കോഴിക്കോട്ടെ സിനിമാസംഘത്തിൽനിന്നാണ് മുഹമ്മദ് മുസ്തഫ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. സഹനടനായും സംവിധാന സഹായിയായും പല വേഷങ്ങൾ സിനിമാവഴിയിൽ മുസ്തഫ അണിഞ്ഞു. എല്ലാ വഴികളിലൂടെയും മുസ്തഫ സഞ്ചരിച്ചത് സംവിധാനമെന്ന ലക്ഷ്യസ്ഥാനത്തിലേക്ക് എത്താനായിരുന്നു. സ്വപ്നങ്ങളെല്ലാം ഒരുമിച്ചുകൂട്ടി മുസ്തഫ ഒരു 'കപ്പേള' പണിഞ്ഞിരിക്കുകയാണ്. ജെസ്സിയും വിഷ്ണുവും റോയിയുമൊക്കെ ഒരുമിച്ചിരുന്ന് കഥ പറയുന്ന കുഞ്ഞുകപ്പേള. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന കപ്പേള പറയുന്നത് ഒരു പെൺകുട്ടി നടത്തുന്ന യാത്രയുടെ കഥയാണ്. അന്നാ ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മുസ്തഫ പങ്കുവയ്ക്കുന്നു.
ജെസ്സിയുടെ യാത്ര
ഒരു റൊമാന്റിക് ത്രില്ലറെന്നാണ് കപ്പേളയെ ഞാൻ വിശേഷിപ്പിക്കുന്നത്. ജെസ്സി എന്ന വയനാട്ടിലെ മലയോരപ്രദേശത്തെ കർഷകകുടുംബത്തിലെ പെൺകുട്ടി കോഴിക്കോട് നഗരത്തിലേക്ക് നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഫോണിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻവേണ്ടിയാണ് ജെസ്സി വരുന്നത്.
ജെസ്സിയെ അന്നാ ബെന്നാണ് അവതരിപ്പിക്കുന്നത്. മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളായ വിഷ്ണു എന്ന കഥാപാത്രമായി റോഷനെത്തുമ്പോൾ റോയിയെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാമാണ്.
കപ്പേളയുടെ കഥ
മൂന്നുവർഷം മുൻപ് നാട്ടിലെ സുഹൃത്തുക്കളായ നിഖിലും വാഹിദുമൊക്കെയാണ് ഇത്തരമൊരു കഥാതന്തു എന്നോട് പറയുന്നത്. അത് ഇഷ്ടപ്പെട്ടതോടെ നാലുപേരടങ്ങുന്ന ഒരു ടീം ഇരുന്ന് തിരക്കഥ തയ്യാറാക്കുകയായിരുന്നു. പിന്നീട് പലരീതിയിൽ കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്ത് നോക്കി. ഒന്നും ശരിയായില്ല. അന്നയെ കണ്ടപ്പോൾ ഇതാണ് ഞങ്ങളുടെ ജെസ്സി എന്ന തോന്നലുണ്ടായി. പിന്നാലെ റോഷനും ശ്രീനാഥ് ഭാസിയിലേക്കുമെത്തി. ഈ സിനിമയുടെ കഥ മനസ്സിലാകുന്ന പേര് വേണ്ട എന്ന തീരുമാനമാണ് കപ്പേള എന്ന പേരിലേക്ക് എത്തിച്ചത്. ജെസ്സിയുടെ വീടിനടുത്തുള്ള പ്രളയത്തിൽ തകർന്ന കപ്പേള സിനിമയിൽ പ്രാധാന്യമുള്ള ഇടമാണ്. കാരണം ആരും വരാത്ത ഈ കപ്പേളയാണ് ജെസ്സിയുടെ സ്വകാര്യ ഇടം. ബാക്കി സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
പാഠം ഒന്ന്
രഞ്ജിയേട്ടന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തതിന്റെ പരിചയവും നടനെന്ന നിലയിൽ ചെയ്ത കഥാപാത്രങ്ങളുമെല്ലാം സംവിധാനത്തിലേക്ക് എത്തുമ്പോൾ സഹായകമായിട്ടുണ്ട്. എന്തൊക്കെ ചെയ്യാൻ പാടില്ല, എങ്ങനെയൊക്കെ ചെയ്യാം എന്ന തിരിച്ചറിവ് നൽകിയത് ഞാൻ അഭിനയിച്ച കുറേ സിനിമകൾ തന്നെയാണ്. പല ആൾക്കാരുടെ സിനിമകൾ ചെയ്തതിനാൽ പല തരത്തിലുള്ള പാഠങ്ങൾ ലഭിച്ചു. ആ പാഠങ്ങളാണ് ഈ സിനിമയിൽ പ്രയോഗിച്ചിരിക്കുന്നത്.
ചെറിയ കഥകളും കഥാപാത്രങ്ങളുമൊക്കെ നിറഞ്ഞ കൊച്ചുസിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാലത്തിലൂടെയാണ് മലയാളസിനിമ കടന്നുപോകുന്നത്. തമാശ, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി പോയവർഷം അത്തരത്തിൽ ഒരുപാട് സിനിമകൾ വിജയിച്ചു. അത്തരം വിജയങ്ങൾതന്നെയാണ് നവാഗത സംവിധായകനെന്ന നിലയിൽ ഇത്തരമൊര സിനിമ ഒരുക്കാൻ എനിക്ക് ധൈര്യം നൽകിയത്.