മഴയത്ത്

കനപ്പെട്ടൊരു പ്രമേയവും ചോർന്നൊലിക്കുന്ന തിരക്കഥയും ചേരുന്നതാണ് സുവീരൻ സംവിധാനംചെയ്ത 'മഴയത്ത്' എന്ന ചിത്രം. മുഖ്യധാരാചിത്രങ്ങൾ അത്രതന്നെ ചർച്ചചെയ്യാത്ത വീക്ഷണകോണിൽനിന്ന് കഥപറയുന്ന ചിത്രം പക്ഷേ, അത് ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു.
വേണുഗോപാലും (നികേഷ് റാം) അയാളുടെ ഭാര്യ അനിതയും (അപർണാ ഗോപിനാഥ്) മകൾ ഉമ്മിയും (നന്ദനാ വർമ) ചേരുന്ന കൊച്ചുകുടുംബത്തെ ചുറ്റിപ്പറ്റിയാണ് 'മഴയത്ത്' വികസിക്കുന്നത്. സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രശ്‌നങ്ങളുണ്ടെങ്കിലും സന്തോഷം നിറഞ്ഞ കുടുംബമാണ് ഇവരുടെത്. അമ്മൾയെക്കാൾ മകൾക്ക് അടുപ്പം അച്ഛനുമായാണ്. അച്ഛനും മകളുമായുള്ള ആത്മബന്ധത്തിൽ അനിതയ്ക്കും സന്തോഷംതന്നെ. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ഈ കുടുംബത്തെ പിടിച്ചുലയ്ക്കുന്നു. അങ്ങനെയൊരു അത്യാഹിതത്തിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന വേണുഗോപാലിന് സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന പ്രതികരണങ്ങൾ ഞെട്ടിക്കുന്നതാണ്.
ഉമ്മിയുടെ വിവരണത്തിലൂടെ ആരംഭിക്കുന്ന ചിത്രം അനിതാ വേണുഗോപാൽ ദമ്പതിമാരുടെ ജീവിതവും ഇവർക്കിടയിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമൊക്കെയാണ് ആദ്യപകുതിയിൽ പറയുന്നത്. രണ്ടാംപകുതിയിൽ കൂടുതൽ സങ്കീർണമായ പ്രശ്‌നങ്ങളിലേക്ക് ചിത്രം ചുവടുമാറ്റുന്നു. വേണുഗോപാലിനുചുറ്റുമുള്ള സമൂഹത്തിൽ പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റങ്ങൾ ചിത്രത്തിന് വേഗം നൽകുന്നുണ്ട്. എന്നാൽ, അവതരണത്തിലെ ബാലാരിഷ്ടതകൾ ഇവിടെ തിരിച്ചടിയാകുന്നു. 
തുടക്കംമുതൽ ചിത്രത്തിലുള്ള നീട്ടിപ്പരത്തിയ സാധാരണ രംഗങ്ങൾ പലപ്പോഴും മടുപ്പിക്കുന്നതായി. എവിടെനിന്നെറിയാതെ വന്ന് അപ്രത്യക്ഷരാകുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും. ചിത്രത്തിൽ വഴിത്തിരിവാകുന്ന സംഭവത്തിന്റെ മൂലകാരണം പ്രേക്ഷകന്റെ ഊഹത്തിന് വിടുന്നതോടുകൂടി ഇരുണ്ട് പെയ്യാൻനിന്ന മഴ(യത്ത്), ഏതാനും തുള്ളികൾ മാത്രം വീഴ്ത്തി അവസാനിക്കുന്നു.
ഏതാനും തമിഴ് ചിത്രങ്ങൾക്കുശേഷം മലയാളത്തിലെത്തുന്ന, ചിത്രത്തിലെ കേന്ദ്രകഥാപാത്രം നികേഷ് റാമിന്റെ പ്രകടനം കാര്യമായ പ്രതീക്ഷകളൊന്നും നൽകുന്നതല്ല. 
സിനിമയ്ക്ക് ഊർജംപകരാൻ അപർണാഗോപിനാഥ്, അനിതയിലൂടെ നടത്തുന്ന ശ്രമങ്ങൾ കെട്ടുറപ്പില്ലാത്ത തിരക്കഥയിൽ തട്ടി തകർന്നുപോകുന്നു. എങ്കിലും, ചില രംഗങ്ങൾ സമൂഹത്തിലെ സ്ത്രീയുടെ നിസ്സഹായാവസ്ഥയുടെ പ്രതീകമായി മാറുന്നുണ്ട്. ഉമ്മിയുടെ വിഹ്വലതകൾ പരമാവധി ഭംഗിയാക്കാൻ നന്ദനാവർമ ശ്രമിച്ചിട്ടുണ്ട്. ഇവരെ കൂടാതെ മനോജ് കെ. ജയൻ, ശാന്തികൃഷ്ണ, നന്ദു, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ പരിചിതരായ താരങ്ങൾ വേറെയുമുണ്ട് ചിത്രത്തിൽ. 
എന്നാൽ, ആർക്കും കാര്യമായ പ്രകടനം നടത്താനുള്ള അവസരമില്ലാതായിപ്പോയി.