പ്രേമാഞ്ജലി

മംഗലശ്ശേരി നീലകണ്ഠൻ ചാരിക്കിടന്ന ആ ചാരുകസേര, വരിക്കാശ്ശേരി മനയുടെ പൂമുഖം, കോലോത്തെ കുട്ടികൾ, ഇല്ലത്തിന്റെ പാരമ്പര്യം, തമ്പ്രാ, തമ്പ്രാട്ടി, ഓ... അമ്പ്രാ വിളികൾ, സുകൃതക്ഷയം എന്ന നെടുവീർപ്പ്, വള്ളുവനാടൻ കിളിമൊഴി, വെളിച്ചപ്പാട്, സർപ്പക്കാവിലെ സമാഗമം എല്ലാം മലയാളസിനിമയിൽനിന്ന് അന്യംനിന്നുപോയി ‘എന്നങ്ങട് നിരീച്ചിരിക്കുക’യായിരുന്നു, ‘ഇല്ല്യ, എങ്ങടും പോയിട്ടില്ല്യ’, സുരേഷ് നാരായണൻ സംവിധാനം ചെയ്ത പ്രേമാഞ്ജലിയിൽ എല്ലാം ‘ഭേഷെ’ ഉണ്ട്. 
കോലോത്തെ തമ്പുരാന്റെ ചെറുമകളോട്  കോലോത്തെ കാര്യസ്ഥന്റെ മകന് പ്രേമം. അതിനിടയിൽ സിംഗപ്പൂരിൽനിന്ന് മാമന്റെ മകന്റെ വിവാഹാലോചന വരുന്നു. പോരേ പൂരം. (എന്ത്‌ ന്യൂജൻ സിനിമ? ഈ വിഷയംവെച്ച് ഇനിയും 100 സിനിമ എടുക്കാം.) തമ്പുരാൻ ഉദാരമനസ്കനും കലാകാരനും കാര്യസ്ഥന്റെ മകൻ സകലകലാവല്ലഭനും ആണെന്ന്‌ എടുത്തുപറയേണ്ടതില്ലല്ലോ. തമ്പുരാന്റെ ഉദാരമനസ്കതയിൽ ഇടയിൽ രണ്ട്‌ ഓട്ടയിടാൻ കോലോത്തെ അടിച്ചുതളിക്കാരിയും വാല്യക്കാരൻ, അല്ലെങ്കിൽ ആനക്കാരൻ മസ്റ്റാണ്. കാര്യസ്ഥൻ ബാബു നമ്പൂതിരിയാണേൽ പറയണ്ട, തിന്ന ചോറിന് നന്ദി കാണിച്ച ചരിത്രമേയുള്ളൂ. മലയാളസിനിമയിൽ ഏറെ പറഞ്ഞ ഈ ഇല്ലോം കോലോം കഥയാണ്‌ (അഥവാ സവർണ കഥാഖ്യാനങ്ങളുടെ മടുപ്പിക്കുന്ന, ചെടുപ്പിക്കുന്ന നാടകം) പ്രേമാഞ്ജലിയിൽ നിറഞ്ഞുനിൽക്കുന്നത്. അമച്വർ സീരിയലുകളുടെ നിലവാരത്തിലുള്ള ഒരു അപക്വ സിനിമ. എന്തിനാണ് മാറിയകാലത്ത് പാടുപെട്ട് ഈ വരിക്കാശ്ശേരി തറവാടുകഥ പറയുന്നതെന്ന് സംവിധാനവും രചനയും നിർവഹിച്ച സുരേഷ് നാരായണന്‌ മാത്രമേ അറിയാനിടയുള്ളൂ.
വളരെ അൺപ്രൊഫഷണലായിട്ടുള്ള, മൂന്ന്‌ പതിറ്റാണ്ടുമുൻപിറങ്ങിയ, ആളുകൾ ഉപേക്ഷിച്ചുകളഞ്ഞതരം സിനിമകളുടെ അംശങ്ങൾ ചേർത്തുവെച്ചൊരു കാഴ്ചയാണ് പ്രേമാഞ്ജലി. മുഖ്യവേഷത്തിൽ പുതുമുഖങ്ങളും സപ്പോർട്ടിങ് കാസ്റ്റിൽ പരിചിതമുഖങ്ങളുമായി പ്രണയസിനിമ എന്ന പേരിൽ സമ്പൂർണവിരസമായ രണ്ടുമണിക്കൂറാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യവേഷത്തിലെത്തുന്ന പുതുമുഖത്തിന്റെ ആദ്യസീനിലെ അവതരണവും അഭിനയവും സിനിമയുടെ ഗതിയെക്കുറിച്ച്‌ സൂചനനൽകും. പിന്നീട് ഇതെങ്ങനെയാണ് കഴിയുന്നത് എന്ന കാത്തിരിപ്പുമാത്രമാണ് മിച്ചം. ഒരു വലിയ തറവാട്ടിലെ ഇളമുറക്കാരിയും കലാമണ്ഡലം വിദ്യാർഥിനിയും കലാകാരിയുമായ അനന്തരാവകാശി മൈഥിലിയെ കാര്യസ്ഥന്റെ മകൻ ഹരിശങ്കർ പ്രണയിക്കുന്നു. ഇരുവരെയും  പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. ഹരിയായെത്തുന്ന ഹാരിസ് കമാൽ ആകെ പതറിയപ്പോൾ മൈഥിലിയായെത്തിയ പെൺകുട്ടി മോശമാക്കിയില്ല. 
ശ്വേതാ മേനോൻ മാറമ്പള്ളി സുഭദ്ര എന്ന സിനിമയുടെ കുടുംബട്രാക്കിൽനിന്ന്‌ മാറിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംസ്കൃതം പറയുന്നുണ്ടെങ്കിലും സാഹിത്യം വഴിഞ്ഞൊഴുകുന്നുണ്ടെങ്കിലും കഥകളിയും ശ്വേതയുടെ ദുരൂഹമായ ജീവിതവും കൂട്ടിയിണക്കിയുള്ള രംഗങ്ങൾ ചിത്രീകരണംകൊണ്ടും രംഗ, പശ്ചാത്തലസംഗീത മികവുകൊണ്ടും അല്പം നിലവാരം കാട്ടുന്നുണ്ട്. 
ചട്ടക്കാരിയിലെ പഴയ നായകൻ മോഹൻ ആണ് തറവാട്ടുകാരണവരെ അവതരിപ്പിക്കുന്നത്. മറ്റ്‌ നാല്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും പുതിയ കുട്ടികളാണ്. ബാബു നമ്പൂതിരി, ദേവൻ, ഗീതാവിജയൻ, ശ്രീദേവി ഉണ്ണി, ഭാഗ്യലക്ഷ്മി, അനൂപ് ചന്ദ്രൻ എന്നീ പരിചയമുള്ള താരങ്ങളാണ് സപ്പോർട്ടിങ് റോളിലെത്തുന്നത്. കൈതപ്രം വിശ്വനാഥനാണ് സംഗീതം. ഇവരെല്ലാം ചേർന്നാണ്‌ പാതാളത്തിലേക്ക്‌ വീഴാതെ സിനിമയെ പിടിച്ചുനിർത്തുന്നതും ടിക്കറ്റെടുത്ത് അറിയാതെ കയറിപ്പോയവരെ കൊല്ലാതെ വിടുന്നതും.