തൈക്കുടം ബാൻഡിന്റെ അമരക്കാരനാണ് ഗോവിന്ദ് വസന്ത. നോർത്ത് 24 കാതം എന്ന മലയാളം സിനിമയിലൂടെയാണ് തുടക്കം. വേഗം, നഗരവാരിധി നടുവിൽ ഞാൻ, 100 ഡേയ്‌സ് ഓഫ് ലൗവ്, ഹരം, സോളോ അങ്ങനെ പിന്നീട് ചെയ്ത ഓരോ സിനിമയിലും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ ഗോവിന്ദിന് കഴിഞ്ഞു. വ്യത്യസ്തതകൊണ്ടും പുത്തൻ പരീക്ഷണങ്ങളിലൂടെയും ഗോവിന്ദ് പെട്ടെന്നുതന്നെ മലയാളി സംഗീതാസ്വാദകർക്കിടയിൽ തന്റെതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. തമിഴ് സിനിമാമേഖലയിൽ തിരക്കുള്ള സംഗീതസംവിധായകനായപ്പോഴും ഗോവിന്ദിന്റെ മനസ്സിൽ പക്ഷേ, ബാൻഡാണ്. സ്റ്റേജ് തരുന്ന ഊർജം ഒന്ന്‌ വേറെതന്നെയാണെന്നാണ് ഗോവിന്ദിന്റെ പക്ഷം.
 സംഗീതരചനയിലാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. അത് സിനിമയിൽ ചെയ്യുന്നതിലും സ്വതന്ത്രമായി ചെയ്യാനാണിഷ്ടം. ഈ സ്റ്റേജിൽ നിൽക്കുന്നതുതന്നെ ഒരു പ്രത്യേക അനുഭൂതിയാണ്. രണ്ടുപ്രാവശ്യത്തിൽ കൂടുതൽ എനിക്ക് എന്റെ അഭിപ്രായത്തിൽ പിടിച്ചുനിൽക്കാൻ പറ്റാറില്ല. സിനിമയിൽ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഇടപെടലുകളുണ്ടായാൽ എന്തെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ച് അത് ചെയ്തുകൊടുക്കും. അങ്ങനെ ഇഷ്ടമല്ലാത്ത ഒരുപാട് പാട്ടുകൾ എനിക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്.
സുഹൃത്തുക്കളോടൊപ്പം സിനിമയിൽ വർക്ക് ചെയ്യുമ്പോൾ സ്വാതന്ത്ര്യം കുറച്ച് കൂടുതൽ കിട്ടാറുണ്ടെന്നും ഗോവിന്ദ് വസന്ത പറയുന്നു.
‘96’ എന്റെ ഒരു അടുത്ത സുഹൃത്ത് സംവിധാനം ചെയ്ത സിനിമയാണ്. സീതകാതിയിലുമുള്ളത് വളരെ അടുത്ത സുഹൃത്തുക്കളാണ്. പിന്നെ ഉറിയടി 2, അടുത്ത സുഹൃദ്‌വലയത്തിൽപ്പെട്ടവരാണ് അതിന്റെയും അണിയറയിലുള്ളവർ. 96-നെക്കാൾ എനിക്കിഷ്ടം സീതകാതിയിലെ പാട്ടുകളാണ്. ചിലപ്പോൾ അതൊരു സ്റ്റേജ് ആർട്ടിസ്റ്റിനെക്കുറിച്ചുള്ള പടമായതുകൊണ്ടായിരിക്കാം. പിന്നെ 96-ലെ പാട്ടുകൾ വേറെ ഒരു സംവിധായകനാണെങ്കിൽ സമ്മതിക്കുമോ എന്ന് എനിക്കറിയില്ല. കാരണം ഓരോ പാട്ടിന്റെയും ദൈർഘ്യം തന്നെ അതിൽ ഒരു പ്രശ്നമായിരുന്നു. ആറും ആറരയും മിനിറ്റൊക്കെ ആയിരുന്നു ഓരോ പാട്ടും.
സിനിമയിൽ തിരക്കുകളേറുമ്പോഴും ബാൻഡിന് തന്നെയാണ് പ്രഥമ പരിഗണന ഗോവിന്ദ് നൽകുന്നത്.
