വെള്ളിത്തിരയിൽ പഴശ്ശിയുടെ യുദ്ധം മലയാളി കണ്ടിട്ട് പത്തുവർഷം. മാമാങ്കത്തിലൂടെ വീണ്ടും മമ്മൂട്ടി വെള്ളിത്തിരയിൽ യുദ്ധകാഹളം മുഴക്കാനെത്തുമ്പോൾ കൂടെ കൈതേരി മാക്കവുമുണ്ട്. പഴശ്ശിരാജയിലൂടെ മലയാളികളുടെ പ്രിയനടിയായ കനിഹ മാമാങ്കത്തിലെത്തുന്നത് ചിരുദേവി എന്ന കഥാപാത്രമായാണ്. സിനിമയും കുടുംബവും ബിസിനസുമെല്ലാം വിജയകരമായി കൊണ്ടുപോകുന്ന കനിഹ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
കരുത്താണ് കഥാപാത്രം
മലയാള സിനിമയിലെ ഓരോ കാര്യവും വളരെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ. മാമാങ്കം സിനിമ വരുന്നതിനെക്കുറിച്ചുള്ള വാർത്തകൾ അദ്‌ഭുതത്തോടെയാണ് കേട്ടിരുന്നത്. ഒരുദിവസം പത്മകുമാർ സാറിന്റെ ഫോൺകോൾ വന്നു. അദ്ദേഹത്തിന്റെ രണ്ട് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മാമാങ്കത്തിൽ കനിഹയ്ക്ക് നല്ലൊരു കഥാപാത്രമുണ്ട് വരണം എന്നദ്ദേഹം പറഞ്ഞു. കഥപോലും കേൾക്കാതെ ഞാൻ സമ്മതമറിയിച്ചു. ചന്ദ്രോത്ത് ചന്തുണ്ണിയുടെ (അച്യുതൻ) അമ്മയായ ചിരുദേവി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മകനെ ചാവേറായി യുദ്ധത്തിനയയ്ക്കേണ്ടിവരുന്ന ഒരമ്മയുടെ ആത്മസംഘർഷങ്ങൾ ഉൾച്ചേർന്ന കഥാപാത്രം. യുദ്ധരംഗങ്ങളിൽ ഇല്ലെങ്കിലും ശക്തയായ സ്ത്രീകഥാപാത്രമെന്ന നിലയിൽ പ്രേക്ഷകരുടെ മനസ്സിൽ ചിരുദേവി ഇടംനേടും എന്നാണ് പ്രതീക്ഷ.
ഫാൻഗേൾ
പഴശ്ശിരാജയിൽനിന്ന് തീർത്തും വ്യത്യസ്തമായ സിനിമയും കഥാപാത്രവുമാണ് മാമാങ്കത്തിലേക്ക്. കൈതേരി മാക്കം എന്ന കഥാപാത്രം യോദ്ധാവും തമ്പുരാനുമായ പഴശ്ശി കേരളവർമയുടെ ഭാര്യയായിരുന്നു. സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്ന രാജ്ഞികഥാപാത്രം. ആ കഥാപാത്രമാണ് എന്നെ മലയാളിക്ക് പ്രിയപ്പെട്ടവളാക്കിയത്. മാമാങ്കത്തിലേക്കെത്തുമ്പോൾ അമ്മയാണ്. കൈതേരി മാക്കവുമായി ഒരു സാമ്യവുമില്ല. മമ്മൂക്കയും ഞാനും മാത്രമാണ് രണ്ടിലും ഉള്ള സാമ്യത. പക്ഷേ, മാമാങ്കത്തിലെത്തുമ്പോൾ മമ്മൂക്കയുമൊത്ത് വിരലിലെണ്ണാവുന്ന സീനുകൾ മാത്രമേ എനിക്കുള്ളൂ. അന്നും ഇന്നും മമ്മൂക്കയുടെ ഫാൻഗേളാണ് ഞാൻ. ഞങ്ങൾ ഒന്നിച്ച് ആറ് സിനിമകൾ ചെയ്തു. എന്നിട്ടും മാമാങ്കത്തിലെ ആദ്യ കോമ്പിനേഷൻ ഷോട്ട് എടുക്കുമ്പോൾ എനിക്ക് ടെൻഷനായിരുന്നു.
എന്റെ ശരികൾ
അഭിനേതാവ് എന്നനിലയിൽ എപ്പോഴും മികച്ച പ്രകടനം നടത്താനുള്ള ഇടം കിട്ടണം എന്നതിനാണ് ഞാൻ ശ്രദ്ധനൽകുന്നത്. കുടുംബം, ബിസിനസ് തുടങ്ങി എല്ലാം ഒന്നിച്ച് കൊണ്ടുപോകുന്നയാളാണ്. അതുകൊണ്ട് തുടർച്ചയായി സിനിമകൾ ചെയ്യാറില്ല. ചെയ്യുന്നതിന് മികച്ചതായിരിക്കണം എന്നതാണ് തീരുമാനം. കാരണം ഞാൻ സമയത്തെ അത്രമാത്രം വിലമതിക്കുന്നു. ചെയ്ത സിനിമകളിൽ ബ്ലോക്ക് ബസ്റ്ററുകളും ഫ്‌ളോപ്പുകളും എല്ലാം ഉണ്ടായിരിക്കാം. എന്നാൽ എന്റെ എല്ലാ തിരഞ്ഞെടുക്കലും എന്റെ ശരികളാണ്. എടുത്ത തീരുമാനത്തെക്കുറിച്ച് പിന്നീട് ദുഃഖിക്കാറില്ല.
ട്വന്റി-ട്വന്റി
കല്യാണത്തിനുശേഷം മലയാളം സിനിമകൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. കല്യാണം കഴിഞ്ഞ നടിമാർക്ക് തമിഴിൽ നായികയാകാനുള്ള അവസരം കുറവാണ്. കുറേ മുൻധാരണകൾ അവർക്കുണ്ട്. വിവാഹശേഷം എന്നെ വിളിച്ച റോളുകൾപോലും മറ്റൊരു രീതിയിലുള്ളവയായിരുന്നു. അതിനാൽ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. എന്നാൽ മലയാളത്തിൽ ആ പ്രശ്നമില്ല. കഴിഞ്ഞ വർഷമാണ് വിജയ് സേതുപതിക്കൊപ്പമുള്ള സിനിമയിലേക്ക് വിളിവന്നത്. അതാണ് തമിഴിലേക്ക് തിരിച്ചുവരാനുള്ള കഥാപാത്രം എന്ന് തോന്നി. ശ്രീലങ്കൻ അഭയാർഥിയുടെ റോളാണ് എന്റെത്. യാദും ഉറേ യാവേറും കേളിൽ എന്നാണ് സിനിമയുടെ പേര്. 2020-ലാണ് റിലീസ്. അടുത്തവർഷം മറ്റൊരു മലയാള സിനിമ ചെയ്യാനും പ്ലാനുണ്ട്. .