ബൈജു പി. സെൻ
പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന മർഡർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് 'ഫോറൻസിക്'. ചിത്രത്തിൽ ഫോറൻസിക് ഓഫീസർ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ശക്തമായ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നു. സെവൻത് ഡേയുടെ തിരക്കഥാകൃത്ത് അഖിൽ പോൾ അനസ് ഖാനോടൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ പ്രതീക്ഷകളുമായി സംവിധായകർ സംസാരിക്കുന്നു.
''തുടക്കംമുതൽ ഒടുക്കംവരെ പ്രേക്ഷകരെ സസ്‌പെൻസിൽ നിർത്തിക്കൊണ്ട് കഥപറയുന്ന ചിത്രമാണിത്. ടൊവിനോ തോമസ്, മമ്ത, റേബ മോണിക്ക ജോൺ എന്നീ അഭിനേതാക്കളുടെ മികച്ച അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.''
യഥാർഥ സംഭവവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ടോ?
ഫോറൻസിക് ഒരു യഥാർഥ കഥയുടെ സിനിമാവിഷ്കാരമല്ല. ഇന്ത്യയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ള പത്രവാർത്തയും അതിൽ ഭാവനയും ചേർത്ത് ഒരുക്കിയ കഥയാണ് വിഷയം. ഇന്ന് നമ്മുടെ ചുറ്റും നടക്കുന്ന ചില സംഭവങ്ങളും സമൂഹം ശ്രദ്ധിക്കേണ്ട വിഷയങ്ങളും ചിത്രം സൂചന നൽകുന്നുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ നടന്ന ഒരു കൊലപാതകം അന്വേഷിക്കാൻ പോലീസ് ടീമിനെ നിയോഗിക്കുന്നു. ആ പോലീസ് ടീമിനൊപ്പം എത്തുന്ന ഫോറൻസിക് ടീമും അവരുടെ അന്വേഷണവുമാണ് ചിത്രത്തിന് വഴിത്തിരിവുണ്ടാക്കുന്നത്. സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രമായി ടൊവിനോ തോമസ് വിലസിയിട്ടുണ്ട്. വർഷങ്ങളായുള്ള സൗഹൃദബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അതുകൊണ്ട് ആ അഭിനേതാവിന്റെ വളർച്ച ഞങ്ങളുടെ കൺമുന്നിൽ കണ്ടതാണ്.
ആ നടനെ മുന്നിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ ചിത്രത്തിന് തിരക്കഥ രൂപപ്പെടുത്തിയത്. കൂടാെത മലയാളസിനിമയിലെ കഴിവുറ്റ ടെക്‌നീഷ്യന്മാരുടെ വലിയ കൂട്ടായ്മ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. മർഡർ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന നിലയിൽ പശ്ചാത്തലസംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് രസകരമായി ജേക്‌സ് ബിജോയ് നിർവഹിച്ചിട്ടുണ്ട്. അതുപോലെ ചിത്രത്തിന്റെ നരേഷനുമായി അടുത്തുനിൽക്കുന്ന രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്.
തിരക്കഥാകൃത്തായ അഖിൽ പോൾ അനസ് ഖാനോടൊപ്പം സംവിധായകനായപ്പോൾ?
സാധാരണ തിരക്കഥയുടെ മുകളിൽ ചിത്രമെടുക്കാൻ കഴിയില്ലെന്ന് പല തിരക്കഥാകൃത്തുക്കളും പറയാറുണ്ട്. എന്നാൽ ഇവിടെ തിരക്കഥയുടെ 80 ശതമാനം സ്‌ക്രീനിൽ പുനഃസൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഞാനും അനസ് ഖാനും ടി.കെ.എം. എൻജിനീയറിങ് കോളജിൽ ഒന്നിച്ച് പഠിച്ചിരുന്നവരായിരുന്നു. 12 വർഷം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്.
അഭിരുചിയും സിനിമാസ്വപ്നങ്ങളും ഒന്നായവരുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിലെത്തിച്ചത്. സിനിമയുടെ നന്മയ്ക്കുവേണ്ടി വാദപ്രതിവാദങ്ങൾ നിറഞ്ഞ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ചിത്രം പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
ഫോറൻസിക്കിന്റെ പോസ്റ്ററുകൾ അടുത്തിടെ തിയേറ്ററിലെത്തിയ അഞ്ചാംപാതിര എന്ന സിനിമയുടെ പോസ്റ്ററുമായി സാമ്യമുണ്ടെന്ന ചർച്ച
സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു...?
ഒക്ടോബർ മാസത്തിലാണ് ഫോറൻസിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. അന്ന് അഞ്ചാംപാതിരയുടെ പോസ്റ്ററുകളൊന്നും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.ഫോറൻസിക്കിന്റെ കഥയ്ക്ക് അഞ്ചാംപാതിരയുമായി യാതൊരു സാമ്യവുമില്ല. ചിത്രം കണ്ടാൽ അത് മനസ്സിലാകും.
ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ മമ്ത മോഹൻദാസാണ് നായിക. സൈജു കുറുപ്പ്, മോണിക്ക ജോൺ, രൺജി പണിക്കർ, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
രാഗം മൂവീസ് ബാനറിൽ രാജു മല്യത്തും ജൂബീസ് പ്രൊഡക്ഷൻസ് ബാനറിൽ നേവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: അരുൺ ജോർജ്, എഡിറ്റിങ്: ഷമീർ മുഹമ്മദ്, കല: ദിലീപ് നാഥ്.
സെഞ്ചുറി ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിച്ചത്.