നിനച്ചിരിക്കാത്ത നേരത്ത് പൊടുന്നനെ വന്നുഭവിച്ചേക്കാവുന്ന അജ്ഞാതദീനങ്ങളെ എന്നും ലോകം കരുതിയിരുന്നിട്ടുണ്ട്. ഭാവനയിൽ വിരിയിച്ചെടുത്ത അജ്ഞാതരോഗാണുക്കളെ ഉഗ്രഭീതിയിൽ ചാലിച്ചെടുത്ത് ലോകത്ത് ഒട്ടേറെ സിനിമകളുമിറങ്ങി. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ജൈവായുധങ്ങൾമുതൽ ഓരോ കാലത്തും പൊട്ടിപ്പുറപ്പെട്ട മാറാവ്യാധികൾവരെ ഇടതടവില്ലാതെ സിനിമകൾക്ക് പ്രമേയമായി. ഉള്ളിൽ ഭീതിനിറയ്ക്കുമ്പോഴും ശ്വാസമടക്കിപ്പിടിച്ച് ഭയത്തെ ലഹരിയാക്കി ഓരോ മെഡിക്കൽ സയൻസ് ഫിക്‌ഷനുകളും സിനിമാപ്രേമികൾ എന്നും നെഞ്ചേറ്റുകതന്നെ ചെയ്തു. ഭാവനയിൽ പിറവിയെടുത്ത, കാർന്നുതിന്നും ഭ്രാന്തുപിടിപ്പിച്ചും രോഗം പരത്തിയും മുന്നേറിയ പലവിധം സാങ്കല്പികവൈറസുകൾ ഒരിക്കൽ നമുക്കിടയിലും പൊട്ടിപ്പുറപ്പെട്ടാലോയെന്ന മുന്നറിയിപ്പ് നൽകി. യാഥാർഥ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾതന്നെയാണ് അജ്ഞാതവൈറസുകളെക്കുറിച്ച് സിനിമകളെടുക്കാൻ പ്രേരണയായിട്ടുള്ളത്.
കാബിൻ ഫീവർ
ശരീരത്തിൽ കയറിക്കൂടി മാംസം തിന്നുതീർക്കുന്ന വൈറസാണ് കാബിൻ ഫീവർ എന്ന അമേരിക്കൻ ഹൊറർ സിനിമയുടെ പ്രമേയം. പ്രകൃതിമനോഹരമായൊരിടത്താണ് സിനിമ തുടങ്ങുന്നത്. വളർത്തുപട്ടിക്ക് ആഹാരവുമായി വന്ന യജമാനൻ പെട്ടെന്ന് ഞെട്ടുന്നു. പട്ടി ചത്തുകിടക്കുകയാണ്. സാധാരണ മരണമല്ല. ഞൊടിയിടയിൽ അതിന്റെ മാംസമെല്ലാം എന്തോ തിന്നുതീർത്തിരിക്കുന്നു. മാംസം തിന്നുന്ന വൈറസിന്റെ പ്രയാണം അവിടെ തുടങ്ങി. മരക്കൂടാരത്തിൽ അവധിയാഘോഷിക്കാൻ വന്ന അഞ്ചംഗ സംഘത്തിനുമുൻപിലാണ് ഭീതിയുടെയും മരണത്തിന്റെയും വന്യമായ മുഖം വെളിപ്പെടുത്തിക്കൊണ്ട് നരഭോജി വൈറസുകൾ പിന്നീടെത്തുന്നത്. മാംസം ഏറക്കുറെ വൈറസുകൾ തിന്നുതീർത്ത നിലയിൽ ആദ്യകഥാപാത്രം രംഗപ്രേവശം ചെയ്യുന്നതോടെ ഭീതി പരക്കുകയായി. വന്യമായ രംഗങ്ങളിലൂടെ സിനിമ കടന്നുപോകുന്നു.
