നിലനില്പിനായുള്ള പോരാട്ടം, പ്രണയം, പ്രതികാരം- ലോകത്തെവിടെയാണെങ്കിലും മനുഷ്യജീവിതം സഞ്ചരിക്കുന്നത് ഒരേ പാതയിൽ. എഴുപത്തിയാറ് രാജ്യങ്ങളിൽനിന്ന് 200-ലധികം ചിത്രങ്ങൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തിയപ്പോൾ വ്യക്തമായത് ഒരേയൊരു കാര്യം. എട്ടുദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്കുശേഷം കൊടിയിറങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേള നമുക്ക് കാണിച്ചുതന്നത് ഒരൊറ്റ കാര്യം. മനുഷ്യരുടെ കഥ ലോകത്തെവിടെയാണെങ്കിലും ഒന്നുതന്നെ.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള വർഷമായിരുന്നു ഇത്. മേളയുടെ 50-ാം പതിപ്പ് തികഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളാണ് ഗോവയിൽ സിനിമാപ്രേമികൾക്ക് മുന്നിലെത്തിയത്. കമ്പോളവത്കരണത്തിന്റെ കടന്നുകയറ്റം സിനിമയുടെ കലാമൂല്യത്തെയും സാമൂഹികപ്രതിബദ്ധതയെയും പ്രതികൂലമായി ബാധിച്ചുവെന്ന് പറയുന്നുവെങ്കിലും ഉത്തമമായ കലാസൃഷ്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിറവിയെടുക്കുന്നുണ്ട്. മേളയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം ചിത്രങ്ങളും ഗൗരവകരമായ വിഷയങ്ങളാണ് കൈകാര്യംചെയ്തത്.
മികച്ച ചിത്രത്തിനുള്ള സുവർണമയൂരപുരസ്കാരം ലഭിച്ച പാർട്ടിക്കിൾസ് ഉദാഹരണമായെടുക്കാം. ആവാസവ്യവസ്ഥയിൽ ചില ഘടകങ്ങൾ വരുത്തുന്ന മാറ്റത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു ബ്ലെയ് ഹാരിസന്റെ ഈ ചിത്രം. ഭാവിയിൽ ലോകത്തിന് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ പ്രവചിക്കുന്ന പാർട്ടിക്കിൾസ് സംവിധായകന്റെ ഭാവനയാണെങ്കിലും മനുഷ്യന് ഒരു മുന്നറിയിപ്പാണ്.പലായനവും അഭയാർഥിപ്രശ്നങ്ങളുംലോകത്തെവിടെയാണെങ്കിലും സങ്കീർണമായ പ്രശ്നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംവിധായകരുടെ ഇഷ്ടവിഷയങ്ങളിലൊന്നാണത്. പ്രണയത്തിന്റെ അല്ലെങ്കിൽ അനാഥത്വത്തിന്റെ പശ്ചാത്തലത്തിൽ അഭയാർഥികൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുന്ന ചിത്രങ്ങൾ 50-ാം ചലച്ചിത്രമേളയിലും പ്രേക്ഷകശ്രദ്ധ നേടി.
അഭിമാനമായി മലയാളം
പോത്തിനുപുറകേയുള്ള വിറളിപിടിച്ച മനുഷ്യരുടെ ഓട്ടത്തിനിടയിൽ സാമൂഹത്തെ കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്. മികച്ച ശബ്ദ, ദൃശ്യ വിന്യാസങ്ങളുടെയും ചടുലമായ രംഗങ്ങളുടെയും അകമ്പടിയോടെ കൃത്യതയോടെ കഥ പറയാൻ കഴിയുന്നതാണ് സംവിധായകന്റെ നേട്ടമെന്ന് ജൂറിയും വിധിയെഴുതിയപ്പോൾ തുടർച്ചയായി രണ്ടാംതവണയും രജതമയൂര പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി കരസ്ഥമാക്കി.
പ്രഭാവതിയമ്മയ്ക്ക് ആദരം ഉഷ ജാദവിലൂടെ
കേരളം കണ്ട എറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായിരുന്നു പ്രഭാവതിയമ്മ എന്ന സ്ത്രീയുടെത്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ മൂന്നാംമുറയ്ക്ക് വിധേയനായി കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ. തന്റെ മകന് നീതി കിട്ടാൻവേണ്ടി പ്രഭാവതിയമ്മ നടത്തിയത് 13 വർഷം നീണ്ട നിയമയുദ്ധമായിരുന്നു.
