സ്റ്റൈൽ മന്നൻ രജനികാന്തും സംവിധായകൻ സിരുത്തൈ ശിവയും ഒന്നിക്കുന്ന ചിത്രത്തിന് അണ്ണാത്തെയെന്ന് പേരിട്ടു. സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവിട്ടു. അജിത്ത് നായകനായെത്തിയ വിശ്വാസത്തിനുശേഷം ശിവ ഒരുക്കുന്ന ചിത്രമാണിത്.
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്‌ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും അണ്ണാത്തെയെന്നാണ് അണിയറയിൽനിന്നുള്ള സംസാരം. ദർബാറിനുശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡി. ഇമ്മൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
കൈതി ഹിന്ദിയിലേക്ക് അജയ് ദേവ്ഗൺ നായകൻ
കോളിവുഡിൽനിന്ന് കോടികൾ കൊയ്ത കാർത്തിചിത്രം കൈതി ഹിന്ദിയിലേക്ക്. അജയ് ദേവ്ഗൺ ഹിന്ദിയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. അടുത്തവർഷം ഫെബ്രുവരി 12-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അജയ് ദേവ്ഗൺ അറിയിച്ചു. റിയലൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയർ പിക്ചേഴ്സുമായി ചേർന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക്. ‘മാനഗരം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് കൈതി തമിഴിൽ സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദിയിൽ ആരാണ് ചിത്രം ഒരുക്കുന്നതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഒറ്റരാത്രി നടക്കുന്ന ക്രൈംത്രില്ലറാണ് കൈതി, മലയാളിതാരങ്ങളായ നരേനും ഹരീഷ് പേരടിയും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്തിരുന്നു.
ജോജു ജോർജ്ജും ലെനയും ആർട്ടിക്കിൾ 21
വാക്ക് വിത്ത് സിനിമ പ്രസൻസിന്റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും നിർമ്മിച്ച് ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണു ആർട്ടിക്കിൾ 21.ജോജു ജോർജ്ജ്,ലെന,അജു വർഗ്ഗീസ്,ബിനീഷ് കോടിയേരി,മാസ്റ്റർ ലെസ്‌വിൻ,മാസ്റ്റർ നന്ദൻ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഷ്കർ ആണ്.ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു.സിനിമയുടെ കലാസംവിധാനം അരുൺ പി അർജ്ജുൻ നിർവ്വഹിച്ചിരിക്കുന്നു.മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റഷീദ് അഹമ്മദാണ്.വസ്ത്രാലങ്കാരം പ്രസാദ് ആനക്കര,പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ,പി.ആർ.ഒ - എ.എസ് ദിനേഷ്,സ്റ്റിൽസ് - സുമിത് രാജ്, ചീഫ് അസ്സോസിയേറ്റ് - ലിദേഷ് ദേവസി,അസോസിയേറ്റ്- ഇംതിയാസ് അബൂബക്കർ.