ഗിരീഷ് ദാമോദർ
ഇരുപത്തിനാല് വർഷം മുൻപ് എന്റെ സിനിമാമോഹം മനസ്സിലാക്കിയ ജെ.ആർ. പ്രസാദ് എന്നെ പറഞ്ഞുവിട്ടത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളം ഡിപ്പാർട്ട്‌മെന്റിലേക്കായിരുന്നു. പ്രൊഫ. എസ്.ഇ. ജെയിംസിനെ കാണാൻ. അന്നദ്ദേഹം ദൂരദർശനുവേണ്ടി ‘ഗുൽഗുൽമാഫി’- എന്ന ഒരു പരമ്പര എഴുതി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
അന്നുമുതൽ ഞാനദ്ദേഹത്തോടൊപ്പം കൂടി. വെറുമൊരു സംവിധാന സഹായി എന്നതിലുപരി ആ ബന്ധം വളർന്നു. 1982-ൽ ജയഭാരതിയെയും രതീഷിനെയും നായികാനായകന്മാരാക്കി ‘മൂവന്തിപ്പൂക്കൾ’ എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും റിലീസ് ചെയ്യുകയുണ്ടായില്ല. കൂടാതെ ‘മാലയോഗം’ എന്ന പേരിലൊരു ഒന്നര മണിക്കൂർ ചിത്രവും അദ്ദേഹം സംവിധാനം ചെയ്തുകഴിഞ്ഞിരുന്നു.
ജഗതി ശ്രീകുമാറിനെ നായകനാക്കി ‘ഹവാല ഹവാല’, എം.ടി., ഒ.എൻ.വി. തുടങ്ങിയ പ്രശസ്തരെ അണിനിരത്തി ‘ഓർമയിൽ ഒരോണപ്പൂക്കളം’ തുടങ്ങി നിരവധി പരമ്പരകൾ ജെയിംസ് സാർ ഇതിനോടകം സംവിധാനം നിർവഹിക്കുകയുണ്ടായി. ഇതിനോടൊപ്പംതന്നെ ഞാൻ സംവിധായകൻ സുന്ദർദാസിന്റെ സംവിധാനസഹായിയായി സിനിമകളിൽ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഒരു തിരക്കഥ എഴുതി, കലാഭവൻ മണിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഞാനും, ജെയിംസ് സാറും കലാഭവൻ മണിയുമായി നിരവധി ചർച്ചകൾ കഴിഞ്ഞതുമായിരുന്നു. കലാഭവൻ മണിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു അത്. എന്തോ പ്രൊഡക്ഷൻ കാരണങ്ങളാൽ അന്ന് ആ സിനിമ നടന്നില്ല. ഇങ്ങനെ ഒരു തിരക്കഥയെക്കുറിച്ച് കേട്ടറിഞ്ഞ മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകൻ ജെയിംസ് സാറിനെ സമീപിക്കുകയും ആ തിരക്കഥ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ അത് തനിക്കുതന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ജെയിംസ് സാറിന്റെ തീരുമാനം. അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നവും.
ഞാൻ ‘അങ്കിൾ’ സംവിധാനം ചെയ്ത ശേഷം, ജെയിംസ് സാറിന്റെ ആ തിരക്കഥ എന്നോട് സംവിധാനം ചെയ്യാനാവശ്യപ്പെടുകയുണ്ടായി. കാരണം കഴിഞ്ഞ നാലഞ്ചു വർഷമായി അദ്ദേഹത്തിന്റെ ആരോഗ്യനില അല്പം മോശമായിരുന്നു.
അങ്ങനെയിരിക്കെ, വർഷങ്ങൾക്ക് മുൻപ് എന്റെ കൈപ്പടയിൽ പകർത്തിയെഴുതിയ ആ തിരക്കഥ ഇന്നെവിടെയാണുള്ളതെന്ന് എന്നെപ്പോലെ ജെയിംസ് സാറിനും അറിയില്ലായിരുന്നു. മലയാളത്തിലെ ഒരു നല്ല സിനിമ ആയേക്കാമായിരുന്നതും ജെയിംസ് സാറിന്റെ സ്വപ്‌നവുമായിരുന്ന ആ തിരക്കഥ- കമ്മാട്ടിപുരത്തെ കഥാപാത്രങ്ങൾ- ഇന്നെവിടെയോ ഒളിഞ്ഞിരിക്കുന്നു...
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ എസ്.ഇ. ജെയിംസ് എഴുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കവെ എസ്.എഫ്.ഐ. നേതാവും യൂണിയൻ ചെയർമാനുമായിരുന്നു. 1980 മുതൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. സജീവ സിനിമാ പ്രവർത്തനങ്ങൾക്കായി 2002-ൽ അധ്യാപന രംഗത്തുനിന്നും വിരമിക്കുകയുണ്ടായി. നിരവധി നാടകങ്ങളും തിരക്കഥകളും രചിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ‘അമ്മു’ എന്ന വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഹൃദയാഘാതം മൂലം ഇക്കഴിഞ്ഞ ഫിബ്രവരി 8-ാം തീയതി രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം.