തീരുമാനങ്ങൾ പാളുക എളുപ്പമല്ല. ഒന്നു തിരിഞ്ഞുനോക്കുക, വലിയ തീരുമാനങ്ങളിലേക്ക് നയിച്ചത് അപാര ചിന്തയോ ബുദ്ധിയോ ആവില്ല. മുന്നിൽ നടന്നത് വികാരമാവും കൂടെ വിവേകവും സത്യസന്ധതയും.