സൂര്യ ടി.വി.യിൽ കായംകുളംകൊച്ചുണ്ണി എന്ന പ്രോഗ്രാം ജനപ്രീതി നേടി ഓടുന്ന കാലം. സ്‌ക്രിപ്റ്റ് റൈറ്റർ അനിൽ ജി.എസ്. എന്റെ സുഹൃത്തായിരുന്നു. കോഴിക്കോട്ടെ എന്റെ മിമിക്രി, നാടകസുഹൃത്തുക്കളായ ശശി എരഞ്ഞിക്കലും ഹരീഷ് പേരടിയും ഒക്കെ കായംകുളം കൊച്ചുണ്ണിയിൽ തിളങ്ങിനിൽക്കുന്ന സമയം. അങ്ങനെ ഒരു ദിവസം എനിക്കും വന്നു, കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽനിന്ന് ഒരു വിളി. സ്‌ക്രിപ്‌റ്റ് റൈറ്റർ അനിൽ ജി.എസ്. പറഞ്ഞിട്ട് വിളിക്കുകയാണ്. കൊച്ചുണ്ണിയിൽ ഒരു വേഷം വന്നിട്ടുണ്ട്. നാളെത്തന്നെ പുറപ്പെടാൻ. 15 ദിവസം തുടർച്ചയായി ഷൂട്ടിങ് ഉണ്ടാകും എന്ന്. സന്തോഷായി. മിമിക്രിയും നാടകവും നാടാകെ കളിച്ചോണ്ടിരിക്കുന്ന സമയത്താണ് ടി.വി.യിലേക്കുള്ള ക്ഷണം. അതും സൂപ്പർ ഹിറ്റായി നിൽക്കുന്ന സീരിയലിലേക്ക്. രാത്രിതന്നെ പോകാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. അമ്മ പറഞ്ഞു, മോനേ മറ്റ് സീരിയലുകൾപോലെയല്ല കായംകുളം കൊച്ചുണ്ണി. കാട്ടിലും മലയിലും പുഴയിലും മറ്റുമാണ് അതിന്റെ ഷൂട്ടിങ് നടക്കുന്നത്. നിനക്ക് പരിചയമില്ലാത്ത മേഖലയാണ്. നീന്താനും നിനക്കറിയില്ല. സൂക്ഷിക്കണം. അമ്മയെ ഞാൻ സമാധാനിപ്പിച്ചു. പിറ്റേന്ന് കാലത്ത് പുറപ്പെട്ടു.
ശനിയന്റെ ശനി
അതിരപ്പിള്ളിക്കടുത്ത് ഒരു കാട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ലൊക്കേഷനിൽ ചെന്ന്, സ്‌ക്രിപ്റ്റ് റൈറ്റർ കോഴിക്കോട്ടുകാരനായ സുഹൃത്ത് അനിൽ ജി. എസിനെ കണ്ടു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. ശനിയൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു രസികൻ കഥാപാത്രമാണ്. സീരിയൽനടൻ കിഷോർ ചെയ്യുന്ന വില്ലൻവേഷം നാരായൻ എന്ന കഥാപാത്രത്തിന്റെ ശിങ്കിടി. ഒരുപാട് അബദ്ധങ്ങൾ കാണിക്കും, ഒരുപാട് തല്ല് കിട്ടും എന്നൊക്കെ പറഞ്ഞു. മുടികെട്ടിവെക്കുന്നതൊക്കെ ഒരു പ്രത്യേക സ്റ്റൈലിലാണ് എന്നൊക്കെ അനിൽ ജി. എസ്. പറഞ്ഞു. സംവിധായകൻ വേണു സാറിന് എന്നെ പരിചയപ്പെടുത്തി. നാളെ രാവിലെയാണ് ഷൂട്ട് തുടങ്ങുക. ഇപ്പോൾ ഹോട്ടലിലേക്ക് പോകാം. കുറച്ചുനേരം ഷൂട്ടിങ് നടക്കുന്നത് കണ്ടു. പ്രകൃതിമനോഹരമായ വാഴച്ചാലിന്റെ ഓരങ്ങളിലാണ് ഷൂട്ട്. കുറേപ്പേർ പുഴയിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നു. അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു, ഷൂട്ടില്ലാത്ത താരങ്ങൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും ചൂണ്ടൽ കൊടുക്കും. മീൻ പിടിച്ചോളണം. രാത്രി ഭക്ഷണത്തിന്. പൊരിച്ചും കറിവെച്ചും തിന്നാം. കേട്ടപ്പോൾ സന്തോഷംതോന്നി. നാളെമുതൽ ഞാനും ഈ സെറ്റിലെ ഒരംഗമാകും എന്ന പ്രതീക്ഷയോടെ ഹോട്ടലിലേക്ക്. റിസപ്ഷനിസ്റ്റ് പറഞ്ഞു, റൂമിൽ രണ്ടുപേരാണ്. ഇപ്പോ റൂമിൽ ആരുമില്ല. രാത്രി വൈകി ഒരാളുകൂടി ഉണ്ടാകും. ഡബിൾ റൂമാണെന്ന് പറഞ്ഞു. ഞാൻ റൂമിലേക്ക് പോയി. നാളത്തെ ഷൂട്ടിങ്ങും എന്റെ കഥാപാത്രത്തെക്കുറിച്ചുമെല്ലാം ചിന്തിച്ച് ഉറങ്ങാൻ കിടന്നു. റൂമിലേക്ക് ഒരാളുകൂടെ വരാനുണ്ട്. മനസ്സിനിഷ്ടപ്പെടുന്ന ഒരാളായാൽ മതിയായിരുന്നു എന്ന് പ്രാർഥിച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം പിടിച്ചുവരുമ്പോൾ കോളിങ് ബെൽ ശബ്ദിച്ചു. ലൈറ്റിട്ടു. സമയം 2.30 കഴിഞ്ഞിരിക്കുന്നു. വാതിൽ തുറന്നു. എന്റെ മുമ്പിൽ നിൽക്കുന്ന ആളെക്കണ്ട് ഞാൻ ശരിക്കും ഞെട്ടി. സ്വപ്‌നമാണോ എന്ന് തെറ്റിദ്ധരിച്ചു. അല്ല സ്വപ്‌നമല്ല പുഞ്ചിരിക്കുന്ന മുഖവുമായി അയാൾ എന്നോട് നമസ്‌കാരം പറഞ്ഞു. ഞാൻ ഒരുപാട് ആരാധിക്കുന്ന, എൺപതുകളിലെ യുവതീയുവാക്കളുടെ ഹരമായ കവി. സാക്ഷാൽ ബാലചന്ദ്രൻ ചുള്ളിക്കാട്. അദ്ദേഹം റൂമിനകത്തേക്ക് കയറി. വാതിലടച്ചു. ബാഗ് മേശമേൽ വെച്ച് കട്ടിലിൽ ഇരുന്നു. ഞാൻ അദ്ദേഹത്തിന് അഭിമുഖമായും ഇരുന്നു. പിന്നെ സാറെന്റെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു.
