തിയേറ്ററുകളിലേക്ക് ദിനോസറുകളുടെ ചുവടുവെപ്പിന് ഇനി അധികം കാത്തിരിക്കേണ്ട. ആരാധകർക്ക് ആവേശം പകർന്ന് ജുറാസിക് വേൾഡ് മൂന്നാംഭാഗത്തിന്റെ പേര് പുറത്തുവിട്ടു. ‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ എന്നാണ് മൂന്നാംഭാഗത്തിന്റെ പേര്. അഗ്നിപർവതസ്‌ഫോടനങ്ങളിൽനിന്ന് ജുറാസിക് ദ്വീപിലെ ദിനോസറുകളെ രക്ഷപ്പെടുത്തുന്നതിന്റെ കഥ പറഞ്ഞ 'ജുറാസിക് വേൾഡ് ഫാളൻ കിങ്ഡം' വൻവിജയമായിരുന്നു. ഇതിനുശേഷം ഏറെക്കാലമായി ജുറാസിക് വേൾഡ് 3-നെക്കുറിച്ചുള്ള ചർച്ചകൾ ഹോളിവുഡിൽ സജീവമാണ്. സംവിധായകൻ കൊളിൻ ട്രെവോറോയാണ് മൂന്നാംഭാഗത്തിന്റെ പേര് റിലീസ് ചെയ്തത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്നും ട്രെവോറോ ട്വിറ്ററിലൂടെ അറിയിച്ചു.
ദിനോസർ പരമ്പരയിൽ ട്രെവോറോ സംവിധാനംചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ജുറാസിക് പാർക്കിന്റെ പ്രഥമസംവിധായകൻ സ്റ്റീഫൻ സ്പിൽബെൽഗിനൊപ്പം പ്രവർത്തിച്ച പരിചയവും ട്രെവോറോയ്ക്കുണ്ട്.
ഡേ വൺ ജുറാസിക് വേൾഡ് എന്ന ഹാഷ് ടാഗോടെ ചിത്രീകരണത്തിന്റെ ആദ്യദിനത്തിലെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. നടൻ ക്രിസ് പ്രാറ്റും പുതിയ സിനിമയെക്കുറിച്ച് ട്വീറ്റ് ചെയ്തു. ജുറാസിക് പാർക്ക് മൂവി സീരീസിലെ അഞ്ചാമത്തെതും ജുറാസിക് വേൾഡിലെ രണ്ടാമത്തെതുമായ ജുറാസിക് വേൾഡ് ഫാളൻ കിങ്ഡം എന്ന സിനിമ 2018-ലാണ് പുറത്തിറങ്ങിയത്. ജെ.എ. ബയോണയായിരുന്നു രണ്ടിന്റെ സംവിധാനം. തിരക്കഥ തയ്യാറാക്കിയത് ട്രെവോറോയും. അഞ്ച് സിനിമകളിലൂടെ 500 കോടി ഡോളറാണ് ജുറാസിക് ഫ്രാഞ്ചൈസ് ഇതുവരെ നേടിയത്. ജുറാസിക് വേൾഡ് ഡൊമിനിയൻ 2021 ജൂണിൽ ചിത്രം തിയേറ്ററുകളിലെത്തും. സാം നെയ്‌ൽ, ലൗറ ഡേൺ, ജെഫ് ഗോൾഡ്ബ്ലം തുടങ്ങിയ സീരീസിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പുതിയ ചിത്രത്തിലുണ്ടാകും. ക്രിസ് പ്രാറ്റും ബ്രിസ് ഡള്ളാസ് ഹൊവാഡുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. യൂണിവേഴ്‌സൽ പിക്‌ച്ചേഴ്‌സും ആംബ്‌ളിൻ എന്റർടെയ്ൻമെന്റുമാണ് പ്രദർശനത്തിനെത്തിക്കുക.