അഭിയുടെ കഥ അനുവിന്റേയും

ഏഷ്യൻസിനിമയിലെത്തന്നെ ആദ്യത്തെ വനിതാ ഛായാഗ്രാഹക എന്നറിയപ്പെടുന്ന ബി.ആർ. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ സിനിമയാണ് അഭിയുടെ കഥ അനുവിന്റേയും(തമിഴിൽ അഭിയും അനുവും). പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ടൈറ്റിൽ കഥാപാത്രങ്ങളുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയെന്ന് അവകാശപ്പെടുന്ന അഭിയുടെയും അനുവിന്റെയും കഥ ആദ്യപകുതിയിൽ നിർദോഷമായ, അതികാല്പനികമായ പ്രണയമാണെങ്കിൽ രണ്ടാംപകുതിയിൽ സങ്കീർണമായ മനുഷ്യബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ പരസ്യവാചകത്തിൽ പറയുന്നതുപോലെ സമൂഹം വിലക്കുന്ന ഒരു ബന്ധത്തെക്കുറിച്ചുള്ള ആകുലതകളെക്കുറിച്ചും അത്തരം ബന്ധത്തിൽ പെട്ടുപോയവരെക്കുറിച്ചുമാണ് പറയാൻ ശ്രമിക്കുന്നത്. സിനിമയുടെ കഥാസാരം വെളിപ്പെടുമെന്നതിനാൽ ഇതിൽകൂടുതൽ തൽക്കാലം പറയുന്നില്ല. അധികം പറയാത്ത കഥയാണെങ്കിലും പറഞ്ഞുപഴകിയ ശൈലിയാണ് അഭിയുടെയും അനുവിന്റെയും കഥപറയാൻ വിജയലക്ഷ്മി ഉപയോഗിച്ചിട്ടുള്ളത്. പോപ്പുലർ സിനിമയിൽ ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യുന്നത് അപൂർവമാണെങ്കിലും ഒരു ഫ്രഷ്നെസ് അനുഭവപ്പെടാതിരിക്കുന്നത് ആ ശൈലികൊണ്ടാവണം. രണ്ടുമണിക്കൂറേ ഉള്ളൂവെങ്കിലും വല്ലാതെ വലിച്ചുനീട്ടിയതുപോലെ തോന്നിക്കുന്നുണ്ട് ചിലയിടങ്ങളിൽ. 
ടൊവിനോ തോമസിന്റെ ആദ്യ തമിഴ്സിനിമ എന്നുകൂടി വിശേഷിപ്പിക്കാം അഭിയുടെ കഥയെ. ടൊവിനോ അഭി എന്ന അഭിമന്യുവിനെ അവതരിപ്പിക്കുമ്പോൾ പിയ ബാജ്പേയിയാണ് അനുവിനെ അവതരിപ്പിക്കുന്നത്. അഭി ഒരു സോഫ്റ്റ് വെയർ എൻജിനീയറും അനു ഇടുക്കി വാഗമണ്ണിലെ ജൈവകർഷകയായ സ്വതന്ത്രജീവിയുമാണ്. ഈ രണ്ട് കഥാപാത്രങ്ങളിലാണ് സിനിമയുടെ മുഴുവൻ ഫോക്കസും. മറ്റുകഥാപാത്രങ്ങളിലേക്കൊക്കെ വളരെക്കുറച്ചേ സിനിമ സഞ്ചരിക്കുന്നുള്ളൂ. അതുതന്നെ സിനിമയുടെ സസ്പെൻസിന്റെ ഗതിയിൽ മാത്രം. രോഹിണി, പ്രഭു, സുഹാസിനി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ ചെയ്യുന്നത്. 
ഫെയ്സ്ബുക്കിലൂടെയുള്ള പരിചയവും കണ്ടുമുട്ടുന്ന മാത്രയിൽ തന്നെയുള്ള വിവാഹവും ഒക്കെയായി ആദ്യപകുതി ഏതാണ്ട് അർധസ്വപ്‌നംപോലെയാണ് നീങ്ങുന്നത്.
സന്തോഷകരമായ പ്രണയവിവാഹത്തിലേക്ക് ട്വിസ്റ്റ് ഓട്ടോപിടിച്ച് കൃത്യം ഇന്റർവെല്ലിൽ എത്തും. അതോടെ സിനിമയും ആഖ്യാനവും കൂടുതൽ മെലോഡ്രാമാറ്റിക് ആയി മാറും. പറയുന്ന വിഷയത്തിന്റെ തീവ്രത അനുഭവിപ്പിക്കാനാവാത്ത അവതരണം ആ പിരിമുറുക്കം കളയും. ഏറെയും വീർപ്പുമുട്ടലുകളും നെടുവീർപ്പുകളും നിസ്സഹായതകളുടെ ക്ലോസപ്പുകളും ആകുന്നതോടെ സിനിമതന്നെ ടോട്ടൽ ഡിപ്രഷൻ ആകും. ഇടവേള സൃഷ്ടിച്ച വഴിത്തിരിവിൽനിന്ന് ഏറെയൊന്നും പറയാനില്ലാത്ത ക്ലൈമാക്സിൽ വഴിയവസാനിക്കും.
ഉടനീള കഥാപാത്രം ലഭിച്ച ടൊവിനോയുടെ നല്ല വേഷങ്ങളിലൊന്നാണ് അഭി. അമ്മയോടുള്ള അടുപ്പംകൊണ്ട് മദർബോർഡ് എന്ന് സഹപ്രവർത്തക കളിയാക്കി വിളിക്കുന്ന, സൽസ്വഭാവിയായ ചെറുപ്പക്കാരനാണ് ടൊവിനോ. പ്രിയം തോന്നുന്ന കാമുകനിൽനിന്ന്, സങ്കീർണമായ ദാമ്പത്യത്തിൽനിന്ന് കുതറിയോടുന്ന അഭിയായി ടൊവിനോ അവിശ്വസനീയമായ, കൈയടക്കത്തോടെയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പിയ ബാജ്പേയിയും മോശമാക്കിയിട്ടില്ല. വായാടിയായ തമിഴ് വീട്ടമ്മയായി സുഹാസിനിയും തിളങ്ങി. ധരൺകുമാറിന്റെ സംഗീതവും അതിരപ്പിള്ളിയും വാഗമണ്ണും ബോണക്കാടും അടക്കമുള്ള കേരളീയ പശ്ചാത്തലങ്ങളിൽ അഖിലൻ ഒരുക്കിയ ദൃശ്യങ്ങളും സിനിമയെ ഒരു പരിധിവരെ തുണയ്ക്കുന്നുണ്ട്.