സാറിന്റെ ‘ആനന്ദധാര’, ‘ഓർമകളിലെ ഓണം’ എന്നീ കവിതകൾ പാടി കോളേജിൽ എനിക്ക് സമ്മാനം കിട്ടിയ കഥകൾ പറഞ്ഞു. അർധരാത്രിയിൽ ആ റൂമിലിരുന്ന് ഞാൻ ഏറെ ആരാധിച്ചിരുന്ന കവിയുടെ മുൻപിലിരുന്ന് ആ കവിതകൾ ഒരിക്കൽക്കൂടി പാടി. സാറ് അത് ആസ്വദിച്ചു. ഓർമകളിലെ ഓണവും ആനന്ദധാരയുമെല്ലാം എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചെല്ലാം ഞാൻ സാറിനോട് സംസാരിച്ചു. വളരെ സരസമായി സാറെനിക്ക് മറുപടി നൽകി. വളരെ പെട്ടെന്ന്, ഞങ്ങൾ നേരത്തേ പരിചയമുള്ളവരെപ്പോലെയായി. സംസാരിച്ചും വിശേഷങ്ങൾ പങ്കിട്ടും നേരം പോയതറിഞ്ഞില്ല. എനിക്ക് രാവിലെ ഷൂട്ട് ഉള്ളതാണ്. പരസ്പരം ശുഭരാത്രി പറഞ്ഞ് ഉറങ്ങാൻകിടന്നു. സത്യത്തിൽ കിടന്നിട്ടും ഉറക്കം വന്നില്ല. വലിയ അദ്ഭുതമായി തോന്നി കഴിഞ്ഞ നിമിഷങ്ങൾ. അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രശസ്തനായ കവിയുടെ കൂടെ ഒരു റൂമിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം. നാളെ നേരം വെളുത്തിട്ടുവേണം കൂട്ടുകാരോടും വീട്ടുകാരോടുമെല്ലാം ഈ വിവരം വിളിച്ചുപറയാൻ. ചുള്ളിക്കാടിന്റെ കവിതകളോടൊക്കെ എനിക്ക് ഭ്രമം തോന്നാൻ കാരണം എന്റെ സഹോദരൻ മനോജേട്ടനാണ്. ഏട്ടനോട് ഈ കാര്യം പറഞ്ഞാൽ ഏട്ടനും ഒത്തിരി സന്തോഷമാവും. അങ്ങനെയങ്ങനെ പല ചിന്തകളിലൂടെ സഞ്ചരിച്ച് ഒടുവിൽ എപ്പഴോ ഉറങ്ങി. കാലത്ത് നേരത്തേ എഴുന്നേറ്റ് റെഡിയായി. സാറ് ഉറങ്ങുകയാണ്. ഉണർത്തണോ വേണ്ടയോ എന്ന ചിന്തയായി. ഉണർന്നാൽ സാറിന്റെ അരികിൽനിന്ന് അനുഗ്രഹം വാങ്ങി പോകാം. ഞാൻ വിളിച്ചു, സാർ ഉണർന്നു. പോവുകയാണെന്ന് പറഞ്ഞ എന്നെ സാറ് അനുഗ്രഹിച്ചു. സാറിന് ഉച്ചയാവുമ്പോഴേ സീൻ ഉള്ളൂന്ന് പറഞ്ഞു. ഞാൻ ലൊക്കേഷനിലേക്ക്.
സ്‌ക്രിപ്റ്റ് റൈറ്റർ അനിൽ മേക്കപ്‌മാനോട് എന്റെ കഥാപാത്രം പറഞ്ഞുകൊടുത്തു. മേക്കപ്‌മാന്റെ മുൻപിൽ ഞാൻ ഒരു അരമണിക്കൂർ ഇരുന്നു. ഒടുവിൽ കണ്ണാടി കാണിച്ചപ്പോൾ ഞാൻതന്നെ ഞെട്ടിപ്പോയി. അത്രയ്ക്ക് വ്യത്യസ്തമായിരുന്നു മുഖവും രൂപവും. വേഷംകൂടി ആയപ്പോൾ എന്നെ കാണുന്നവരൊക്കെ ചിരിക്കാൻ തുടങ്ങി. കണ്ടാൽ നല്ല കോമഡി ലുക്ക്. അതാണ് കഥാപാത്രം. കഥാകൃത്ത് അനിൽ ജി.എസ്. കൂടെ അഭിനയിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തി. വില്ലൻകഥാപാത്രം ചെയ്യുന്നത്, ഇന്ന് സിനിമയിലെല്ലാം സ്ഥിരസാന്നിധ്യമായ കിഷോർ ആണ്. നാരായൺ എന്ന കഥാപാത്രം. പരിചയപ്പെട്ടു. നല്ല ആരോഗ്യവാനായ സുന്ദരനായ ചെറുപ്പക്കാരൻ-ഏകദേശം മോഹൻലാലിനെപ്പോലെയൊക്കെ തോന്നും. ഇയാൾടെ കൈയിൽ നിന്നാണല്ലോ ഒരുപാട് അടിയും തൊഴിയും എനിക്ക് കിട്ടുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഡയറക്ടർ വന്ന് കഥാകൃത്തിനോട് പറഞ്ഞു, ഇനി നമുക്ക് വിനോദിന്റെയും കിഷോറിന്റെയും സീനെടുക്കാം. സീൻ കഥാകൃത്ത് സംവിധായകൻ വേണുസാറിന് കൊടുക്കുന്നു. സാറ് ശ്രദ്ധയോടെ വായിക്കുന്നു. ഞാനും കിഷോറും ആകാംക്ഷയോടെ നോക്കിനിൽക്കുന്നു. സ്‌ക്രിപ്റ്റിൽനിന്ന് മുഖമെടുത്ത് സംവിധായകൻ കഥാകൃത്തിനോട് പറഞ്ഞു, വിനോദിനെ നമ്മൾ ഏത് കയത്തിലേക്ക് തള്ളിയിടും?
