നവാഗതനായ അരുണ്‍ ഓമന സദാനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  'മാനസാന്തരപ്പെട്ട യെസ്ഡി'. ജീന്‍സും ടീഷര്‍ട്ടുമൊക്കെ അണിഞ്ഞു ന്യൂജന്‍ ഭാവത്തില്‍ ചെത്തി നടക്കുന്ന ഏബ്രഹാമെന്ന ചെത്തനാപ്പിയായിട്ടാണ് പി. ബാലചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്.

അറിയപ്പെടുന്ന മെക്കാനിക്കാണ് പാപ്പി. എന്നാല്‍ പാപ്പിയെ  തോല്‍പ്പിക്കാന്‍ ചേട്ടന്‍ ഏബ്രഹാം മറ്റൊരു വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. ഏബ്രഹാമിന്റെ വിളിപ്പേരാണ് ചെത്തനാപ്പി. 
പാപ്പിയും ചെത്തനാപ്പിയും തമ്മില്‍ എപ്പോഴും വഴക്കിലാണ്. ഇവരുടെ വഴക്ക് തീര്‍പ്പാക്കാനും തമ്മില്‍ത്തല്ല് ഒഴിവാക്കാനുംവേണ്ടി നാട്ടുകാര്‍ ഒരു തീരുമാനമെടുത്തു. പാപ്പിയും ചെത്തനാപ്പിയും തമ്മിലുള്ള ഏതുവഴക്കും ബൈക്ക് റേസ് നടത്തി തീര്‍ക്കണം. ഇത്തരം മത്സരത്തില്‍ ഉപയോഗിച്ചിരുന്ന അവരുടെ പ്രിയ യെസ്ഡി ബൈക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ പീലിപ്പോസ് എന്ന വ്യക്തിയുടെ കൈയിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ ഇവരുടെ മാറ്റങ്ങളാണ് 'മാനസാന്തരപ്പെട്ട യെസ്ഡി' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
വാട്ടര്‍ഫാം ബാനറില്‍ അരുണ്‍ ഓമന സദാനന്ദന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ പാപ്പിയായി ജയനും ചെത്തനാപ്പിയായി പി. ബാലചന്ദ്രനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീലിപ്പോസായി ഇന്ദ്രന്‍സ് എത്തുന്നു. നാടകരംഗത്തെ ജെയിംസ് ഏലിയ, അപ്പുണ്ണി ശശി, മിമിക്രി ആര്‍ട്ടിസ്റ്റായ ശിവദാസ് മട്ടന്നൂര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കൊച്ചിയിലെ പ്രശസ്ത അഭിനയക്കളരിയായ സജീവന്റെ ആക്ട് ലാബിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.
ഒരു കാലഘട്ടത്തില്‍ ഏവരുടെയും ഹരമായിരുന്നു യെസ്ഡി ബൈക്ക്. ഇങ്ങനെയുള്ള ഒരു യെസ്ഡിയുടെ 1978 മുതല്‍ 2015 വരെയുള്ള കഥയാണ് നര്‍മത്തിലൂടെ മാനസാന്തരപ്പെട്ട യെസ്ഡി എന്ന 
ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
കോഴിക്കോട് അടിവാരത്തില്‍ നിന്നും തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്ന വഴിയിലുള്ള മനോഹരമായ ചെമ്പുകടവ് എന്ന ഗ്രാമത്തിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അഖില്‍ ശശിധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് ബൈജു ധര്‍മജന്‍ സംഗീതം പകരുന്നു.
കല: അരുണ്‍ സുഗതന്‍, മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം: രാജേഷ് മോഹന്‍, അമ്പിളി, എഡിറ്റര്‍: അരുണ്‍ ഓമന സദാനന്ദനന്‍, ജിതിന്‍ മോഹന്‍, പരസ്യകല: ആര്‍ട്ട് ഋഷി പ്രൊജക്ട്, ശബ്ദമിശ്രണം: അനൂപ് തിലക്, പശ്ചാത്തലസംഗീതം: അരുണ്‍വര്‍മ, സഹനിര്‍മാണം: സി.കെ.സദാനന്ദന്‍.
ഹോളിവുഡിലെ പ്രശസ്ത അഭിനയക്കളരിയായ ലീസ്ട്രാസ് ബെര്‍ഗിലെ പൂര്‍വവിദ്യാര്‍ഥിയാണ് സംവിധായകനായ അരുണ്‍ ഓമന സദാനന്ദന്‍. വാര്‍ത്താ പ്രചാരണം: എ.എസ്. ദിനേശ്.