ആനന്ദത്തിനുശേഷം വിനീത്  ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ.’ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെൻ  നായികയാവുന്നു.    ലാൽ, അജു വർഗീസ്, റോണി, നോബിൾ ബാബു തോമസ്, ശ്രീകാന്ത് മുരളി, ബിനു പപ്പു, രാഘവൻ, ആദിനാട് ശശി, ബോണി, തൃശ്ശൂർ എൽസി തുടങ്ങിയവരാണ് മറ്റ്‌ പ്രമുഖ താരങ്ങൾ.    

ടേക്ക് ഇറ്റ് ഈസി
കുടുംബബന്ധങ്ങളുടെ മൂല്യം കുറയുന്നകാലത്ത് ജീവിതം തിരിച്ചുപിടിക്കാനുള്ള മാർഗങ്ങൾ സംഗീതസാന്ദ്രമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമയാണ് ‘ടേക്ക് ഇറ്റ് ഈസി’. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്‌ എന്ന മനഃശാസ്ത്രസമീപനത്തിന്റെ സാധ്യതകൾ അവതരിപ്പിക്കുന്ന സിനിമ തിയേറ്ററുകളിൽ എത്തി. സിനിമയുടെ  തിരക്കഥയും  സംഗീതവും ഒരുക്കിയിരിക്കുന്നത് ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് പ്രൊഫഷണലായ രാജേഷ് ബാബുവാണ്.
സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ വിവാഹമോചനങ്ങൾ കൂടുതലാണ്. ഈ പശ്ചാത്തലത്തിൽ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്‌ എന്ന മനഃശാസ്ത്രസമീപനം ഉപയോഗിച്ച് കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനുമുള്ള ഉപാധികൾ തേടുകയാണ് ‘ടേക്ക് ഇറ്റ് ഈസി’.  ഉജ്ജയിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇ. ഗിരീഷ് തലശ്ശേരി നിർമിച്ച് എ.കെ. സത്താർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആനന്ദ് സൂര്യയാണ് നായകൻ.  പി.കെ. ഗോപി, ജിത്തു തമ്പുരാൻ എന്നിവർ രചിച്ച ഗാനങ്ങളോടൊപ്പം ഒരു സ്വാതിതിരുന്നാൾ കൃതിയും  ത്യാഗരാജ കീർത്തനവും ഉൾപ്പെടുത്തിയിട്ടൂണ്ട്. 

ഉപചാരപൂർവം ഗുണ്ട ജയൻ
ചെമ്പരത്തിപ്പൂവ് എന്ന ചിത്രത്തിനുശേഷം അരുൺ വൈഗ കഥയെഴുതി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’
മൈ ഡ്രീംസ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ സബാബ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിൽ നടക്കും. നാട്ടിലെ ഒരു ഗുണ്ടയും അയാളുടെ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിജു വിൽസൻ, സൈജുക്കുറുപ്പ് ,സുധീർ കരമന, ഹരീഷ് കണാരൻ, ശബരീഷ്, തരികിട സാബു, ബിജു സോപാനം. എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. തിരക്കഥ - രാജേഷ് വർമ. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. എൽദോ ഐസക്കാണ് ഛായാഗ്രാഹകൻ. നിർമാണനിർവഹണം. മനോജ് കാരന്തൂർ. പി.ആർ.ഒ. വാഴൂർ ജോസ് . 

സൂര്യവംശി
കന്നടത്തിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്യുന്ന ചിത്രമാണ് സൂര്യവംശി. കെ. മഞ്ജു സിനിമാ സീൻ ബാനറിൽ കെ. മഞ്ജു നിർമിച്ച് മഹേഷ് റാവു സംവിധാനംചെയ്ത ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു.
കെ.ജി.എഫ്. എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ ശ്രദ്ധേയനായ യാഷ് ആണ് നായകൻ. കന്നട താരങ്ങളായ രാധികാ പണ്ഡിറ്റ്, ദേവരാജ്, തമിഴ്‌ നടൻ ശ്യാം എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.
ആക്‌ഷനും പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള ചിത്രമാണ് സൂര്യവംശി. ചിത്രത്തിലെ ഗാനങ്ങൾ ഉണ്ണി മേനോൻ, സന്തോഷ് സവിത എന്നിവരാണ് പാടിയത്. ഷിബു കല്ലാർ എഴുതിയ ഗാനങ്ങൾക്ക് കൃഷ്ണ ഈണംപകരുന്നു. സിറാജുദ്ദീൻ, ഷബീർ പത്താൻ എന്നിവരുടെ സഹനിർമാണത്തിൽ സെവൻ ജെ. ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ ചിത്രം കേരളത്തിൽ റിലീസ്ചെയ്യുന്നു.

ദമയന്തി 
വലിയ മുതൽമുടക്കോടെ അഞ്ച്‌ ഭാഷകളിലായി നിർമിച്ചിരിക്കുന്ന ചിത്രമാണ് ദമയന്തി. കന്നഡ, മലയാളം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ ഏറെ പ്രതീക്ഷയുണർത്തിയ നവരശനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീലഷ്മി വൃഷാദിരി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.  കന്നഡതാരമായ രാധികാ കുമാരസ്വാമിയാണ്  കേന്ദ്രകഥാപാത്രമായ ദമയന്തിയെ അവതരിപ്പിക്കുന്നത്. ദേവപുര എന്ന രാജകുടുംബത്തിലാണ് കഥ നടക്കുന്ന ഈ കുടുംബത്തിലെ ഒരംഗം സ്വത്ത്‌ തട്ടിയെടുക്കാനായി നടത്തിയ കൊലയ്ക്ക്, പതിനഞ്ചുവർഷത്തിനുശേഷം, ആ കുടുംബത്തിലെ അംഗമായ ദമയന്തി നടത്തുന്ന പ്രതികാരമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. ആർ.എസ്. ഗണേഷ് നാരായണന്റെതാണ് സംഗീതം.