ഇത് കേട്ടതും എന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങി. വിയർക്കാൻ തുടങ്ങി. ഞാൻ മാറി മാറി സംവിധായകനെയും കഥാകൃത്തിനെയും നോക്കി. പക്ഷേ, അവരുടെ ശ്രദ്ധ തൊട്ടടുത്തുള്ള കയങ്ങളിലേക്കായിരുന്നു.
കയത്തിൽ തള്ളിയ സീൻ
കസേരയിൽ ഇരിക്കുന്ന കഥാകൃത്തിനോട് ഞാൻ ചോദിച്ചു. അല്ല അനിലേട്ടാ എന്താപ്പം ഫസ്റ്റ് സീൻ.
ങ്ഹാ... ഫസ്റ്റ് സീൻ നിന്നെ ഒരു പാറയുടെ മുകളിൽനിന്ന് നാരായൻ എന്ന വില്ലൻ ചവിട്ടി ഒരു കയത്തിലേക്ക് തള്ളിയിടുന്നതാണ്. ഇത്രയും കേട്ടതും ഞാൻ അനിലേട്ടന്റെ കാല് പിടിച്ച് പറഞ്ഞു. അനിലേട്ടാ എനിക്ക് നീന്തൽ അറിയില്ലാട്ടോ. എന്റെ മുഖഭാവം കണ്ട് അദ്ഭുതത്തോടെ മൂപ്പരെന്നോട് തിരിച്ച് ചോദിച്ചു.
ശരിക്കും അറിയില്ല?
ഇല്ല എന്ന് ഞാൻ തലയാട്ടി.
ശ്ശെ! ആകെ പ്രശ്നമാവുമല്ലോ. എന്താണ് വിനോദേ നീന്തലൊന്നും പഠിക്കാഞ്ഞേ. എന്താ പ്രശ്നംന്നറിയോ? വേണുസാറ് ഭയങ്കര ചൂടനാ. നിനക്ക് നീന്തൽ അറിയില്ലെന്ന് പറഞ്ഞാൽ എന്തൊക്കെയാ മൂപ്പര് പറയാന്നറിയില്ല.
എനിക്ക് ടെൻഷൻകൂടി. ഹൃദയമിടിപ്പും. വീട്ടീന്ന് യാത്രയാകുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു. അനിലേട്ടാ ഇങ്ങളൊന്ന് ചെന്ന് ഡയറക്ടറോട് മയത്തില് പറഞ്ഞ് നോക്കി.
ന്നാ വാന്ന് പറഞ്ഞ് എന്നേയും കൂട്ടി ഡയറക്ടറുടെ അടുത്തേക്ക്. അപ്പോഴേക്കും ഡയറക്ടറും സംഘവും എന്നെ തള്ളിയിടാനുള്ള കയം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഡയറക്ടർ പറയുന്നു, ക്യാമറ മുന്നോട്ടെടുത്തോളൂന്ന്. അനിലേട്ടൻ ഡയറക്ടറെ മാറ്റിനിർത്തി കാര്യം അവതരിപ്പിച്ചു. ഇതിനിടെ ഞാൻ കയത്തിലേക്ക് ഒന്ന് നോക്കി. ഇതിലേക്ക് എന്നെ തള്ളിയിട്ടാൽ അതോടെ തീരും എന്റെ ജീവിതം എന്ന് ഞാൻ ചിന്തിച്ചു. ഡയറക്ടറുടെ അടുത്ത് പറയലും ഡയറക്ടർ എന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി. ശരിക്കും ഞാൻ ദഹിച്ചുപോയി. പിന്നെ എന്റെ നേർക്ക് സാറ് ഒരു വരവ് വന്നു. ഓടി രക്ഷപ്പെട്ടാലോന്ന് തോന്നിപ്പോയി.
