ജ്യേഷ്ഠന്റെ സിനിമയിൽ നായികയായി അനുജത്തി ,മകന്റെ സിനിമ രചിച്ച് അച്ഛൻ,അനുജന്റെ സിനിമ നിർമ്മിച്ച് ജ്യേഷ്ഠൻ .മലയാള സിനിമയുടെ അണിയറയിൽ കുടുംബകൂട്ടായ്മകൾ ശക്തമാകുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ് കുടുംബസംഗമചിത്രങ്ങളിൽ ഒന്നാമത്തെത്.
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാറിൽ ഇരു താരകുടുംബങ്ങളിൽനിന്നും രണ്ടുപേരാണ് ഒന്നിക്കുന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ കല്യാണിയും ചിത്രത്തിൽ വേഷമിടുന്നു
ലാലിന്റെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ടിസുനാമി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ലാൽതന്നെ. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയും.
ലാലിന്റെ മരുമകനായ ബാലു വർഗീസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്നസെന്റ്, മുകേഷ്. അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് നിർമാണം.
മഞ്ജുവാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യർ സംവിധാനംചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവാര്യർ നിർമിക്കുന്ന ആദ്യ കൊമേഴ്‌സ്യൽചിത്രംകൂടിയായ ലളിതം സുന്ദരത്തിൽ ബിജുമേനോനാണ് നായകൻ. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സെറീനാ വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മഞ്ജുവാര്യർ പ്രൊഡക്‌ഷൻസും സെഞ്ച്വറി പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം.
സഹോദരൻ അനൂപ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമാതാവായി നടൻ ദിലീപ്. തട്ടാശ്ശേരി കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ദിലീപ് ചിത്രം നിർമിക്കുന്നത്.ഈ പുതുവർഷത്തിൽ ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഞാൻ നിർമിച്ച് എന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു എന്ന കുറിപ്പുമായാണ് ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
രൺജിപണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ്ഗോപിചിത്രം കാവലും അണിയറയിൽ ഒരുങ്ങുകയാണ്.