സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോൻ, അഹമ്മദ്, മീരാ കൃഷ്ണൻ, സംവിധായകരായ മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ശോഭനയും സുരേഷ് ഗോപിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാരംഗത്തേക്ക് എത്തുന്നത്. സന്തോഷ് ശിവൻ, ജി.വേണുഗോപാൽ എന്നിവരുടെ മക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ടീസറില്ലെന്ന് പ്രഖ്യാപിച്ച അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം ആദ്യഗാനം പുറത്തുവിട്ടിരുന്നു. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ബൊമ്മക്കൊലു ആഘോഷമാണ് പാട്ടിന്റെ പശ്ചാത്തലം. കാർത്തിക്കും ചിത്രയും ചേർന്നാണ് ആലാപനം.
എം സ്റ്റാർ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെ വേഫാറർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരൻ നിർവഹിക്കുന്നു. ദുൽഖർ സൽമാന്റെ നിർമാണക്കമ്പനിയാണ് വേഫാറർ. കുറുപ്പ്, അശോകന്റെ ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു പിന്നാലെ ദുൽഖർ നിർമിക്കുന്നത്.
സന്തോഷ് വർമയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം നിർവഹിക്കുന്നു. എഡിറ്റർ: തൊബി ജോബി.