ഒരു അറിയപ്പെടുന്ന തെറിവാക്ക് ഉപയോഗിച്ചായിരുന്നു സാറ് എന്നോട് പ്രതികരിച്ചത്. ഈ അഭിനയിക്കാനൊക്കെ വരുമ്പം നീന്തലും ഡ്രൈവിങ്ങുമൊക്കെ പഠിച്ചിരിക്കണം. മനസ്സിലായോ? ഞാൻ ഒന്നും മിണ്ടിയില്ല. അച്ചടക്കമുള്ള കുട്ടിയെപ്പോലെ നിന്നു. ഉടനെ ഡയറക്ടർ അസോസിയേറ്റിനോടും ആർട്ട് ഡയറക്ടറോടും ആഴംകുറഞ്ഞ ഒരു കയം നോക്കാൻ ആജ്ഞകൊടുത്തു. കേട്ടതും അവർ ഓടി. ഡയറക്ടർ സ്‌ക്രിപ്റ്റും പിടിച്ച് ദേഷ്യത്തിൽ ഉലാത്തിക്കൊണ്ടിരുന്നു. എന്തായാലും വെള്ളത്തിൽ തള്ളിയിടാതിരിക്കാൻ പറ്റില്ല- ആഴക്കുറവുള്ള കയം കണ്ടുപിടിക്കട്ടെ. ദാ ഇനി ഡയലോഗ് പഠിക്കി. ഇനി അതും തെറ്റിക്കണ്ടാന്നും പറഞ്ഞ് ഡയറക്ടർ പോയി.
അനിലേട്ടനോട് ഞാൻ ചോദിച്ചു- എന്തൊക്കെയാ ഡയലോഗ്.
ഏയ് ഡയലോഗ് ഒന്നൂല്ല്യ. കയത്തിൽ വീണാൽ അയ്യോ എന്നെ രക്ഷിക്കണേന്നും പറഞ്ഞ് കരയ്യ്യാ. പാറമുകളിൽനിന്ന് നാരായൻ ചിരിക്കും.
ആ ഡയലോഗ് പിന്നെ പഠിക്കേണ്ട കാര്യമില്ല. ഞാൻ എന്തായാലും പറയും. അടുത്ത നിമിഷം ആഴക്കുറവുള്ള കയം കണ്ടെത്താൻപോയവർ എത്തി. ക്യാമറയും സന്നാഹവും അങ്ങോട്ട്. ന്നാ ചെല്ല് എന്ന് അനിലേട്ടൻ
അനിലേട്ടാ നിങ്ങളുംകൂടെ വരി ഒരു ധൈര്യത്തിന്. ഇവിടെ ഇപ്പം എനിക്ക് ഇങ്ങളെ മാത്രമേ പരിചയമുള്ളൂ. അതോണ്ടാ. എന്റെ
ദയനീയാവസ്ഥകണ്ട് അനിലേട്ടനും വന്നു. സ്ഥലത്തെത്തി. ഉയരമുള്ള ഒരു പാറയുടെ പുറകിൽ ഒരു കയം.
ഡയറക്ടർ ആർട്ട് ഡയറക്ടറോട് ചോദിക്കുന്നത് കേട്ടു. ആഴമില്ലല്ലോ.
ഇല്ല സാർ എന്നുപറഞ്ഞ് ആർട്ട് ഡയറക്ടർ കയത്തിലേക്ക് ചാടി. കഴുത്തുവരെ വെള്ളത്തിൽനിന്ന് പറഞ്ഞു. ഇത്രയേ ആഴമുള്ളൂ.