2002-ലാണ് കാബിൻ ഫീവർ പുറത്തിറങ്ങുന്നത്. എലി റോത്താണ് സംവിധാനവും തിരക്കഥയും. ഐസ്‌ലാൻഡ് യാത്രയ്ക്കിടെ റോത്തിനുണ്ടായ തൊലിയിലെ അണുബാധയാണ് ഇങ്ങനെയൊരു സിനിമയെടുക്കാൻ വഴിത്തിരിവായത്. ട്രാവിസിന്റെ സംവിധാനത്തിൽ 2016-ൽ ഇതിന്റെ റീമേക്ക് ഇറങ്ങി.
28 ഡെയ്സ് ലേറ്റർ
ലബോറട്ടറിയിൽ വളർത്തുന്ന ചിമ്പാൻസിയിൽനിന്ന് ബ്രിട്ടീഷ് ജനതയ്ക്കിടയിലേക്ക് പടർന്നുപിടിക്കുന്ന അജ്ഞാതരോഗത്തെക്കുറിച്ചാണ് 2002-ലിറങ്ങിയ 28 ഡെയ്സ് ലേറ്റർ തുറന്നുകാട്ടുന്നത്. ഡാനി ബോയിലാണ് സംവിധാനം. വൈറസ് പടരാൻതുടങ്ങിയതോടെ പൊടുന്നനെ അവർ സോംബികളെപ്പോലെ അക്രമാസക്തരാവുകയും കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച് രോഗം പരത്തുകയും ചെയ്യുകയാണ്. പിന്നീട് 28 ദിവസത്തിനുശേഷമുള്ള കഥയാണ് പറയുന്നത്. ഇങ്ങനെയൊരു വൈറസ് പടർന്നതൊന്നുമറിയാതെ കോമാവസ്ഥയിൽ കിടക്കുകയായിരുന്ന ജിം എന്ന യുവാവ് ഉണരുന്നു. ജിമ്മിന്റെ കാഴ്ചയിലൂടെയാണ് പിന്നീട് കഥ പോകുന്നത്. 28 ദിവസംകൊണ്ട് തെരുവെങ്ങും ശവശരീരങ്ങളെക്കൊണ്ട് കുമിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു. ഒപ്പം അങ്ങിങ്ങായി ആക്രമിച്ച് രോഗം പരത്താൻ നിൽക്കുന്ന മനുഷ്യരും. അവരിൽനിന്ന് ജീവൻ രക്ഷിക്കാൻ ജിമ്മും ഒപ്പംകൂടിയ മറ്റുചിലരും നടത്തുന്ന ജീവൻമരണപോരാട്ടമാണ് പിന്നീടങ്ങോട്ട്. ഓരോ നിമിഷത്തിലും ഹൊറർ മൂഡ് നിലനിർത്തുന്ന സിനിമ. ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ച സിനിമയ്ക്ക് 28 വീക്‌സ് ലേറ്റർ എന്ന പേരിൽ 2007-ൽ രണ്ടാംഭാഗവും വന്നു.
വേൾഡ് വാർ സെഡ്
2013-ലിറങ്ങിയ അമേരിക്കൻ സയൻസ് ഫാന്റസി ഹൊറർ സിനിമയാണിത്. മാർക് ഫോർസ്റ്ററിന്റെ സംവിധാനത്തിൽ ബ്രാഡ് പിറ്റ് നായകനായെത്തുന്നു. മനുഷ്യനെ സോംബികളാക്കുന്ന രോഗാവസ്ഥയുടെ പ്രഭവകേന്ദ്രവും അതിന്റെ മരുന്നും കണ്ടെത്താൻ പലയിടങ്ങളിലേക്ക് യാത്രചെയ്യുന്ന ജെറി ലേൻ എന്ന മുൻ യു.എൻ. ഉദ്യോഗസ്ഥന്റെ വേഷമാണ് ബ്രാഡ് പിറ്റിന്.
