രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിച്ച് നവാഗത സംവിധായകൻ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ലൗ എഫ് എം തിയേറ്ററിലെത്തി. അപ്പാനി ശരത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് ചിത്രം അവതരിപ്പിക്കുന്നത്. ടിറ്റോ വിൽസൺ, സിനോജ് അങ്കമാലി, ജിനോ ജോൺ, വിജിലേഷ്, നിർമ്മൽ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തിൽ നായകന്റെ കൂട്ടാളികളായി വരുന്നു. സിനിൽ സൈനുദ്ദീൻ പ്രതിനായകവേഷത്തിൽ എത്തുന്നു.
ടിറ്റോ വിൽസണും നായക തുല്യമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.  അപ്പാനി ശരത്ത്(ഗസൽ) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ് ജീവിതം സിനിമയിൽ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു.
 'ലൗ എഫ് എം ഒരു ഫാമിലി എന്റർടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയിൽ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ്  അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലർത്തിയാണ് ലൗ എഫ് എം പ്രേക്ഷകരിൽ എത്തുന്നതെന്നും' സംവിധായകൻ പറഞ്ഞു.
ജാനകി കൃഷ്ണൻ , മാളവിക മേനോൻ,  അഞ്ജു  എന്നിവരാണ് നായികമാർ. അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്. തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, പൊന്നാനി, മാഹി, കാസർകോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത്.  
 ദേവൻ, മാമുക്കോയ, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, ശശി കലിംഗ, സാജു കൊടിയൻ, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണൻ, അബു വളയംകുളം, വിജയൻ കോഴിക്കോട്, ജെയിംസ് ഏലിയ,  ബോബൻ ആലമ്മൂടൻ, അഷറഫ് ഗുരുക്കൾ, ആനന്ദ് കോഴിക്കോട്, സിനിൽ സൈനുദ്ദീൻ, അൽക്കു, സച്ചിൻ, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കർ, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിൻ, അഡ്വ. നിഖിൽ, നീനാകുറുപ്പ്, ദിവ്യ, അഞ്ജലി,  ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിൻ, ആഷ്‌ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കൾ. രചന: സാജു കൊടിയൻ, പി.ജിംഷാർ, ഛായാഗ്രഹണം:  സന്തോഷ് അനിമ, ഗാനരചന:കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണൻ, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണൻ വാര്യർ, സംഗീതം:  കൈതപ്രം വിശ്വനാഥൻ, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പശ്ചാത്തല സംഗീതം:ഗോപിസുന്ദർ. 