സാം ലെസ്സർ എന്ന വിദ്യാർഥി തന്റെ അധ്യാപകനായ റെൻഡൽ ലോക്കിനെ കൊല്ലുന്നു. ഇതറിഞ്ഞ റെൻഡലിന്റെ ഭാര്യ തന്റെ മൂന്നുമക്കൾക്കൊപ്പം റെൻഡലിന്റെ കുടുംബവീടായ കീഹൗസിലേക്ക് പോകുന്നു. അവിടെ താമസിക്കുമ്പോൾ റെൻഡലിന്റെ മക്കളിലൊരാൾ നിഗൂഢമായ ചില താക്കോലുകൾ കണ്ടെത്തുന്നു. അതുപയോഗിച്ച് വാതിലുകൾ തുറക്കുമ്പോൾ പ്രേതത്തിന്റെ സാന്നിധ്യം ആ വീട്ടിൽ അനുഭവപ്പെടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ലോക്ക് ആൻഡ് കീ എന്ന വെബ് സീരീസ് പറയുന്നത്. കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന ഈ സീരീസ് ജോ ഹില്ലിന്റെയും ഗബ്രിയേൽ റോഡ്രിഗസിന്റെയും പുസ്തകമായ ലോക്ക് ആൻഡ് കീയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡാർബി സ്റ്റാൻഫീൽഡ്, കോണർ ജെസ്സപ്പ്, എമില ജോൺസ്, ജാക്‌സൺ റോബേർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് നെറ്റ്ഫ്ലിക്‌സ് വഴിയാണ് പുറത്തിറങ്ങിയത്.
ആദ്യ സീസണിൽ പത്ത് എപ്പിസോഡുകളാണുള്ളത്. ഒരു അമേരിക്കൻ വെബ്‌സീരീസാണിത്. കാൾട്ടൺ ക്യൂസ്, മെരെഡിത്ത് അവേറിൽ, ആരോൺ എലി കോലൈറ്റ് എന്നിവർ ചേർന്ന് സീരീസ് സംവിധാനം ചെയ്യുന്നു. പേടിയുണർത്തുന്ന ലോക്ക് ആൻഡ് കീയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ടോറിൻ ബോറോഡെയ്‌ലാണ്.