ദിലീപ് - നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്, സിനിമാരംഗത്തേക്ക് കടക്കുന്നു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രം നിർമിക്കുന്നത് നാദ് ഗ്രൂപ്പാണ്.സിദ്ദിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസൈൻ ഏലൂർ, ഷൈജോ അടിമാലി, ഉർവശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശ്വതി തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സജീവ് പാഴൂരാണ്. ഛായാഗ്രഹണം അനിൽ നായർ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷതന്നെ സംഗീതം പകരുന്നു. വാർത്താപ്രചാരണം എ.എസ്. ദിനേശ്.
മുന്തിരിമൊഞ്ചൻ
നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മ്യൂസിക്കൽ റൊമാൻറിക് കോമഡിചിത്രമാണ് മുന്തിരിമൊഞ്ചൻ: ഒരു തവള പറഞ്ഞ കഥ. കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് മുന്തിരിമൊഞ്ചന്റെ കഥ വികസിക്കുന്നത്.
ഗൗരവമായ ചില വിഷയങ്ങളെ രസകരമായി സമീപിച്ച് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മുന്തിരിമൊഞ്ചൻ മാറ്റുന്നു.ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ഹരിശങ്കർ, വിജേഷ് ഗോപാൽ എന്നിവർ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിലുണ്ട്.
ഇന്നസെൻറ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണുനമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പി.കെ. അശോകനാണ് നിർമാണം.
ഡ്രൈവിങ് ലൈസൻസ്
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനംചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ സുപ്രിയാ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ദീപ്തി സതിയും മിയാ ജോർജുമാണ് നായികമാർ. ലാലു അലക്‌സ്, സലിംകുമാർ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ്. ശിവജി ഗുരുവായൂർ, നന്ദു, അരുൺ, നന്ദു പൊതുവാൾ എന്നിവരും പ്രധാന താരങ്ങളാണ്. സച്ചിയുടെതാണ് തിരക്കഥ. സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് യാസൻ ഗ്യാരി പെരേര. നെഹാ നായർ.അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. വാർത്താപ്രചാരണം: വാഴൂർ ജോസ്.
മിതാലിയുടെ കഥ പറയാന്‍ തപ്സി
ആണുങ്ങൾക്കുമാത്രമുള്ള കളിയെന്ന് പറയാതെപറഞ്ഞുവെച്ചതായിരുന്നു, ക്രിക്കറ്റിനെ. അപ്പോഴാണ്, ക്രിക്കറ്റിൽ ഉണ്ടും ഉറങ്ങിയും ജീവിക്കുന്ന ഒരു ജനതയുടെ മുൻപിലേക്ക് മിതാലി രാജും കൂട്ടരും എത്തുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലൈം ലൈറ്റിലേക്കുയർന്നതും അതോടെയാണ്. അങ്ങനെ ക്രിക്കറ്റ്‌ദൈവങ്ങളുടെ ഇടയിൽ മിതാലി രാജും ‘വിമൻ ഇൻ ബ്ലൂ’ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ടീമുംകൂടി ഇടംപിടിച്ചു. ഇന്ത്യൻ വുമെൺസ് നാഷണൽ ക്രിക്കറ്റ് ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ത്രസിപ്പിക്കുന്ന ജീവിതം വെള്ളിത്തിരയിലേക്കെത്തുകയാണ്. രണ്ടുവർഷം മുൻപ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പ്രിയങ്ക ചോപ്രയുൾപ്പെടെ പല പേരുകളും നായികാസ്ഥാനത്തേക്ക് പറഞ്ഞുകേട്ടു. ഇനിയിപ്പോൾ കൺഫ്യൂഷൻ വേണ്ട, മിതാലിയാകാൻ തപ്സി പന്നുതന്നെ മതി എന്നാണ് സംവിധായകൻ രാഹുൽ ധൊലാക്കിയ പറയുന്നത്.
സബാഷ് മിതു എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചത് മിതാലി രാജിന്റെ 37-ാം ജന്മദിനത്തിലാണ്. സൂർമയിലെയും അനുരാഗ് കശ്യപിന്റെ മൻമർസിയാനിലെയും ഹോക്കി താരമായ കഥാപാത്രങ്ങൾക്കും സാന്ദ് കി ആംഖിലെ ഷൂട്ടർക്കുംശേഷം വീണ്ടും ഒരു സ്പോർട്‌സ് താരമായി എത്തുകയാണ് തപ്സി. വിയാകോം 18 സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.
വലിയ പെരുന്നാൾ
ഡിമൽ ഡെന്നിസ് സംവിധാനംചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം പ്രധാനവേഷത്തിൽ
ഷെയിൻ നിഗം നായകനാകുന്ന ചിത്രമാണ് വലിയപെരുന്നാൾ. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്ന ചിത്രം അൻവർ റഷീദ് അവതരിപ്പിക്കുന്നു. വലിയ പെരുന്നാൾ സംവിധാനംചെയ്തിരിക്കുന്നത് നവാഗതനായ ഡിമൽ ഡെന്നിസ് ആണ്. ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. പുതുമുഖമായ ഹിമിക ബോസ് നായികയാകുന്നു.
ഫോർട്ട് കൊച്ചി മട്ടാഞ്ചേരിഭാഗത്ത് ജീവിക്കുന്ന ഒരുകൂട്ടം ആളുകളും, അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളും, ദൈനംദിനജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം. ക്യാപ്റ്റൻ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി വലിയ പെരുന്നാളിനുണ്ട്.
