ഖിലാഡീ കാ ഖേൽ
ഇന്ത്യൻ സിനിമയിൽ അക്ഷയ് കുമാർ എന്ന പേര് ഏറ്റവും ഉയർന്ന ബ്രാൻഡുകളിലൊന്നായിമാറുന്നു. വലിയ പ്രതിഫലം വാങ്ങുന്ന താരം എന്ന ടാഗ് ലൈൻ തന്റെ ചിരിയ്ക്കൊപ്പം അക്ഷയ് കൂട്ടിച്ചേർത്തു. മിഷൻ മംഗളിന്റെ ഉജ്ജ്വലവിജയത്തിനുശേഷം ഒരു സിനിമയ്ക്ക് താരം ഈടാക്കുന്ന പ്രതിഫലം 72 കോടിയാണ്. ഇതിനോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു ഖിലാഡി മാജിക്കും ഈയിടെ പുറത്തുവന്നു. ഫോർബ്‌സ് മാസികയുടെ കണക്കുകൾപ്രകാരം ലോകത്ത് ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ നാലാംസ്ഥാനത്തെത്തിയിരിക്കുകയാണ് ഖിലാഡി. 2018 ജൂൺമുതൽ 2019 ജൂലായ്‌വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 466 കോടിയാണ് താരത്തിന്റെ വാർഷികവരുമാനം. 


മസിൽ മാൻ സല്ലു
ഒന്നാംസ്ഥാനം നേരിയ വ്യത്യാസത്തിന് നഷ്ടമായെങ്കിലും അക്ഷയ്‌കുമാറിന് തൊട്ടുപുറകിൽ മസിലും പെരുപ്പിച്ചുതന്നെ സൽമാൻഖാനുണ്ട്. വർഷങ്ങളോളം ഒന്നാംസ്ഥാനത്ത് തുടർന്ന് പെട്ടെന്ന് രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ സൽമാന്റെ ആരാധകർക്ക് വലിയ ഞെട്ടലാണുണ്ടായത്. 
സല്ലുവിന്റെ റേസ് 3, ഭാരത്, ട്യൂബ് ലൈറ്റ്‌ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി കാലിടറി. ബജ്‌റംഗി ഭായ്ജാനിലൂടെയും സുൽത്താനിലൂടെയുമെല്ലാം ഉയർന്ന താരമൂല്യത്തിന്റെ ഗ്രാഫ് പെട്ടെന്ന് താഴേക്കിടിയുകയായിരുന്നു. എങ്കിലും 60 കോടി പ്രതിഫലവുമായി രണ്ടാമതുണ്ട് സൽമാൻഖാൻ.
ബോളിവുഡിലെ എവർഗ്രീൻ മസിൽ ഹീറോ കഴിഞ്ഞവർഷം 280 കോടിയാണ് വാർഷികവരുമാനമായി സ്വന്തമാക്കിയത്. 


മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ്
ആമിർഖാനോളം ലോകസിനിമാലോകത്തെ ഇളക്കിമറിച്ചൊരു ഇന്ത്യൻ താരമില്ല. ആമിറിന്റെ മിക്ക സിനിമകളും വിദേശരാജ്യങ്ങളിൽ നിറഞ്ഞസദസ്സുകളിൽ പ്രദർശിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ചൈനയിൽ. ചൈനക്കാരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ആമിർ. ഇന്ത്യയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ 58 കോടിയുമായി മൂന്നാംസ്ഥാനത്താണ് മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ്. തുടരെ ഹിറ്റുകൾ സമ്മാനിച്ച് പട്ടികയിൽ രണ്ടാംസ്ഥാനത്തുവരെയെത്തിയിരുന്ന ആമിർ, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിന്റെ പരാജയത്തോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഥാപാത്രത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രയത്നിക്കുന്ന ആമിർ കഴിഞ്ഞ ഒരുവർഷംകൊണ്ട് 273 കോടിയാണ് കീശയിലാക്കിയത്. 


ഓൾവേയ്‌സ് കിങ്
രാജാ ഹമേശാ രാജാ എന്നുറക്കെ വിളിച്ചുപറഞ്ഞ് ബോളിവുഡിൽ കിങ് ഖാൻ മൂല്യമുയർത്തിക്കൊണ്ടേയിരിക്കുന്നു. സിനിമകൾ കാലിടറിവീഴുമ്പോഴും താരമൂല്യത്തിന് ഒരു പോറൽപോലും സംഭവിക്കാതെ ഷാരൂഖ് ഖാൻ താരരാജാക്കന്മാരിൽ മുൻനിരയിൽത്തന്നെയുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ നാലാംസ്ഥാനത്താണ് താരം. നിലവിൽ 55 കോടി രൂപയാണ് എസ്.ആർ.കെ.യുടെ പ്രതിഫലം. കഴിഞ്ഞ ഒരുവർഷംകൊണ്ട് 230 കോടി രൂപയാണ് പ്രതിഫലമായി കിങ് ഖാൻ സ്വന്തമാക്കിയത്. അതിൽ ഭൂരിഭാഗവും പരസ്യങ്ങളിൽനിന്നാണ്. 


ഹൃദയത്തിൽ ഹൃത്വിക്
സൂപ്പർ 30, വാർ എന്നീ ചിത്രങ്ങളിലൂടെ ഞാനിവിടെത്തന്നെയുണ്ട് എന്ന് ബോളിവുഡിനെ ഓർമിപ്പിക്കുകയാണ് ഹൃത്വിക്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്ത് കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന ഹൃത്വിക് ഈവർഷം നേടിയ ഹിറ്റുകളുടെ ആത്മവിശ്വാസത്തിലാണ് പ്രതിഫലം കൂട്ടിയത്. കുറച്ചുവർഷങ്ങൾക്ക് മുൻപ് പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ വളരെ പിന്നിലായിരുന്ന താരം തുടർവിജയങ്ങളിലൂടെ താരമൂല്യത്തിൽ വലിയൊരു മുന്നേറ്റമുണ്ടാക്കി. നിലവിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഈ ബോളിവുഡ് ഹാൻസം. 45 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. വാർഷികവരുമാനമായി 201 കോടി രൂപയും ഹൃത്വിക് സ്വന്തമാക്കി. 


ലേഡി  സൂപ്പർസ്റ്റാർ  ദീപിക 
ഒരാൾ പദ്മാവതിലൂടെ താരമൂല്യമുയർത്തി പ്രതിഫലം 15 കോടിയാക്കി ഇന്ത്യൻ സിനിമയിൽ റെക്കോഡിടുന്നു. തൊട്ടുപിന്നാലെ ഝാൻസി റാണിയായി തിളങ്ങി താരമൂല്യമുയർത്തി മണികർണികയിലൂടെ മറ്റൊരാളും പ്രതിഫലത്തുക 15 കോടിയാക്കുന്നു. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി എന്ന കസേരയ്ക്കുചുറ്റും കറങ്ങുകയാണ് ദീപികാ പദുകോണും കങ്കണ റണൗട്ടും. ദീപിക കഴിഞ്ഞവർഷം സിനിമയിൽനിന്നുമാത്രം 113 കോടിയാണ് അക്കൗണ്ടിലേക്ക് എത്തിച്ചത്.
 ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കാനൊരുങ്ങുന്ന കങ്കണ ചിത്രത്തിനായി 23 കോടി പ്രതിഫലം വാങ്ങിയെന്ന വാർത്ത ബി ടൗണിൽ പരക്കുന്നു.