അനാർക്കലിക്കുശേഷം പൃഥ്വിരാജ്-ബിജു മേനോൻ-സച്ചി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പനായി ബിജുമേനോനെത്തുമ്പോൾ പട്ടാളത്തിൽനിന്ന് വിരമിച്ച ഹവിൽദാർ കോശിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥയെഴുതുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ്. അയ്യപ്പനും കോശിയും.
സംവിധായകൻ രഞ്ജിത്ത് ചിത്രത്തിൽ കുര്യൻ എന്ന മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
തന്റെ കരിയറിലെ ഒരു റിയൽ മാസ് എന്റർടെയ്‌നറായിരിക്കും അയ്യപ്പനും കോശിയും എന്നാണ് സംവിധായകൻ സച്ചി പറയുന്നത്.
സാബുമോൻ, അനു മോഹൻ, ജോണി ആന്റണി, സംവിധായകൻ അജി ജോൺ, അനിൽ നെടുമങ്ങാട്, ഷാജു ശ്രീധർ, കോട്ടയം രമേഷ്, നന്ദു ആനന്ദ്, പ്രവീൺ പ്രേംനാഥ്, സലീഷ് എൻ. ശങ്കരൻ, വിനോദ് തോമസ്, റെനിത്ത് ഇളമാട്, ബെൻസി എന്നിവർക്കൊപ്പം നായികനിരയിൽ അന്നാ രേഷ്മ രാജനും ഗൗരി നന്ദയും അണിനിരക്കുന്നു. സംഗീതം ജേയ്ക്ക് ബിജോയ്. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.