ജെയിംസ് ബോണ്ട് ആരാധകർ ഇനിയും കാത്തിരുന്നേ മതിയാകൂ. പുതിയ ചിത്രമായ നോ ടൈം ടു ഡൈ റിലീസ് നീട്ടിവച്ചു. കൊറോണ വൈറസ് വ്യാപനം വിനോദവ്യാവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഡാനിയൽ ക്രെയ്ഗ് ജീവൻ നൽകുന്ന  ജെയ്‌സ്‌ബോണ്ടിന്റെ പുതിയ അവതാരം ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ആഗോള റിലീസ് നവംബറിലേക്ക് നീട്ടിയതായി നിർമാതാക്കൾ അറിയിച്ചു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സാണ് വിതരണം.

കൊറോണാ വൈറസ് ഭീതിയാണ് റിലീസ് നീട്ടാനുള്ള കാരണമെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നില്ല. എങ്കിലും കൊറോണ പടർന്ന രാജ്യങ്ങളിൽ തിയേറ്ററുകൾ പൂട്ടിയതുതന്നെയാണ് നോ ടൈം ടു ഡൈ നിർമാതാക്കളെ പിന്തിരിപ്പിച്ചത്. യു.എസ്-കാനഡ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ് ചൈന. ഇന്ത്യയിൽ നിന്നുള്ള സിനിമകൾക്കുപോലും അടുത്തിടെയായി വലിയ കളക്ഷനാണ് ചൈന നൽകുന്നത്. ഡിസംബറിൽ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതുമുതൽ ഇവിടെ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവർഷം സിനിമാ വ്യവസായത്തിന്റെ ആഗോള വരുമാനം എടുത്താൽ 20 ശതമാനത്തിൽ ഏറെയായിരുന്നു ചൈനയുടെ സംഭാവന. ഇത്തവണ ചൈനയിലെ പ്രധാനപ്പെട്ട അവധിക്കാലങ്ങളിലൊന്നാണ് കൊറോണ പടർന്നത്. ഇതോടെ വലിയ തിരിച്ചടിയാണ് വിനോദവ്യവസായത്തിന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ 1.76 ബില്യൺ ഡോളറിന്റെ വരുമാനം ഇത്തവണ 4.2 മില്യൺ ഡോളറായി ഇടിഞ്ഞു.

ചൈനയിലെ പ്രതിസന്ധിക്ക് പിന്നാലെ മറ്റ് പ്രധാന വിപണികളായ ഇറ്റലി, സൗത്ത് കൗറിയ, ജപ്പാൻ എന്നിവിടങ്ങളിലും കൊറോണ പടർന്നതോടെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കുകയാണ്. സൗത്ത് കൊറിയയിൽ 70 ശതമാനത്തിന്റെ ഇടിവാണ് വരുമാനത്തിൽ ഫെബ്രുവരി മാസം ഉണ്ടായിട്ടുള്ളത്. ഇറ്റലിയിൽ പകുതിയോളം തിയേറ്ററുകൾ പൂട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയാണ് കോവിഡ് -19 സ്ഥിരീകരിച്ച ആദ്യ യൂറോപ്യൻ രാജ്യം. എന്നാൽ ഫ്രാൻസ് പോലുള്ള അയൽ രാജ്യങ്ങളും ഇപ്പോൾ ഭീതിയിലാണ്. കൊറോണവ്യാപനം മൂലമുള്ള അനിശ്ചിതാവസ്ഥ പല സിനിമകളുടെയും ചിത്രീകരണത്തെയും ബാധിച്ചിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള oo7 ഏജന്റ് ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് വലിയ കളക്ഷനാണ് യു.എസിന് പുറത്ത് ലഭിക്കാറുള്ളത്. ഈ വരുമാനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ ഇടിവാണ് റിലീസ് നീട്ടാൻ കാരണം. നോ ടൈം ടു ഡൈയ്ക്ക് പുറമെ മറ്റ് ചില പ്രധാന ചിത്രങ്ങൾ കൂടി 'കൊറോണ'യിൽ നിന്ന് സമാന ഭീഷണി നേരിടുന്നു. മാർച്ച് 27ന് ഡിസ്‌നി പ്രദർശനത്തിന് എത്തിക്കാനിരുന്ന അമേരിക്കൻ ആക്ഷൻ ഡ്രാമ മ്യുലനാണ് റിലീസ് മാറ്റാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.

ഓസ്‌കാറിൽ തിളങ്ങിയ ജോജോ റാബിറ്റ്, 1917 എന്നീ ചിത്രങ്ങളുടെ ചൈനീസ് റിലീസ് ഫെബ്രുവരിയിൽ വേണ്ടെന്ന് വച്ചിരുന്നു. മിഷൻ ഇംപോസിബിൾ സെവനിന് വേണ്ടി വെനിസിൽ നിശ്ചയിച്ചിരുന്ന ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. സിനിമകൾക്ക് പുറമെ വെബ്‌സീരിസുകളും ഫിലിം ഫെസ്റ്റിവലുകളുമെല്ലാം സമാനമായ വെല്ലുകളിൽ നേരിടുകയാണ്.