വിമാനങ്ങളെയും കപ്പലുകളെയും ഒന്നടങ്കം നിഗൂഢതയിലൊളിപ്പിക്കുന്ന ലോകപ്രശസ്തമായ ബെർമുഡ ട്രയാങ്കിളിന്റെ കഥപറയുന്ന ചിത്രത്തിൽ മാർവൽ സ്റ്റുഡിയോസ് താരം ക്രിസ് ഇവാൻസ് നായകനാകുന്നു. ബെർമുഡ എന്ന്‌ പേരിട്ട സയൻസ് ഫിക്ഷൻ ചിത്രം ഡോക്ടർ സ്‌ട്രേഞ്ചിന്റെ സംവിധായകൻ സ്‌കോട്ട് ഡെറിക്‌സൺ ആണ് സംവിധാനം ചെയ്യുന്നത്.
 'ക്യാപ്റ്റൻ അമേരിക്ക'യായി ഉജ്ജ്വലപ്രകടനം കാഴ്ചവെച്ച ക്രിസിന്റെ വ്യത്യസ്തമായ വേഷപ്പകർച്ച കാണാനുള്ള ആവേശത്തിലാണ് ആരാധകരിപ്പോൾ. അവഞ്ചേഴ്‌സ്: എൻഡ് ഗെയിമോടെ ക്യാപ്റ്റൻ അമേരിക്ക കഥാപാത്രത്തിൽനിന്ന് ക്രിസ് വിരമിച്ചിരുന്നു.
സ്‌കൈഡാൻസ് മീഡിയയാണ് ബെർമുഡ ഒരുക്കുന്നത്. ചിത്രത്തിന് നേരത്തെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് മാറ്റിയെഴുതുന്നതിനും സിനിമ സംവിധാനം ചെയ്യുന്നതിനുമായി സ്‌കൈഡാൻസുമായി ഡെറിക്‌സൺ കരാറൊപ്പിട്ടെന്ന വാർത്തകളാണ് ഹോളിവുഡ് റിപ്പോർട്ടർ പുറത്തുവിട്ടത്. ഡോക്ടർ സ്‌ട്രേഞ്ചിന്റെ തിരക്കഥ തയ്യാറാക്കിയ സി. റോഹേർട്ട് കാർഗിലുമായി ചേർന്നായിരിക്കും ഡെറിക്‌സൺ തിരക്കഥയിൽ മാറ്റംവരുത്തുക. ഡേവിഡ് എലിസൺ, ഡാനാ ഗോൾഡ്‌ബെർഗ്, ഡോൺ ഗ്രെയ്‌ഞ്ചെർ, ബോണി കർട്ടിസ്, ജൂലി ലിൻ എന്നിവരാണ് പ്രൊഡ്യൂസർമാർ.  