റെക്സ് വിജയന്റെ സംഗീതത്തിൽ വരുന്ന വലിയ പെരുന്നാളിന്റെ ഗാനരചന അൻവർ അലിയും സജു ശ്രീനിവാസനും, എസ്.എ. ജലീലും കെ.വി. അബൂബക്കറും, ഡിമലും ആണ്. സിജു എസ് ബാവ ക്രിയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റർ വിവേക് ഹർഷനും സംഘട്ടനങ്ങൾ മാഫിയ ശശിയുമാണ്. വലിയ പെരുന്നാളിൽ ജോജു ജോർജ്, അലൻസിയർ, ധർമജൻ ബോൾഗാട്ടി, ക്യാപ്റ്റൻ രാജു, നിഷാന്ത് സാഗർ, സുധീർ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുൽ കുൽക്കർണി, റാസാ മുറാദ് എന്നിങ്ങനെ ഒരു ശക്തമായ താരനിര ചിത്രത്തിലുണ്ട്.വാർത്താപ്രചാരണം: അരുൺ പൂക്കാടൻ.
ഹൃദയം കവരാൻ
പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ഹൃദയം. ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മേരിലാൻഡ് സിനിമാസ് നീണ്ട ഇടവേളയ്ക്കുശേഷം തിരച്ചെത്തുന്നു എന്ന പ്രത്യേകതയും 'ഹൃദയ'ത്തിനുണ്ട്. മേരിലാൻഡിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഓണത്തിന് സിനിമ പ്രദർശനത്തിനെത്തിക്കാനാണ് പദ്ധതി. പ്രിയദർശൻ സംവിധാനംചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവും കല്യാണിയും പ്രധാന വേഷങ്ങളിലുണ്ട്.
പടവെട്ടാൻ നിവിൻ
നിവിൻ പോളിയെ നായകനാക്കി സണ്ണി വെയ്ൻ നിർമിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. നവാഗതനായ ലിജിൻ കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്. അരുവി എന്ന തമിഴ്‌ചിത്രത്തിലൂടെ തിളങ്ങിയ അതിഥി രവിയാണ് നായിക. അതിഥിയുടെ ആദ്യ മലയാളചിത്രംകൂടിയാണിത്. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, കൈനകരി തങ്കരാജ്, സുബീഷ്, അനിൽ നെടുമങ്ങാട്, രമ്യാ ഹരിദാസ്, ഭാനുമതി, എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഗ്രാമീണരും ഈ ചിത്രത്തിലഭിനയിക്കുന്നു.
അൻവർ അലിയുടെ ഗാനങ്ങൾക്ക് ഈണംപകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ദീപക് ഡി. മേനോനാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി. സുര്യാ സിനിമ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാർത്താപ്രചാരണം: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
‘1917’ - യുദ്ധചിത്രവുമായി സാം മെൻഡിസ്
അമൃത ചന്ദ്രശേഖർ
പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട സംവിധായകൻ സാം മെൻഡിസിന്റെ, ആരാധകർക്കുള്ള ക്രിസ്‌മസ് സമ്മാനമായി, ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തുകയാണ് ‘1917’. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ധീരന്മാരായ ജവാന്മാരുടെ കഥ പറയുന്ന ചിത്രമാണ് 1917. സാം മെൻഡിസും ക്രിസ്റ്റി വിൽസൺ കെയ്ൻസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഓസ്കർ ജേതാവ് റോജർ ഡീക്കിൻസിന്റെ അസാധാരണമായ ഒരൊറ്റ ടേക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രമായ സ്പെക്ടറിലെ ഓപ്പണിങ് സീനിൽ ഒറ്റ ടേക്കിലെ ചിത്രീകരണം പരീക്ഷിച്ചപ്പോൾ ഒരു ചിത്രം മുഴുവനായും ആ രീതിയിൽ ചിത്രീകരിക്കാൻ താൻ ആലോചിച്ചിരുന്നെന്ന് മെൻഡിസ് പറയുന്നു. ജാർഹെഡ്, റെവലൂഷണറി റോഡ്, സ്കൈഫാൾ എന്നീ ചിത്രങ്ങളിൽ റോജറും സാം മെൻഡിസും ഒരുമിച്ച് പ്രവർത്തിച്ചതിനാൽ ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ‘1917’ ഉം വൻ വിജയമാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
മെൻഡിസിനോട് അദ്ദേഹത്തിന്റെ പിതാമഹനായ ആൽഫ്രെഡ് മെൻഡിസ് പറഞ്ഞ ഒരു വിവരണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ അദ്ദേഹത്തിന് സമർപ്പിക്കുന്നുവെന്ന് മെൻഡിസ് വ്യക്തമാക്കി. ചിത്രത്തിൽ ജോർജ് മക്കേ, ഡീൻ- ചാൾസ് ചാപ്മാൻ എന്നിവരെക്കൂടാതെ മാർക്ക് സ്ട്രോങ്, ആൻഡ്രൂ സ്കോട്ട്, റിച്ചാഡ് മാഡൻ, ക്ലെയർ ഡുബർക്ക്, കോളിൻ ഫിർത്ത്, ബെനഡിക്ട് കുംബർബാച്ച് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. അംബ്ലിൻ എന്റർടെയിൻമെന്റിൽ യൂണിവേഴ്സൽ പിക്‌ചേഴ്സ് റിലീസ്ചെയ്യുന്ന യുദ്ധചിത്രത്തിന്റെ ബജറ്റ് 100 മില്യൻ ഡോളറാണ്.