ആ അത് കൊഴപ്പമില്ല്യാന്ന് ഡയറക്ടർ. എന്റെ മനസ്സ് പറഞ്ഞു. എനിക്കതും കുഴപ്പാ- ചാടിയ ആൾ എന്നേക്കാൾ ഉയരമുള്ള ആളാ. അയാൾക്ക് കഴുത്തിനുവരെ വെള്ളംന്ന് പറയുമ്പോൾ- ഞാൻ മുങ്ങും ഉറപ്പ്. പിന്നെ ഒന്നും പറഞ്ഞില്ല. സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചു. ഒപ്പം ഇങ്ങനെ ഒരവസ്ഥയെക്കുറിച്ച് പറഞ്ഞ അമ്മയെയും. ഞാൻ പാറയുടെ അറ്റത്ത് വില്ലൻ നാരായൻ എന്ന കിഷോറിനെ നോക്കിനിന്നു. ആക്ഷൻ പറഞ്ഞാൽ ചവിട്ടിക്കൊള്ളണം എന്ന് ഡയറക്ടർ. കിഷോറിന്റെ കൈപിടിച്ച് അനുഗ്രഹം വാങ്ങി സ്വകാര്യത്തിൽ പറഞ്ഞു. ഒരു മയത്തിലൊക്കെ ചവിട്ടണേ. കിഷോർ ധൈര്യം തന്നു. ആക്ഷൻ പറയുന്നതിനുമുൻപ് സാറ് പറഞ്ഞു. വിനോദേ വീണ ഉടനെ വെള്ളത്തിൽ കിടന്ന് പിടഞ്ഞ് രക്ഷിക്കണേ രക്ഷിക്കണേന്ന് പറഞ്ഞേക്കണേന്ന്.
ഫുൾ ക്രൂ ആ രംഗം കണ്ടോണ്ടിരിക്ക്യാണ്. ഡയറക്ടർ ആക്ഷൻ പറഞ്ഞു. നാരായൻ ചവിട്ടി. ഞാൻ കയത്തിൽ വെള്ളത്തിൽ കിടന്ന് പറയേണ്ട ഡയലോഗ് ഒക്കെ വളരെ തന്മയത്വത്തോടെ പറഞ്ഞു. വീണവീഴ്ചയിൽ മുങ്ങി. മൂക്കിലും ചെവിയിലും ഒക്കെ വെള്ളം കേറി. കുറേ വെള്ളം കുടിക്കുകയും ചെയ്തു. ഡയലോഗ് പറഞ്ഞതിനുശേഷം നിലകിട്ടാതെ ഞാൻ വെപ്രാളം കാണിക്കുന്നത് കണ്ടപ്പോൾ ഡയറക്ടർ ആർട്ട് ഡയറക്ടറോട് പറഞ്ഞു. ടോ ചാടി അവനെ കരയ്ക്ക് കയറ്റ്. രക്ഷകനെപ്പോലെ ആർട്ട് ഡയറക്ടർ ചാടിവന്നു- എന്നേയും പിടിച്ച് കരകയറ്റി. ഒരു ചെറിയ പാറയിൽ ചാരിയിരിക്കുന്ന എന്നെ കണ്ട് എല്ലാവരും ചിരിച്ചു. എനിക്ക് മാത്രം ചിരിവന്നില്ല. കൂട്ടുകാരനും കഥാകൃത്തുമായ അനിലേട്ടൻ വന്ന് മുട്ടുകുത്തി ഇരുന്ന് എന്നോട് ചോദിച്ചു- എങ്ങനെണ്ട്.
ഞാൻ ചിരിച്ചോണ്ട് കുഴപ്പല്ല്യാന്ന് പറഞ്ഞു.
ചിരിച്ചുകൊണ്ട് അനിലേട്ടൻ പറഞ്ഞു. ഇത് തുടക്കം മാത്രം. സാമ്പിൾ വെടിക്കെട്ട്. ഇനി എന്തൊക്കെ വരാനിരിക്കുന്നു ശനിയൻ എന്ന കഥാപാത്രത്തിന്. അനിലേട്ടൻ പറഞ്ഞത് സത്യമായിരുന്നു. രണ്ടുമാസംകൊണ്ട് എന്റെ കഥാപാത്രത്തിന് കിട്ടിയ തല്ലും വീണ വീഴ്ചയും ഒന്നും മറക്കാൻ പറ്റില്ല- എന്നാലും ഒരു രസമായിരുന്നു ആ കൊച്ചുണ്ണിക്കാലം.