ജോക്കർ- എന്ന്‌ കേൾക്കുമ്പോൾ ഹീത്ത് ലെഡ്ജറെന്ന സൂപ്പർ വില്ലനാണ് ഓർമയിലേക്കെത്തുക. ജോക്കറെന്ന ഒറ്റക്കഥാപാത്രംകൊണ്ട് ഓസ്കർ നേടി ലോകം കീഴടക്കിയവൻ. സീസർ റൊമേരോ, ജാക്ക് നിക്കോൾസൺ, ജെറെഡ് ലെറ്റോ തുടങ്ങിയവരെല്ലാം വിവിധ കാലഘട്ടങ്ങളിലായി പല ചിത്രങ്ങൾക്ക് ജോക്കർവേഷം കെട്ടിയിരുന്നെങ്കിലും ലെഡ്ജറുടെ ജോക്കർവില്ലനെ  അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.
ടോഡ് ഫിലിപ്സ് ഒരുക്കിയ പുതിയ ജോക്കറിൽ ജാക്വിൻ ഫിനിക്സ് പ്രകടനംകൊണ്ട് ആരാധകരെ  ഞെട്ടിക്കുകയാണ്.
ഫിനിക്സിന്റെ അസാധ്യമായ അഭിനയമാണ് ജോക്കറിന്‍റെ കരുത്ത്.
 ഡാർക്ക് നൈറ്റിലെ ജോക്കറിനുവേണ്ടി ഹീത്ത് ലെഡ്ജർ മുറിക്കുള്ളിൽ ദിവസങ്ങളോളം ആരോടും മിണ്ടാതെയും കാണാതെയും ഇരുന്നിരുന്നുവെങ്കിൽ ആർതർ ഫ്ലെക്കിനായി ഫിനിക്സ് 23 കിലോ ഭാരം കുറച്ചാണ് പ്രത്യക്ഷപ്പെട്ടത്. കടുത്ത മാനസികവെല്ലുവിളികളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ ആവാഹിക്കാൻ മൂന്നുതവണ ഓസ്കറിന്‌ പരിഗണിക്കപ്പെട്ട ജാക്വിൻ ഫിനിക്സിനെത്തന്നെ തിരഞ്ഞെടുത്തത് സംവിധായകന്റെകൂടി വിജയമാണ്.
മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ലയൺ ഉൾപ്പടെ മൂന്ന്‌ പുരസ്കാരങ്ങളും നേടി  സിനിമ തിയേറ്ററുകളിലെത്തിയപ്പോൾ ഭിന്നാഭിപ്രായങ്ങളുയർത്തി.
ഗൺ വയലൻസിന്റെ അതിപ്രസരമെന്നും സിനിമ പിൻവലിക്കണമെന്നും ഒരു കൂട്ടം അഭിപ്രായപ്പെട്ടു. എന്നാൽ ജോക്കറെ തിയേറ്ററുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലെത്തിയപ്പോഴേക്കും കോടികളുടെ നേട്ടവുമായി ചിത്രം കുതിക്കുകയാണ്.
ആർതർ ഫ്ളെക്ക്‌ എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ നിർത്താതെയുള്ള ചിരിയുടെ മുഴക്കത്തിലാണ് ജോക്കറിന്റെ തുടക്കം. ഡോക്ടറുടെ മുന്നിലിരിക്കുന്ന ആർതറിന്റെ ആ ചിരി വെറുമൊരു ചിരിയല്ലെന്നും അതൊരുതരം മാനസികാവസ്ഥയാണെന്നും തിരിച്ചറിയുമ്പോൾ ചിത്രത്തിലുടനീളം മറ്റ്‌ കഥാപാത്രങ്ങൾ നൽകുന്ന സഹതാപമാണ് നമ്മളും ആർതർ ഫ്ലെക്ക്‌ എന്ന ജോക്കറിന്‌ നൽകുക. 
സ്യൂഡോ ബുൾബാർ എന്ന മാനസികാവസ്ഥയ്ക്ക്‌ സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ദരിദ്രനായ വ്യക്തിയാണ് ആർതർ. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ നിയന്ത്രണാതീതമായി അയാൾ ചിരിക്കും. ആളുകളുടെ പരിഹാസങ്ങളിൽനിന്നും പീഡനങ്ങളിൽനിന്നും സ്വയരക്ഷയ്ക്കായി അയാൾ തന്റെ അവസ്ഥയെക്കുറിച്ച് ഒരു കാർഡിലെഴുതി സൂക്ഷിക്കാറുണ്ട്. 
പല അവസരങ്ങളിലും ഈ കാർഡ് കാണിക്കും മുൻപേ ആളുകളിൽനിന്ന്‌ കടുത്ത പീഡനങ്ങൾ അയാൾക്ക് ഏൽക്കേണ്ടിവരുന്നു. തന്റെ നിയന്ത്രണത്തിലല്ലാത്ത ഈ മാനസികപ്രശ്നത്തിനും മറ്റുപല അസുഖങ്ങൾക്കുമായി ചികിത്സയിലാണ് ആർതർ. ലോകമറിയുന്ന ഒരു സ്റ്റാൻഡ്അപ്പ് കൊമേഡിയനാകണമെന്ന ആർതറിന്റെ സ്വപ്നത്തിന്‌ വിലങ്ങുതടിയാവുകയാണ് രോഗവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമെല്ലാം.
ചുറ്റുമുള്ളവരാൽ കബളിപ്പിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന നിസ്സഹായനാണ് ആർതർ ഫ്ലെക്ക്‌ എന്ന ജോക്കർ. 
 ആകസ്മികമായ കൊലപാതകങ്ങളിലൂടെയാണ് ജോക്കർ കടന്നുപോകുന്നത്. 
സമൂഹമാണ് ഒരോ ജോക്കറിന്റെയും സൃഷ്ടിക്ക്‌ പിന്നിലെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.