സാധാരണ കുടുംബങ്ങളിൽ നടക്കുന്ന ഒരു അസാധാരണ കഥ, അതാണ് കപ്പേള. കുടുംബസമേതം തിയേറ്ററിൽ പോയി കാണാവുന്ന സിനിമ.
 കഥാപാത്രങ്ങളെല്ലാം വളരെ സാധാരണക്കാർ, മാസ്സും മസാലയുമില്ലാത്ത കഥപറച്ചിൽ. നാട്ടിൽ നടക്കുന്ന പല സമകാലീന സംഭവങ്ങളെയും ഓർമിപ്പിക്കുന്ന കഥയാണ് കപ്പേള പറയുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് കപ്പേള. ഒരു തുടക്കക്കാരൻ സംവിധായകൻ എന്ന നിലയിൽ മുസ്തഫ വിജയിച്ചിട്ടുണ്ട്. ചെറിയൊരു പ്രമേയത്തിൽ കാഴ്ചക്കാരനെ മടുപ്പിക്കാതെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
നാട്ടിൻപുറത്തു നടക്കുന്ന ഒരു പ്രണയകഥയാണ് കപ്പേള എന്ന് പറഞ്ഞാൽ അത് അപൂർണമാണ്. അവസാനംവരെ നമ്മളെ അതിൽ പൂട്ടിയിടാൻ ഈ കഥയ്ക്കാവുന്നുണ്ട്. പിന്നീട് വരുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റാണ് സിനിമയുടെ ഹൃദയം. ആദ്യത്തെ ആ മിടിപ്പുകളെല്ലാം ഈ ട്വിസ്റ്റിലേക്കുള്ള വാതിലുകളായിരുന്നുവെന്ന് സിനിമയുടെ അവസാനം എത്തുമ്പോൾ മനസ്സിലാകും. ചെറിയ ചേർച്ചക്കുറവുകൾ തുടക്കത്തിൽ നമ്മൾക്ക് തോന്നുമെങ്കിലും അതിനെയെല്ലാം ന്യായീകരിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. കപ്പേളയുടെ തിരക്കഥ എഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്.
റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സഹകഥാപാത്രങ്ങളായെത്തിയ സുധി കോപ്പ, തൻവി റാം, നീൽജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും നല്ല പ്രകടനംതന്നെ കാഴ്ചവെച്ചു. ഇവരെക്കൂടാതെ സംവിധായകൻ മുസ്തഫയും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. കപ്പേളയുടെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. ഭംഗിയുള്ള ഫ്രെയ്‌മുകളാണ് സിനിമയിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം. കോഴിക്കോടും വയനാടുമാണ് സിനിമയിൽ കഥ നടക്കുന്ന രണ്ട് സ്ഥലങ്ങൾ. സംഭാഷണങ്ങളിൽ രണ്ട് നാടിന്റെയും ഭാഷ സൂക്ഷ്‌മതയോടെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് സിനിമ നിർമിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം സുഷിൻ ശ്യാമിന്റെ കൈയിൽ ഭദ്രം. കപ്പേളയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. അധികം വലിച്ചുനീട്ടാതെ ചെറിയ പ്രമേയത്തിൽ ഒരുക്കിയ ചെറിയൊരു സിനിമയാണ് കപ്പേള. 