ത്രില്ലറുകളെന്നാൽ വെറും അന്വേഷണാത്മക ചിത്രങ്ങൾ എന്ന സ്ഥിതി മാറുകയാണ് മലയാളസിനിമയിൽ. കുറ്റവും, അത് തെളിയിക്കാനെത്തുന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള പാമ്പും കോണിയും കളി എന്നതിൽനിന്ന് പ്രേക്ഷരെ അമ്പരിപ്പിക്കാൻ പറ്റുന്ന മറ്റു മേഖലകളിലേക്ക് കടക്കുകയാണ് ത്രില്ലറുകൾ. സൈക്കോളജിക്കൽ, സർവൈവൽ, സയന്റിഫിക്, അഡ്വഞ്ചർ, മിസ്റ്ററി... അങ്ങനെ വ്യത്യസ്ത ആടയാഭരണങ്ങളണിഞ്ഞ് ത്രില്ലറുകൾ നമുക്ക് മുന്നിലേക്ക് എത്തുകയാണിപ്പോൾ.

എല്ലാ ത്രില്ലറുകളുടെയും തുടക്കം ഗംഭീരമായിരിക്കും. ചോദ്യങ്ങൾ ചോദിച്ച്‌, ഉദ്വേഗംനിറച്ച് മെല്ലെ സഞ്ചാരം തുടങ്ങും. പക്ഷേ, ഉത്തരം തേടുമ്പോൾ  പലതും കൈവിട്ടുപോകും. ത്രില്ലർസിനിമകൾ സത്യത്തിൽ സിനിമ ഒരുക്കുന്നവരും പ്രേക്ഷകരും തമ്മിലുള്ള ഒരു മത്സരമാണ്. സംവിധായകനും തിരക്കഥാകൃത്തും ഒരുക്കിവെച്ചിട്ടുള്ള ഊരാക്കുടുക്കകൾ ഒരുവശത്ത്. അതഴിയുംമുമ്പേ മനസ്സുകൊണ്ട് ക്ലൈമാക്‌സ് സാധ്യതകൾ ഊഹിച്ചെടുക്കാൻ ശ്രമിക്കുന്ന പ്രേക്ഷകൻ മറുവശത്ത്. ഒടുവിൽ ജയം ആർക്കെന്നതിലാണ് കാര്യം. തന്റെ ഊഹങ്ങൾക്കനുസരിച്ചുള്ള അന്ത്യമാണെങ്കിൽ ആ സിനിമയോട് പ്രേക്ഷകൻ വലിയ മതിപ്പൊന്നും കാട്ടാറില്ല. മറിച്ച് മനസ്സിന്റെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി സിനിമ അവസാനിച്ചാൽ പ്രേക്ഷകൻ മനസ്സറിഞ്ഞുതന്നെ കൈയടിക്കും. അങ്ങനെ ഊഹങ്ങളെ കാറ്റിൽപ്പറത്തി ഒരെത്തും പിടിത്തവും തരാതെ പ്രേക്ഷകനെ അടുത്തിടെ അമ്പരപ്പിച്ച് കൈയടിനേടിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത അഞ്ചാം പാതിര. ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു ചിത്രം.

മികച്ച അഭിപ്രായം നേടി, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ടൊവിനോ ചിത്രം ഫോറൻസിക് ഒരു സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഫോറൻസിക് സയൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള അന്വേഷണമാണ് ചിത്രത്തിൽ. ഒട്ടനവധി കാര്യങ്ങൾ പഠിച്ച് തയ്യാറാക്കിയ സിനിമയാണിത്. അഞ്ചാം പാതിരയുടെ ആരവങ്ങളടങ്ങും മുൻപേ കടന്നുവന്നിട്ടും ഫോറൻസിക് അതിന്റെ വ്യത്യസ്തതകൊണ്ട് വിജയം നേടി ത്രില്ലറാവുകയാണ്. തൊട്ടു മുന്നേ കടന്നുപോയ ചിത്രങ്ങൾ നോക്കിയാൽ അന്നാ ബെൻ പ്രധാന വേഷമിട്ട ഹെലൻ മികച്ച ഒരു സർവൈവൽ ത്രില്ലറായിരുന്നു. ജീവൻ അപകടത്തിലായ ഒരു സാഹചര്യത്തെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ശ്വാസമടക്കിയിരുന്നാണ് നമ്മൾ കണ്ടത്. വർഷങ്ങൾക്ക്‌ മുൻപ്‌ ഭരതൻ ഇതുപോലൊരു ചിത്രമൊരുക്കി നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. മാളൂട്ടി. ഇത്രയൊന്നും സാങ്കേതികത ഇല്ലാതിരുന്ന കാലത്ത് കുഴൽക്കിണറിലകപ്പെട്ടുപോയ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള രംഗങ്ങൾ ത്രില്ലറിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്.

ഇനി നമുക്ക് മുന്നിലേക്ക് വരാനിരിക്കുന്നത് ത്രില്ലറുകളുടെ പെരുമഴക്കാലം തന്നെയാണ്. മമ്മൂട്ടി വീണ്ടും സേതുരാമയ്യരായി എത്തുന്ന ക്രൈം ത്രില്ലർ സി.ബി.ഐ. 5,  മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ആക്ഷൻ-അഡ്വഞ്ചർ ത്രില്ലർ ബറോസ് എന്നിവ സൂപ്പർ മെഗാ താരങ്ങളുടെ ത്രില്ലറുകളാണ്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രവും ത്രില്ലറാണ്.
ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവിയൊരുക്കുന്ന കുറ്റവും ശിക്ഷയും പോലീസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. ശ്യാം പുഷ്‌കരന്റെ രചനയിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന തങ്കം ക്രൈം ഡ്രാമയാണ്. കേരളം കണ്ട എക്കാലത്തെയും 'മികച്ച' കുറ്റവാളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്ന ക്രൈം-മിസ്റ്ററി ത്രില്ലറാണ് കുറുപ്പ് എന്ന ചിത്രം. ലിസ്റ്റ് തീരുന്നില്ല. പൃഥ്വിരാജ് നായകനാവുന്ന് ഷാജി കൈലാസ് ചിത്രം കടുവ, ടൊവിനോ നായകനാവുന്ന പള്ളിച്ചട്ടമ്പി, ഫഹദ് ഫാസിലെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് എന്നീ സിനിമകളും ത്രില്ലർ കുപ്പായമണിഞ്ഞാണ് വരവ്. 