ഹന്ന ബേക്കറെന്ന ഹൈസ്കുൾ വിദ്യാർഥിയുടെ ആത്മഹത്യയിലൂടെയാണ് ‘13 റീസൺസ് വൈ’ ആരംഭിക്കുന്നത്. ഹന്നയുടെ മരണം നല്കിയ ആഘാതത്തിൽ കഴിയുന്ന സുഹൃത്ത് ക്ലേ ജെൻസന് ഹന്നയുടെ ശബ്ദത്തിലുള്ള ഏഴ് ടേപ്പുകൾ ലഭിക്കുന്നു. രണ്ടു വശങ്ങളിലും റെക്കോഡ് ചെയ്തിട്ടുള്ള ടേപ്പിൽ മരണത്തിലേക്കു നയിച്ച 13 കാരണങ്ങളാണുള്ളത്. ജീവിതത്തിനു മുന്നിൽ സ്വയം കീഴടങ്ങേണ്ടി വന്ന ഹന്നയുടെ ദുഃഖങ്ങളും നിരാശയും ഒറ്റപ്പെടലിന്റെ വേദനയുമൊക്കയാണ് ടേപ്പുകളിലുള്ളത്. മരണത്തിന് കാരണക്കാരായവരിലേക്ക് വിരൽചൂണ്ടുന്ന ഓരോ ടേപ്പുപയോഗിച്ച് ജെൻസൻ നടത്തുന്ന അന്വേഷണങ്ങളിലൂടെയും കണ്ടെത്തുന്ന സത്യങ്ങളിലൂടെയുമാണ് സീരീസ് മുന്നോട്ടു പോകുന്നത്. ടേപ്പുകൾ കേൾക്കുന്ന ആദ്യയാൾ താനല്ലെന്ന ജെൻസന്റെ തിരിച്ചറിവും അവിചാരിതമായ രംഗങ്ങളും ‘13 റീസൺസ് വൈ’ക്ക് ത്രില്ലർ സ്വഭാവം നൽകുന്നുണ്ട്.
സീരീസിന്റെ മൂന്നു സീസണുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഓരോ സീസണിലും 13 എപ്പിസോഡുകളാണുള്ളത്. 2017 മാർച്ച് 31-നാണ് ഒന്നാം സീസൺ പുറത്തിറങ്ങിയത്. ജെയ് അഷ്കറിന്റെ ‘തേർട്ടീൻ റീസൺസ് വൈ’ എന്ന ബുക്കിനെ ആസ്പദമാക്കി അമേരിക്കൻ തിരക്കഥാകൃത്ത് ബ്രിയാൻ യോർക്കേയാണ് സീരീസ് തയ്യാറാക്കിയിരിക്കുന്നത്. കഥയും മേക്കിങ്ങുമാണ് സീരീസിനെ ആകർഷകമാക്കുന്ന ഘടകങ്ങൾ. പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് സീരീസിന്റെ മറ്റൊരു പ്രത്യേകത. ഹന്നാ ബേക്കറായെത്തുന്ന കാതറീൻ ലാങ്ഫോഡിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. വിഷാദത്തിലേക്ക് ആസ്വാദകരെ തള്ളിവിടുന്നതാണ് സീരീസ് എന്ന വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും ആത്മഹത്യയ്ക്കെതിരായ ബോധവത്കരണമാണ് സീരീസ് കൊണ്ടുദ്ദേശിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ പക്ഷം. ഡിലൻ മിന്നറ്റാണ് ക്ലേ ജെൻസനായെത്തുന്നത്. ക്രിസ്ത്യൻ നവാരോ, ആലിഷാ ബോ, ബ്രാൻഡൻ ഫ്ലൈൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.