എക്കാലത്തെയും വൻ നേട്ടം സ്വന്തമാക്കിയ സോംബി സിനിമകളിലൊന്നായിരുന്നു ഇത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജെറി ലേൻ ഫിലാഡെൽഫിയയിൽ ഒരു ട്രാഫിക് ജാമിൽ അകപ്പെടുമ്പോഴാണ് സോംബികൾ കൂട്ടത്തോടെയെത്തി ആദ്യം ആക്രമിക്കുന്നത്. പിന്നെ രക്ഷപ്പെടാനുള്ള ശ്രമവും മരുന്ന് കണ്ടെത്താനുള്ള കഠിനപ്രയത്നത്തിലൂടെയും കഥ പറഞ്ഞുപോകുന്നു.
അയാം ലെജെൻഡ്
റിച്ചാഡ് മാറ്റിസണിന്റെ അയാം ലെജെൻഡ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി 2007-ലിറങ്ങിയ ഹോളിവുഡ് ഹൊറർ ചിത്രം. കാൻസർ ചികിത്സിക്കാൻ വികസിപ്പിച്ചെടുത്ത വൈറസാണ് ഇവിടെ വില്ലനാകുന്നത്. അത്യുഗ്രശേഷിയുള്ള വൈറസ് ഒടുവിൽ നിയന്ത്രിക്കാനാവാത്തതരത്തിൽ ഒരു ജനതയെ മുഴുവൻ കൊന്നൊടുക്കുന്നതാണ് പ്രമേയം. സ്വയം പ്രതിരോധശേഷിയുള്ള യു.എസ്. ആർമിയിലെ വൈറോളജിസ്റ്റ് ലെഫ്റ്റനന്റ് കേണൽ റോബർട്ട് നെവില്ലെ ഒറ്റയ്ക്ക് താമസിച്ച് രോഗത്തിന് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ഓരോ ദിവസവും നഗരത്തിൽ ജീവനുള്ളതായി ആരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന അദ്ദേഹത്തിന്റെ അന്വേഷണത്തിലൂടെ സിനിമ കടന്നുപോകുന്നു. വിൽ സ്മിത്താണ് വൈറോളജിസ്റ്റിന്റെ വേഷമിടുന്നത്.
ഔട്ട്‌ബ്രേക്
ആഫ്രിക്കയിൽനിന്ന് എബോളപോലൊരു വൈറസ്ബാധ പൊട്ടിപ്പുറപ്പെടുന്നതാണ് 1995-ലിറങ്ങിയ അമേരിക്കൻ മെഡിക്കൽ ഡിസാസ്റ്റർ സിനിമ ഔട്ട്‌ബ്രേക്കിന്റെ ഇതിവൃത്തം. റിച്ചാഡ് പ്രെസ്റ്റണിന്റെ ദ ഹോട്‌സോൺ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളത്. വുൾഫ്ഗാങ് പെറ്റേഴ്സൺ സംവിധാനംചെയ്തു.
അജ്ഞാത വൈറസിനെ നിയന്ത്രിക്കാനാവാതെവന്നതോടെ അത് പടരുന്ന പ്രദേശത്തെയാകെ ബോംബിട്ട് നശിപ്പിക്കുന്നതാണ് സിനിമയുടെ തുടക്കം. രോഗികളും രോഗമില്ലാത്തവരും ബോംബാക്രമണത്തിൽ മരിച്ചുവീഴുന്നു. രോഗം അവിടെ ഒടുങ്ങിയില്ല. ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കുരങ്ങൻ രോഗവാഹകനാകുന്നു.
അമേരിക്കയിലെ ഒരു നഗരംമുഴുവൻ പിന്നെ വൈറസ് പരക്കുകയാണ്. വൈറസിന് വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പിന്നീടങ്ങോട്ട്.
