ഗ്രാമിയിലെ പുരസ്കാരത്തിളക്കത്തിനും ഓസ്കർ അവാർഡ് നിശയിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനും പിന്നാലെ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ഒഫീഷ്യൽ തീംസോങ് പുറത്തുവിട്ടിരിക്കുകയാണ് ബില്ലി ഐലിഷ്. ജെയിംസ് ബോണ്ട് സീരീസിലെ പുറത്തിറങ്ങാനിരിക്കുന്ന നോ ടൈം ടു ഡൈ എന്ന സിനിമയ്ക്കുവേണ്ടിയാണ് ബില്ലി തീംസോങ് തയ്യാറാക്കിയത്.
‘നോ ടൈം ടു ഡൈ’ എന്നുതന്നെയാണ് തീംസോങ്ങിന്റെയും പേര്. സഹോദരൻ ഫിന്നീസുമായി ചേർന്നാണ് നാല് മിനിറ്റുള്ള ലഘുഗാനം ബില്ലി തയ്യാറാക്കിയത്. വിശ്വാസവഞ്ചനയും നിരാശയുമാണ് പ്രമേയം. വ്യാഴാഴ്ചയോടെ യൂട്യൂബിലും സംഗീത വെബ്സൈറ്റുകളിലും തീംസോങ്ങെത്തി. ജെയിംസ് ബോണ്ട് സിനിമയ്ക്കുവേണ്ടി പാട്ടെഴുതി റെക്കോഡ് ചെയ്യുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന നേട്ടമാണ് 18-കാരി ബില്ലിക്കിപ്പോൾ സ്വന്തമായത്.
മികച്ച സംഗീതത്തിന് ഗ്രാമിയിലും ഓസ്കറിലും ഒട്ടേറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയവരും ജെയിംസ് ബോണ്ടിനുവേണ്ടി പാട്ടുകൾ തയ്യാറാക്കിയിട്ടുള്ളവരുമായ അഡെലിന്റെയും മഡോണയുടെയും പോൾ മക്കാർട്ടിനിയുടെയും പിന്തുടർച്ചക്കാരിയായി ബില്ലിയും ഇടമുറപ്പിച്ചു.
ഗ്രാമിയിലെ രാജകുമാരി
ഗ്രാമിയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് സംഗീതപുരസ്കാരങ്ങളുടെ നിറവിലാണ് ബില്ലിയുള്ളത്. മികച്ച ഗാനം, മികച്ച പുതുമുഖ സംഗീതജ്ഞ, മികച്ച ആൽബം, മികച്ച റെക്കോഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ഒറ്റയടിക്ക് സ്വന്തമാക്കി ഈ അമേരിക്കക്കാരി സംഗീതലോകത്ത് ഇതിനകം നിലയുറപ്പിച്ചുകഴിഞ്ഞു. ആകെ അഞ്ച് പുരസ്കാരങ്ങളാണ് ബില്ലിക്ക് ഗ്രാമിയിൽ ലഭിച്ചത്. 1981-ൽ ക്രിസ്റ്റഫർ ക്രോസിനുശേഷം ആദ്യമായി നാല് അവാർഡുകളും ഒന്നിച്ചുനേടുന്ന സംഗീതജ്ഞയെന്ന നേട്ടവും ബില്ലിക്കാണ്. ബില്ലിയുടെ ആദ്യ സംഗീത ആൽബമായ ‘വെൻ വി ഓൾ ഫോൾ എസ്ലീപ്പ്, വേർ ഡു വി ഗോ’ ഈ വർഷത്തെ ഏറ്റവും മികച്ച ആൽബമായി തിരഞ്ഞെടുത്തു. ‘ബാഡ് ഗൈ’ ഏറ്റവും മികച്ച ഗാനവും.
മികച്ച ആൽബത്തിന് പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന വിശേഷണം ചൂടിയ ടെയ്‌ലർ സ്വിഫ്റ്റും ബില്ലി ഐലിഷിനായി ഇവിടെ വഴിമാറിക്കൊടുത്തു. ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ നോ ടൈം ടു ഡൈ ഏപ്രിലിലാണ് തിയേറ്ററുകളിലെത്തുക.
ടൈറ്റിൽ കഥാപാത്രത്തിൽ ഡാനിയേൽ ക്രെയ്ഗാണ്. ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായെത്തുന്ന ബോണ്ട് സീരീസിലെ ഒടുവിലത്തെ ചിത്രം കൂടിയാണിത്.