അമേരിക്കയുടെ രഹസ്യാന്വേഷണവിഭാഗമായ എഫ്.ബി.ഐ.യിലേക്ക് ഏജന്റ് ഹോൾഡൻ ഫോഡ്‌ ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുകയാണ്. ബിഹേവിയറൽ സയൻസ് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്ന ഹോൾഡർ മറ്റൊരു ഉദ്യോഗസ്ഥനായ ബിൽ ടെഞ്ചിൽനിന്ന്‌ വർധിച്ചുവരുന്ന സീരിയൽ കില്ലിങ് കേസുകളെക്കുറിച്ച്‌ അറിയുന്നു. മനശ്ശാസ്ത്രവിദഗ്‌ധനായ വെൻഡി കാറും ഇവർക്കൊപ്പം ചേരുന്നു. സീരിയൽകൊലപാതകകേസുകളിലെ പ്രതികളുടെ മനശ്ശാസ്ത്രമറിയാനായി മൂവരും ഇത്തരം കേസുകളിൽ തടവിൽ കഴിയുന്നവരെ അഭിമുഖംചെയ്യുന്നു. ഇവരെ സഹായിക്കുന്നതിനായി കുപ്രസിദ്ധനായ സീരിയൽ കില്ലർ എഡ്മൺഡ്‌ കെമ്പറും എത്തുന്നതോടെയാണ് മൈൻഡ് ഹണ്ടറിന്റെ ഒന്നാം സീസൺ പുരോഗമിക്കുന്നത്. 1977-80 കാലയളവിൽ യു.എസിലുണ്ടായ സീരിയൽ കില്ലിങ് കേസുകളിലൂടെയാണ് ഒന്നാംസീസൺ കടന്നുപോകുന്നത്. 1979-81 കാലഘട്ടത്തിൽ 28 കുട്ടികളടക്കം ഒട്ടേറെ പേരുടെ കൊലപാതകത്തിന്‌ കാരണമായ കുപ്രസിദ്ധമായ അറ്റ്‌ലാന്റ കൊലപാതകത്തെ ആസ്പദമാക്കിയാണ് രണ്ടാംസീസൺ ഒരുക്കിയിട്ടുള്ളത്.
ജോൺ ഇ. ഡഗ്ലസിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ജോ പെൻഹാല്ലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. പത്ത്‌ എപ്പിസോഡുകൾവീതമുള്ള സീരീസിന്റെ രണ്ട്‌ സീസണുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഒന്നാംസീസൺ 2017 ഒക്ടോബർ 13-നും രണ്ടാംസീസൺ 2019 ഓഗസ്റ്റ് 16-നും പുറത്തിറങ്ങി. ജൊനാഥൻ ഗ്രോഫാണ് ഹോൾഡൻ ഫോഡായി എത്തുന്നത്. ഹോൽറ്റ്‌ മക്‌ലാനി, ഹന്ന ഗ്രോസ്‌, അന്നാ റ്റോർവ്‌, കോട്ടർ സ്‌മിത്ത്‌ എന്നിവർ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 