ദ ക്രേസീസ്
അസാധാരണമായ വിമാനാപകടത്തിനുശേഷം വിഷവൈറസ് പ്രദേശത്താകെ പടരുന്നതാണ് 2010-ലിറങ്ങിയ ദ ക്രേസീസ് എന്ന അമേരിക്കൻ സയൻസ് ഫിക്‌ഷൻ സിനിമയുടെ പ്രമേയം.
വൈറസ് ബാധിക്കുന്നതോടെ ആളുകൾ അസ്വാഭാവികമായി പെരുമാറുന്ന സോംബികളാകുന്നു. 1973-ൽ ഇതേപേരിൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക്കായിരുന്നു ക്രേസീസ്
അന്ധത മുതൽ പേ വരെ
അന്ധതയുണ്ടാക്കുന്ന പകർച്ചവ്യാധിയെക്കുറിച്ച് പറയുന്ന ബ്ലൈൻഡ്നെസ് (2008), പേവിഷബാധ പ്രമേയമായ ഐ ഡ്രിങ്ക് യുവർ ബ്ലഡ് (1970), റാവിഡ് (1977), മുന്തിരിക്കടിച്ച വിഷത്തിൽനിന്ന് ഭ്രാന്ത് പടർത്തുന്ന ദ ഗ്രേപ്‌സ് ഓഫ് ഡെത്ത് (1978), സോംബി കഥ പറയുന്ന ഡിമോൺസ് (1985), വൈറസ്ബാധയെക്കുറിച്ച് പറയുന്ന 12 മങ്കീസ് (1995), പാനിക് ഇൻ ദ സ്ട്രീറ്റ്സ് (1950), ഇറ്റ് കംസ് അറ്റ് നൈറ്റ് (2017), ഒമേഗ മാൻ (1971), പാൻഡെമിക് (2016), ആൻഡ്രോമെഡ സ്ട്രെയ്ൻ (1971), കാരിയേഴ്സ് (2009) എന്നിവയെല്ലാം മികച്ച അഭിപ്രായം നേടിയ സിനിമകളാണ്.
വിക്‌ടർ ഹാൽപെറിന്റെ സംവിധാനത്തിൽ 1932-ലിറങ്ങിയ വൈറ്റ് സോംബിയാണ് ലോകത്തിലെ ഏറ്റവുമാദ്യത്തെ സോംബി സിനിമയായി കണക്കാക്കുന്നത്. പക്ഷേ, മോഡേൺ സോംബി സിനിമകളുടെ മുതുമുത്തശ്ശനായി കണക്കാക്കുന്നത് 'നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്' ആണ്.
കന്റേജൻ
2011-ൽ ഇറങ്ങിയ അമേരിക്കൻ മെഡിക്കൽ ത്രില്ലർ ‘കന്റേജൻ’ കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകം വീണ്ടും ചർച്ചയ്ക്കെടുത്തിരിക്കുകയാണ്. കന്റേജനിൽ പറഞ്ഞുവെച്ച ഒട്ടേറെ കാര്യങ്ങൾക്ക് ചൈനയിലെ ഇപ്പോഴത്തെ കൊറോണ (കോവിഡ്-19) വൈറസ് ബാധയുമായി സാമ്യമുണ്ടെന്നതുതന്നെ കാര്യം.
ഹോങ്കോങ്ങിൽ ഉദ്‌ഭവംകൊണ്ട അജ്ഞാത വൈറസ് ലോകത്തിലെ പല കോണുകളിലേക്ക് പടർന്ന് ദശലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്നതാണ് സ്റ്റീവെൻ സോഡെർബെർഗ് സംവിധാനംചെയ്ത സിനിമയുടെ പ്രമേയം.
