ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ആഹായുടെ ടീസർ യൂട്യൂബിൽ മുന്നേറുന്നു. മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.
കേരളത്തിന്റെ തനത് കായികവിനോദമായ വടംവലിയെ പശ്ചാത്തലമാക്കി, സംഗീതത്തിനും പ്രണയത്തിനും കുടുംബബന്ധങ്ങൾക്കുമെല്ലാം ഒരേപോലെ പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്ക് എത്തുന്നത്.
84-ൽപരം ലൊക്കേഷനുകളിലായി ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹായുടെ ചിത്രീകരണം പൂർത്തീകരിച്ചത്.
സാസാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സംവിധാനംചെയ്യുന്ന ചിത്രംആഹാ ഒരു മുഴുനീള സ്പോർട്സ് ഡ്രാമയാണ്.
ദിവസങ്ങളോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാതാരങ്ങളും വടംവലിയിലെ യഥാർഥ ഹീറോകളും മറ്റ് അഭിനേതാക്കളും ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ശാന്തി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സയനോര ഫിലിപ്പാണ്. സയനോര ഫിലിപ്, ജുബിത് നമ്പ്രാടത്ത്, ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.