പതിനേഴുവർഷങ്ങൾ പൂർണിമ സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ മലയാളി വിശ്വസിക്കില്ല. കാരണം മലയാളികളുടെ സ്വീകരണമുറിയിൽ എന്നും നിറസാന്നിധ്യമായിരുന്നു പൂർണിമ. വിവാഹത്തിനുശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്തെങ്കിലും താരം ടെലിവിഷൻ ഷോകളിലൂടെയും പ്രാണ എന്ന ഡിസൈൻ സ്റ്റുഡിയോയിലൂടെയും പൊതു ഇടങ്ങളിൽ നിറഞ്ഞുനിന്നു. 17 വർഷത്തിനുശേഷം വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ഇടവേളയിലെ വിശേഷങ്ങളെക്കുറിച്ചും പുതിയ സിനിമകളെപ്പറ്റിയും പൂർണിമാ ഇന്ദ്രജിത്ത് മനസ്സുതുറക്കുന്നു.

കൂടെ നിന്നവർ
സ്മൃതി എന്ന ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.എച്ച്.എസ്.) റോളിലാണ് വൈറസിൽ ഞാൻ എത്തുന്നത്. നിപാബാധിതസമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച നാല്‌ ഉദ്യോഗസ്ഥരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിത്. ഞാനടക്കം അവതരിപ്പിക്കുന്ന പല കഥാപാത്രങ്ങൾക്കും പ്രചോദനമായ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയുമൊക്കെ നേരിട്ട് കണ്ട് അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ചിലർ ഷൂട്ടിങ്ങിന്റെ സമയത്ത് നമ്മുടെ കൂടെ വന്ന് കാര്യങ്ങൾ പറഞ്ഞുതന്നു. കൂടാതെ നിപയുടെ സമയത്ത് ഡി.എച്ച്.എസ്. നടത്തിയ പത്രസമ്മേളനങ്ങൾ കണ്ടു. അവരുടെ ശരീരഭാഷ, സംസാരരീതി എന്നിവ ശ്രദ്ധിച്ചു. ശേഷം അത് എന്റെ രീതിയിലേക്ക് മാറ്റിയാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. ആഷിക്‌ അടക്കം ഫുൾ ടീം എല്ലാ പിന്തുണയും നൽകി. കഥാപാത്രത്തിന്റെ ചലനങ്ങളെക്കുറിച്ചും മാനറിസങ്ങളെക്കുറിച്ചും കൃത്യമായി പറഞ്ഞുതരുകകൂടി ചെയ്തപ്പോൾ നന്നായി ചെയ്യാനായി.

അവസരം നഷ്ടപ്പെടുത്തരുത്
വിവാഹശേഷം ഓരോ സമയത്തും മുൻഗണനകൾ മാറിമാറി വന്നു. ഭാര്യ, അമ്മ അങ്ങനെ ഉത്തരവാദിത്വങ്ങൾ. അതുകൊണ്ട് സിനിമാ ഓഫറുകൾ വന്നെങ്കിലും നോ പറയുകയായിരുന്നു. എന്നാൽ അപ്പോഴും ഒരിക്കൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് ഇടവേള അവസാനിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. An offer u can not miss എന്നൊക്കെ പറയില്ലേ, അതായിരുന്നു വൈറസ്. ഇത് മിസ്ചെയ്തിരുന്നെങ്കിൽ പിന്നീടതിൽ ഞാൻ പശ്ചാത്തപിച്ചേനേ. കേറാത്ത ബസിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. എന്നാൽ വൈറസിന്റെ കാര്യത്തിൽ ശരിക്കും വിഷമിക്കുമായിരുന്നു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്. കഥാപാത്രത്തിന്റെ സമയമോ സീനുകളുടെ എണ്ണമോ അല്ല. ഉള്ളസമയത്ത് പ്രേക്ഷകർക്ക് നൽകുന്നൊരു പ്രകടനമുണ്ടല്ലോ അതാണ് പ്രധാനം.

