നർമരസമുള്ള ചിത്രങ്ങൾ ചെയ്യുന്ന ജോസ് തോമസ് ഇഷ എന്ന സിനിമയിൽ എത്തുന്നത്?
എന്റെ ആദ്യകാല സിനിമകൾ ഗൗരവമുള്ള വഴിയിലൂടെയാണ് പോയിരുന്നത്. ടി.എ. റസാഖ് എഴുതിയ എന്റെ ശ്രീക്കുട്ടി എന്ന സിനിമയും പിന്നീട് ലോഹിതദാസ് എഴുതിയ സാദരം എന്ന സിനിമയും ചർച്ചചെയ്തത് കരുത്താർന്ന വിഷയങ്ങളായിരുന്നു. പിന്നെ പ്രേക്ഷകർ മാറുന്നതനുസരിച്ചാണ് ഞാൻ ഈ പറഞ്ഞ നർമരസമുള്ള ചിത്രത്തിലേക്ക് മാറുന്നത്. മാട്ടുപ്പെട്ടിമച്ചാൻ, ഉദയപുരം സുൽത്താൻ, സുന്ദരപുരുഷൻ അങ്ങനെ മായാമോഹിനിവരെ നർമരസമുള്ളതാണെങ്കിലും കുടുംബചിത്രങ്ങളായിട്ടാണ് സ്വീകരിക്കപ്പെട്ടത്.
2009-ൽ ഞാൻ 10-ാം നിലയിലെ തീവണ്ടി, കഥവീട് എന്നീ ചിത്രങ്ങൾ നിർമിച്ചു. സമാനമായൊരു പരീക്ഷണമാണ് ഇഷ എന്ന ചിത്രവും. എനിക്ക് എല്ലാ ജോണറിലുള്ള സിനിമയും ചെയ്യണമെന്നാണ് ആഗ്രഹം.
ഇഷ-എന്ന സിനിമയെക്കുറിച്ച്
ഹൊറർ എന്ന് കേൾക്കുമ്പോൾ മലയാളിപ്രേക്ഷകർക്ക് ഒരു ധാരണയുണ്ട്. പഴയ തറവാടും വെള്ളയുടുത്ത പ്രേതവും എന്നൊക്കെ. പക്ഷേ, ഇത് അതല്ല. കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു പെൺകുട്ടി അനുഭവിക്കുന്ന പീഡനവും ക്രൂരതയും; അതൊക്കെ ബെയ്‌സ് ചെയ്തിട്ടാണ് ഇതിന്റെ കഥ മുന്നോട്ടുപോകുന്നത്. പിന്നെ ഏതൊരു ഭാഷയിലും ഹൊറർ എന്നുപറയുമ്പോൾ ഒരു പ്രതികാരമാണ് പറയുന്നത്. ഇഷ എന്നുപറയുന്ന ഈ സിനിമയും അതിൽനിന്നും വ്യത്യസ്തമല്ല. പക്ഷേ, അതിന്റെ പശ്ചാത്തലം കുറച്ചുകൂടെ പുതുമനിറഞ്ഞ രീതിയിൽ ഇന്നത്തെ അവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ ചെയ്തിരിക്കുന്നു എന്നേയുള്ളൂ.
2020-ൽ ത്രില്ലർ സിനിമകൾ കൂടുതലാണല്ലോ. ഇഷയും സമാനഗണത്തിൽ പെടുത്താവുന്ന സിനിമയാണോ.
2019 ജൂൺ മാസത്തിൽ ഷൂട്ട് കഴിഞ്ഞതാണ് ഇഷ. ഇതിന്റെ ഗ്രാഫിക്‌സ് വർക്കും പോസ്റ്റ് പ്രൊഡക്ഷനും ഒരുപാട് സമയം എടുത്തതുകൊണ്ടാണ് ഇത് റിലീസിങ് വൈകിയത്. ഞാൻ ഈ സിനിമ ആലോചിക്കുമ്പോൾ മലയാളത്തിൽ ഇപ്പോൾ ഇറങ്ങിയ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമകൾ ചിന്തിച്ചിട്ടുണ്ടോ എന്നുതന്നെ അറിയില്ല. പിന്നെ ഇത് യാദൃച്ഛികമാണ്, 2020-ൽ ത്രില്ലർ സ്വഭാവത്തിലുള്ള കുറേ സിനിമകൾ വന്നുഎന്നത്.
ഞാൻ എന്റെ സുഹൃത്തായ എ.കെ. സാജനോട് ഇങ്ങനെ ഒരു ഹൊറർ സിനിമ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഹൊറർ സിനിമ ചെയ്യുമ്പോൾ പൂർണമായും അത് ഹൊറർതന്നെ ആയിരിക്കണം. അല്ലാതെ, ഇതെല്ലാം എന്റെ തോന്നൽ മാത്രമായിരുന്നു. ഇത് റിയൽ ആയിരുന്നില്ല എന്ന് വരരുത്, അങ്ങനെ വന്നാൽ പ്രേക്ഷകരെ കബളിപ്പിക്കുന്നതുപോലെ തോന്നും. അതുകൊണ്ട് പൂർണമായും ഹൊറർ തന്നെ ആയിരിക്കണം എന്ന്.
സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിയാണോ ചിത്രം കഥപറയുന്നത്
ഇന്ന് പത്രമെടുത്ത് നോക്കിയാൽ അല്ലെങ്കിൽ ടെലിവിഷൻ ഓൺചെയ്താൽ നമ്മൾ കാണുന്നത് നാലോ അഞ്ചോ പീഡനകഥകളാണ്. ഇതിന് ഒരു അവസാനം ഇല്ലേ എന്ന് ഒരു അച്ഛൻ എന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഉണ്ടായ ഒരു ചോദ്യമാണ്. അങ്ങനെയാണ് എന്റെ സിനിമയുടെ വിഷയം അതാവണം എന്ന് തിരഞ്ഞെടുത്തത്. ഇഷ എന്ന പെൺകുട്ടി ഇതിലെ നായികയാണ്. അവൾക്ക് 15 വയസ്സാണ്. ആ കുട്ടി മൃഗീയമായി കൊല്ലപ്പെടുന്നു. നിയമമോ നിയമപാലകരോ ആ പെൺകുട്ടിക്കോ കുട്ടിയുടെ അമ്മയ്‌ക്കോ നീതികൊടുക്കുന്നില്ല. പിന്നെ ആ പെൺകുട്ടിക്ക് എങ്ങനെ നീതി ലഭിക്കുന്നു എന്നുള്ളിടത്താണ് ഇഷയുടെ കഥ ആരംഭിക്കുന്നത്. അവിടെനിന്നാണ് ഇതൊരു ഹൊറർ ജോണറിലേക്ക് പോകുന്നത്.