ഏത് സിനിമയെടുത്താലും ബാൻഡ് ഷോ വന്നാൽ ഞാൻ പോകുമെന്ന് നേരത്തേ പറയും. അതുകൊണ്ട് തന്നെയാണ് സിനിമകളുടെ എണ്ണം ഞാൻ കുറയ്ക്കുന്നതും അധികം എടുക്കാത്തതും. ഒരിക്കൽ രണ്ടുമാസത്തോളം നീണ്ടുനിന്ന ഒരു യു.എസ്. ട്രിപ്പുണ്ടായിരുന്നു ബാൻഡിന്റെ കൂടെ. ആ സമയത്ത് എനിക്ക് വന്ന പല ഓഫറുകളും വലിയ സിനിമകളിൽ നിന്നാണ്‌, തമിഴിൽ തന്നെ, ഞാൻ പിൻവലിച്ചിട്ടുണ്ട്. ബാൻഡ് കഴിഞ്ഞിട്ടേ എനിക്ക് സിനിമയുള്ളൂ.
പുതിയകാല സംഗീതസംവിധായകർ നേരിടുന്ന പാട്ട് മോഷണത്തിനെ സംബന്ധിച്ച ആരോപണത്തിന് വ്യക്തമായ മറുപടി ഗോവിന്ദ് വസന്തയ്ക്കുണ്ട്.
“പാട്ട് മോഷണം ഇപ്പോൾ വന്നതാണെന്ന് തോന്നുന്നില്ല. അത് പണ്ട് മുതൽക്കേയുണ്ട്. അതിൽ ന്യൂ ജനറേഷൻ എന്നൊന്നുമില്ല. പക്ഷേ, പണ്ടുള്ളതിലേതിലും കുറവാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ കൺസ്ട്രക്ഷൻ കിറ്റ് എന്ന ഒരു പരിപാടിയുണ്ട്. അതിൽ ധാരാളം മ്യൂസിക് ബാൻഡുകളുണ്ടാകും. അത് മേടിച്ച് അതിന്റെ മുകളിലാണ് നമ്മൾ പാട്ടുകൾക്ക് ഈണം നൽകുക. അത് ആർക്കും ഉപയോഗിക്കാം, അതിൽ ഉടമസ്ഥാവകാശം, പകർപ്പവകാശം അങ്ങനൊന്നുമില്ല. ആർക്കും മേടിച്ച് ഉപയോഗിക്കാം. അനിരുദ്ധിന് ഈയടുത്ത് കൊലമാവു കൊകില എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സംഭവം ശരിക്കും അതാണ്. വേറൊരു പാട്ടിൽ നിന്നെടുത്തതല്ലായിരുന്നു സത്യത്തിൽ നടന്നത്. രണ്ടുപേരും ഒരേ കൺസ്ട്രക്ഷൻ കിറ്റ് ഉപയോഗിച്ചതാണ് ഇതിന്റെ പ്രശ്നം. അതൊരു പാട്ട് മോഷണമല്ല. പക്ഷേ, അതിൽ ആളുകളെ പറഞ്ഞിട്ട് കാര്യമില്ല. കാരണം അവർക്ക് അതിനെക്കുറിച്ച് അറിയേണ്ട ആവശ്യമില്ല.
ഞാനും കൺസ്ട്രക്ഷൻ കിറ്റ് ഉപയോഗിച്ചിട്ടുണ്ട്. അന്ന് ഞാൻ തുടങ്ങിയ കാലമായിരുന്നു, 2013-ലാണത്. പക്ഷേ, പിന്നീട് അതും എനിക്ക് ശരിയല്ല എന്ന് തോന്നലുണ്ടായപ്പോൾ അതിന്റെ ഉപയോഗം നിർത്തി.
ക്ലബ്ബ് എഫ്.എമ്മും മാതൃഭൂമി ഡോട്ട് കോമും സംഘടിപ്പിച്ച തൈക്കുടം ലൈവിന് കോഴിക്കോട് എത്തിയതായിരുന്നു ഗോവിന്ദ് വസന്ത. മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിന്റെ  രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്താണ് തൈക്കുടത്തിന്റെ സ്റ്റേജ് ഷോ നടന്നത്. മൈ ജി അവതരിപ്പിച്ച ക്ലബ് എഫ് എം., മാതൃഭൂമി ഡോട്ട് കോം തൈക്കൂടം ബ്രിഡ്ജ് ഷോയ്ക്ക്‌ ഇഹാം ഡിജിറ്റൽ ആൻഡ് എൽ.ജി., റീ ബിൽഡ് കേരള, ആസ്റ്റർ മിംസ്, കെ.ടി.സി. ഹോണ്ട, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്, മിൽമ, ബാൽ ടയേഴ്‌സ്, യാഷ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് കാലിക്കറ്റ് ചിമ്‌നി, സഫിയ ട്രാവൽസ് എന്നിവരായിരുന്നു ഷോയുടെ സ്പോൺസർമാർ. 