സിനിമയാണ് ലോകം
നാളുകൾക്കുശേഷം അഭിനയിക്കുമ്പോൾ ഐ ഫീൽ വെരി ഗുഡ്. വീട്ടിൽ എല്ലാവരും സിനിമയിലാണ്. അമ്മ, ഇന്ദ്രൻ, മകൾ, പൃഥ്വി, സുപ്രിയ അങ്ങനെ എല്ലാവരും. സിനിമയാണ് ഞങ്ങളുടെ ബ്രെഡ് ആന്റ്‌ ബട്ടർ. 17 വർഷം സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അതൊരു നീണ്ട ഇടവേളയായി തോന്നിയിട്ടില്ല. ക്യാമറയുടെ മുന്നിലേക്ക് വീണ്ടും വരുമ്പോൾ അത് വലിയ മാറ്റംതന്നെയാണെന്ന് മനസ്സിലാക്കുന്നു. കാരണം അത്രമാത്രമൊരു വ്യത്യാസം സിനിമയിൽ സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമ ഏറ്റവും സുന്ദരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈയൊരു കാലഘട്ടത്തിൽ വീണ്ടും അഭിനയിക്കാനായി എന്നൊരു സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.

തുറമുഖത്തെ കാഴ്ചകൾ
രാജീവ് രവി സംവിധാനംചെയ്യുന്ന തുറമുഖം ഒരു ചരിത്രസന്ദർഭം പശ്ചാത്തലമാക്കി കഥപറയുന്ന ചിത്രമാണ്. നിവിൻ പോളിയാണ് നായകൻ. ഞാനും ഇന്ദ്രനും പ്രധാനവേഷങ്ങളിലുണ്ട്. വൈറസ്‌പോലെതന്നെ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പ്രോജക്ടാണ് അതും. അതിൽ ഒരു ചലഞ്ചിങ്ങായ റോളാണ്. എനിക്ക് ചെയ്യാൻപറ്റുമോ എന്ന്‌ സംശയമുണ്ടായിരുന്നു. എന്നെക്കാൾ ഉയരത്തിൽ നിൽക്കുന്ന കഥാപാത്രമാണത്. എന്നെക്കൊണ്ട് ആവുന്നരീതിയിൽ ചെയ്തിട്ടുണ്ട്. പിന്നെ ഇത്തരം ചലഞ്ചിങ് കഥാപാത്രങ്ങൾ ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യാനാ. അവസരം വീണ്ടും വാതിലിൽ വന്ന്‌ മുട്ടില്ലല്ലോ.

വൈറസിലും തുറമുഖത്തിലും ഞാനും ഇന്ദ്രനും കോമ്പിനേഷൻ സീനുകളില്ല. അഭിനയിക്കാനിറങ്ങുമ്പോൾ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രമാണ് നോക്കിയത്. പിന്നീടാണ് ഇങ്ങനെയൊരു ചോദ്യമുണ്ടല്ലോ എന്നും അത് എല്ലാവരും ചോദിക്കുമെന്നും ചിന്തിച്ചത്.

ഈ നിമിഷം ആസ്വദിക്കുക
എല്ലാം കറക്ടറായി നടത്തിക്കൊണ്ടുപോകുക എന്നത് സിനിമയിൽ മാത്രം നടക്കുന്ന കാര്യമാണ്. ജീവിതത്തിൽ ശരിക്കും ഒരു സർക്കസാണ്. പിന്നെ നമ്മൾ ആസ്വദിച്ച് ചെയ്യുന്ന എന്തും ഭംഗിയാകും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മറിച്ച് ജോലിയായി കണ്ടുതുടങ്ങിയാൽ മടുപ്പ് തുടങ്ങും. ഒരുപാട് തിരക്കുകളുണ്ടെങ്കിലും ഈ നിമിഷംവരെ എല്ലാം ഞാൻ ആസ്വദിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഒരു നടി എന്നതിനപ്പുറം ഒരു വ്യക്തി എന്നനിലയിൽ ജീവിതത്തിൽ മാറ്റംവരുത്തിയ രണ്ട്‌ സിനിമകളിൽ ഒന്നാണ് വൈറസ്. ഓർക്കാനും പഠിക്കാനും ഒരുപാട് നല്ല സന്ദർഭങ്ങൾ തന്നു. എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു സന്ദർഭം ഉണ്ടാകും. ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അവന്റെ മനസ്സിലേക്ക് പകർത്താൻതക്ക സന്ദർഭങ്ങൾ ഈ സിനിമ സമ്മാനിക്കട്ടെ.