കാർത്തിയെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് തമ്പി. സത്യരാജും ജ്യോതികയും മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമ്പി ഒരു ഫാമിലി ത്രില്ലറാണ്. നിഖില വിമലാണ് ചിത്രത്തിൽ കാർത്തിയുടെ നായിക. വിജയചിത്രമായ ‘കൈദി’ക്കു ശേഷം പ്രദർശനത്തിന് എത്തുന്ന കാർത്തിചിത്രമാണിത്. സംവിധായകൻ ജിത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. അൻസൻ പോൾ, ഹരീഷ് പേരടി , ഇളവരസു, രമേഷ് തിലക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്ന ‘തമ്പി’ ക്രിസ്‌മസ്-പുതുവത്സര ചിത്രമായി ഡിസംബർ 20-ന് പ്രദർശനത്തിനെത്തും. വയാകോം 18 സ്റ്റുഡിയോസും പാരലൽ മൈൻഡ് പ്രൊഡക്‌ഷൻ സൂരജ് സദാനയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദ ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്
(നെറ്റ്ഫ്‌ളിക്‌സ്)
ഭയമെന്ന വികാരത്തിന് വെബ്‌സീരിസുകൾക്കിടയിൽ വലിയ ഡിമാൻഡാണ്. അത് കൃത്യമായി മുതലെടുക്കാൻ അമേരിക്കൻ സീരിസായ ദ ഹോണ്ടിങ് ഓഫ് ഹിൽ ഹൗസിന് സാധിച്ചിട്ടുണ്ട്. മൈക്ക് ഫ്‌ളാനഗൻ സംവിധാനംചെയ്ത സീരിസ് ഷിർലി ജാക്‌സന്റെ ഇതേപേരിലുള്ള നോവലിനെ ആധാരമാക്കിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകർ ഇതിനോടകം വെബ്‌സീരിസ് കണ്ടുകഴിഞ്ഞു. ആമിഷേൽ ഹൂയിസ്‌മാൻ, കാർല ഗുഗീനോ, ഹെന്റി തോമസ്, എലിസബത്ത് റീസർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 10 എപ്പിസോഡുകളാണ് സീരീസിലുള്ളത്.
ദ ഫാമിലി മാൻ(ആമസോൺ പ്രൈം)
മലയാളനടൻ നീരജ് മാധവ് വില്ലനായി വേഷമിട്ട ഇന്ത്യൻ വെബ് സീരീസാണ് ദ ഫാമിലി മാൻ. രാജ് നിദിമൊരു, കൃഷ്ണ ഡി.കെ. എന്നിവർ ചേർന്ന് സംവിധാനംചെയ്ത സീരീസ് ആമസോൺ പ്രൈം വഴിയാണ് പുറത്തിറങ്ങിയത്.
മനോജ് ബാജ്‌പേയിയാണ് നായകനായി വേഷമിടുന്നത്. മറ്റൊരു മലയാളിതാരമായ പ്രിയാമണിയും സുപ്രധാന വേഷത്തിൽ സീരീസിലുണ്ട്. ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തെയാണ് മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്നത്. മിഡിൽക്ലാസ് ഗൃഹനാഥനായ ശ്രീകാന്ത് അതേസമയം എൻ.ഐ.എ.യുടെ സ്‌പെഷ്യൽ സെല്ലിനുവേണ്ടിയും ജോലിചെയ്യുന്നു. ജോലിസംബന്ധമായി രാജ്യത്തെയും തന്റെ കുടുംബത്തെയും സംരക്ഷിക്കേണ്ടിവരുന്ന ശ്രീകാന്തിന്റെ കഥയാണ് ഫാമിലി മാൻ പറയുന്നത്. മൂസ റഹ്‌മാൻ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്. സുചിത തിവാരിയായി പ്രിയാമണിയും വേഷമിടുന്നു. ഷരീബ് ഹഷ്മി, കിഷോർ, വേദാന്ത് സിൻഹ, പവൻ ചോപ്ര, ശ്രേയ ധന്വന്തരി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യത്തെ സീസണിൽ 10 എപ്പിസോഡുകളാണുള്ളത്. എല്ലാ എപ്പിസോഡുകളും ഒരുദിവസംതന്നെയാണ് റിലീസ്ചെയ്തത്.