പ്രഭാവതിയമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിലല്ല, മറാഠിയിൽ. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകൻ ആനന്ദ് മഹാദേവനാണ് ഈ ചിത്രത്തിന്റെ സ്രഷ്ടാവ്. മായി ഘാട്ട് ക്രൈം നമ്പർ. 103/2005 പേരിൽ. മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ പ്രഭാവതിയമ്മ മായി എന്ന കഥപാത്രമായി. മായിയെ മനോഹരമായി അവതരിപ്പിച്ച ഉഷ ജാദവ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് പ്രഭാവതിയമ്മയുടെ ഒറ്റയാൾപോരാട്ടത്തിനുള്ള ആദരമായിരുന്നു.
50 വനിതകൾ, 50 കരുത്തുറ്റ കഥകൾ
ചലച്ചിത്രമേളയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തിയത് 50 വനിതാസംവിധായകരുടെ സിനിമകളാണ്. ഹികാരി സംവിധാനംചെയ്ത ജാപ്പനീസ് ചിത്രം 37 സെക്കൻഡ്‌സ്, കാൻ ചലച്ചിത്രമേളയിൽ ക്വീർ പാം പുരസ്കാരം നേടിയ ഫ്രഞ്ച് സംവിധായിക സെലിൻ സിയാമയുടെ പോർട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ ഹൈലൈറ്റ്. മലയാളിയായ ലക്ഷ്മി രാമകൃഷ്ണൻ സംവിധാനംചെയ്ത ഹൗസ് ഓണർ എന്ന തമിഴ് ചിത്രം ഇന്ത്യൻ പനോരമയിൽ മികച്ച അഭിപ്രായം നേടി.
മേളയിലെ താരങ്ങൾ
ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചനായിരുന്നു മേളയുടെ ഉദ്ഘാടകൻ. അമ്പതാംവാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഐക്കൺ ഓഫ് ഗോൾഡൺ ജൂബിലി പുരസ്കാരം നടൻ രജനികാന്ത് ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമ-സാംസ്കാരിക ലോകത്തിന് നൽകിയ സംഭാവനകളെ കണക്കിലെടുത്ത് സമാപനദിവസത്തിൽ സംഗീതസംവിധായകൻ ഇളയരാജ, നടന്മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ്, അസമീസ് സംവിധായകൻ മഞ്ജു ബോറ തുടങ്ങിയവരെ ആദരിച്ചു.
ഒരേയൊരു രാജ, ഇളയരാജ
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മറ്റാർക്കും ലഭിക്കാത്ത സ്വീകരണമാണ് സംഗീതസംവിധായകൻ ഇളയരാജയ്ക്ക് ലഭിച്ചത്. നൂറുകണക്കിന് സംഗീതപ്രേമികളാണ് ഇളയരാജയെ ഒരുനോക്ക് കാണാനും അദ്ദേഹം നയിക്കുന്ന മാസ്റ്റർക്ലാസിൽ പങ്കെടുക്കാനും തടിച്ചുകൂടിയത്.
എെെങ്ക ഇരുന്തായ് ഇസയെ എന്ന ഗാനം ആലപിച്ചാണ് അദ്ദേഹം മാസ്റ്റർ ക്ലാസിന് തുടക്കമിട്ടത്. പരിപാടിയുടെ മോഡറേറ്ററായിരുന്ന സംവിധായകൻ ബാൽകിയുടെ ആവശ്യപ്രകാരം ഇളയരാജ ആരാധകർക്കുവേണ്ടി ലൈവായി സംഗീതം ചിട്ടപ്പെടുത്തി. തെൻട്രൽ വന്ത് തീണ്ടും പോത്, കെെണ്ണ കലൈമാനേ തുടങ്ങിയ ഗാനങ്ങളും അദ്ദേഹം ആലപിച്ചു.
സംഗീതം എവിടെനിന്നാണ് വരുന്നത് എന്ന ചോദ്യം താൻ പലപ്പോഴും നേരിടേണ്ടിവരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിലും സമാനമായ ചോദ്യം ചിലർ ഉന്നയിച്ചു.
എനിക്ക് സംഗീതമറിയില്ല, എന്നാൽ സംഗീതത്തിന് എന്നെ അറിയാം-എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. വൻ കയ്യടികളോടെയാണ് ഇളയരാജയുടെ മറുപടി സ്വീകരിക്കപ്പെട്ടത്.