ഹോങ്കോങ്ങിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ എമ്മോഫ് എന്ന യുവതിയെയാണ് അജ്ഞാതരോഗം ആദ്യം പിടികൂടുന്നത്. മിന്നസോട്ടയിലെ വീട്ടിലെത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചു. വൈറസുമായി സമ്പർക്കമുണ്ടായി നാലുദിവസത്തിനകം എമ്മോഫ് മരിക്കുകയാണ് (ഗ്വനെത് പാൾട്രോയാണ് എമ്മോഫിന്റെ വേഷത്തിലെത്തുന്നത്). പിന്നാലെ യാത്രയിലുടനീളം എമ്മോഫുമായി ഇടപെട്ടവർക്കൊക്കെ പതിയേ രോഗം ബാധിച്ചുതുടങ്ങി. ഒപ്പം മരണവും.
ശാസ്ത്രീയധാരണയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള സിനിമ ഹോളിവുഡ് അതിശയോക്തിക്കപ്പുറത്ത് യാഥാർഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കുന്നതാണ്. പെട്ടെന്നൊരു വൈറസ്‌പ്രസരണമുണ്ടാകുമ്പോൾ എങ്ങനെ ലോകം അതിനോട് പ്രതികരിക്കുമെന്ന യാഥാർഥ്യം പരമാവധി ഉൾക്കൊള്ളുന്നത്. 2003-ലെ ചൈനയിൽനിന്ന് പടർന്ന സാർസും 2009-ലെ ഫ്ലൂവുമാണ് ഇത്തരമൊരു സിനിമയ്ക്ക് പ്രേരണയായതെന്ന് തിരക്കഥ തയ്യാറാക്കിയ സ്കോട് ബേൺസ് പറഞ്ഞിട്ടുണ്ട്. വൈറസിനുംമുൻപേ പടർന്നുപിടിക്കുന്നത് ഭയമാണെന്ന യാഥാർഥ്യത്തെ സിനിമ തുറന്നുകാട്ടുകയും ചെയ്യുന്നു.
സിനിമയുടെ അവസാന രണ്ടുമിനിറ്റ്, വൈറസ് എങ്ങനെ മനുഷ്യനിലേക്കെത്തിയെന്നതിന് സൂചന തരുന്നുണ്ട്. വവ്വാലുകൾ കൂട്ടംകൂട്ടമായി കഴിയുന്ന മരങ്ങൾ പിഴുതുമാറ്റി അവിടെ പന്നികൾക്ക് തൊഴുത്തുണ്ടാക്കുകയാണ്. പന്നികളെ തൊഴുത്തിലേക്ക് മാറ്റുന്നതിനിടെ അതുവഴി പറന്നുപോയ ഒരു വവ്വാലിൽനിന്ന് പാതി കഴിച്ച പഴം താഴെ വീഴുകയും പന്നികളിലൊന്ന് അത് തിന്നുകയും ചെയ്യുന്നു. വവ്വാലിൽ രൂപംകൊണ്ട രോഗകാരിയായ വൈറസ് പന്നിയിലേക്കെത്തുന്നു. വൈറസ് ബാധയുള്ള പന്നിയെ പാകംചെയ്യാനൊരുങ്ങവേ പന്നിയുടെ വായിൽ തൊട്ടയാൾ എമ്മോഫിന് കൈകൊടുക്കുകയും ഇതോടെ വൈറസ് അവരിലേക്കെത്തുകയും ചെയ്യുന്നു.
കൊറോണപോലെ കന്റേജനിലും അജ്ഞാത വൈറസ് മൃഗങ്ങളിൽനിന്നാണ് മനുഷ്യനിൽ കയറിക്കൂടുന്നത്. സിനിമയിലെ സാങ്കല്പികരോഗം ബാധിച്ച ഇരുപതുശതമാനംപേരും മരിക്കുന്നെങ്കിൽ കൊറോണയുടെ മരണവ്യാപ്തി അത്രത്തോളം ഇല്ലെന്നുമാത്രം. ബോക്സോഫീസിൽ വൻ വിജയമായിരുന്നു സിനിമ.