പ്രേമസൂത്രം

‘ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന സിനിമയിലൂടെ ശ്രദ്ധേയമായ തുടക്കം കുറിച്ച സംവിധായകനാണ്‌ ജിജു അശോകൻ. കാര്യമായ വാണിജ്യവിജയം നേടിയില്ലെങ്കിലും ഒരു പ്രതികാര/മോഷണകഥയെ കഥാപാത്രങ്ങളുടെയും അവതരണത്തിന്റെയും പുതുമകൊണ്ട്  ഉറുമ്പുകൾ പരിഗണനാർഹമായ സിനിമയാക്കിയിരുന്നു. കള്ളന്മാരായിരുന്നു ആദ്യകഥയിലെങ്കിൽ ഇക്കുറി കാമുകന്മാരാണ്. കള്ളനിൽനിന്ന്‌ കാമുകനിലേയ്‌ക്കെത്തിയപ്പോൾ കഥപറയാൻ കാട്ടിയ ആ മിടുക്ക് കൈമോശം വന്നുപോയി എന്നു പറയാതെ വയ്യ. ജിജുവിന്റെ പ്രേമസൂത്രം കാലംതെറ്റിപ്പിറന്ന സിനിമയാണ്. മൂന്നാലുപതിറ്റാണ്ടുമുമ്പു നടക്കുന്ന ഒരു കഥയെ അതേ കാഴ്ചപ്പാടോടെ അവതരിപ്പിച്ച സിനിമ.
 സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ ഒരു കഥയെ ആസ്പദമാക്കിയാണ് ജിജു അശോകൻ തിരക്കഥകൂടി നിർവഹിച്ച് പ്രേമസൂത്രം ഒരുക്കിയിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഏതാണ്ട് പ്രേമിക്കാനുള്ള സൂത്രങ്ങളൊക്കെയാണ് സിനിമയുടെ പ്രമേയം. ഉറുമ്പുകളിൽ  ചോരശാസ്ത്രമൊക്കെ വിശദമായി പറയുന്നുണ്ടെങ്കിൽ ഇവിടെ കൂട്ടുപിടിക്കുന്നത് കാമശാസ്ത്രമാണ്. 
ഉപകഥകളും കഥാപാത്രങ്ങളും സിനിമയുടെ രണ്ടരമണിക്കൂറിനു ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണ്. നന്നായി മുഷിപ്പിക്കും. പത്മരാജന്റെ കഥകളിലൊന്നിനെ ആസ്പദമാക്കി മകൻ അനന്തപദ്മനാഭന്റെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് ഒരുക്കിയ 'കാറ്റ്' എന്ന കഴിഞ്ഞവർഷമിറങ്ങിയ സിനിമയെ ചിലയിടങ്ങളിൽ ഓർമിപ്പിക്കുന്നുണ്ട് പ്രേമസൂത്രം. കാറ്റിനു പറ്റിയപോലെ ഇപ്പോൾ ഈ പ്രമേയമെന്തിനു പറഞ്ഞു എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രേമസൂത്രം ഒരുക്കിയിരിക്കുന്നത്. 
സ്‌കൂൾ ജീവിതത്തിലെ നൊസ്റ്റാൾജിയയും പോയ്‌മറഞ്ഞ നാട്ടിൻപുറകാഴ്ചകളും പുനഃസൃഷ്ടിക്കാൻ സിനിമ ഒരുപാടു പ്രയത്‌നിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിജയിക്കുന്നുണ്ടുതാനും. പക്ഷേ, സിനിമയുടെ മുഖ്യപ്രമേയമായ പ്രണയത്തിലേക്കു വരുമ്പോൾ പ്രണയത്തെക്കുറിച്ചു പറഞ്ഞുപഴകിയ ഒരു ചെറുകഥയായിപ്പോയെന്നുമാത്രം. 
അഞ്ചാം ക്ലാസ് മുതൽ ഒപ്പം പഠിക്കുന്ന അമ്മുവിനോടു പ്രകാശനു തോന്നുന്ന പ്രണയവും ആ പ്രണയം സാധ്യമാക്കാൻ ഏതാണ്ടൊരു ദുരൂഹജീവിതം നയിക്കുന്ന വി.കെ.പി. എന്ന മനുഷ്യൻ നൽകുന്ന ഉപദേശങ്ങളുമാണ് സിനിമയുടെ ഏറിയപങ്കും. ഇതിനിടയിൽ ഓന്തിനെ പിടിക്കാൻ നടക്കുന്ന എക്‌സെൻട്രിക്കായ വില്ലൻ മുതൽ ചാരായവിൽപ്പനക്കാരി ചേച്ചിവരെ നാടൻ നൊസ്റ്റാൾജിയയുടെ ഭാഗമായി നിരന്നുനിൽക്കുന്നു.
ബാലുവർഗീസ് ആണ് പ്രകാശനെ അവതരിപ്പിക്കുന്നത്. അമ്മുവിനെ ലിജോമോളും വി.കെ.പിയെ ചെമ്പൻ വിനോദ് ജോസും. താടിയില്ലാത്ത ബാലുവർഗീസിനെ കണ്ട അപൂർവം സിനിമകളിലൊന്നാണിത്. തോറ്റുതോറ്റു പത്താം ക്ലാസ് വരെയായ പ്രകാശനും തോൽക്കാതിരുന്നിട്ടും പത്തുവരെ മാത്രമായ അമ്മുവും(രണ്ടുപേരും ഒരേക്ലാസിലായിട്ടും അതെങ്ങനെ സംഭവിച്ചെന്നത് തീർത്തും അദ്‌ഭുതം തന്നെ!) തമ്മിലുള്ള പ്രണയത്തിന്റെ ദീർഘാവതരണമാണ് സിനിമ. പെൺകുട്ടികളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും പ്രണയമാണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു കാലത്തെക്കുറിച്ചുള്ള രോമാഞ്ചപ്പെടലാണ് ഒരർഥത്തിൽ സിനിമ. സ്റ്റാക്കിങ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ഈ ശല്യപ്പെടുത്തൽ ഇന്ത്യൻ ശിക്ഷാനിയമം(സെക്ഷൻ 354 ഡി) അനുസരിച്ച് ജയിൽശിക്ഷയ്ക്കു യോഗ്യതയുള്ളതാണ്. അതിനെയാണ്‌ ശാസ്ത്രീയമായി ‘വളയ്ക്കൽ’ സൂത്രമായി രണ്ടരമണിക്കൂർ നീണ്ട സാഹിത്യഅസ്‌കിതയുള്ള അവതരണത്തിലൂടെ അവതരിപ്പിക്കുന്നത്. അല്പജ്ഞാനവുംവെച്ച് കൗമാരക്കാരെ കബളിപ്പിക്കുന്ന ചെമ്പൻ വിനോദ് ജോസിന്റെ വി.കെ.പി. എന്ന കഥാപാത്രത്തിനെ ആ ആംഗിളിൽ നോക്കിക്കണ്ടിരുന്നെങ്കിൽ രസമുണ്ടായിരുന്നു. എന്നാൽ മത്സ്യകന്യകയും മന്ത്രവാദവും എല്ലാം ചേർത്ത് ആകെ ഒന്നും പിടിതരാത്ത ഒരു കുത്തഴിഞ്ഞ സൂത്രമായി പ്രേമസൂത്രം അവസാനിക്കുന്നു.
ഒരു ചെറിയ തോടും പാടവരമ്പുമാണ് സിനിമയുടെ ഏറിയപങ്കും. സിനിമയിലുടനീളം മഴയും പെയ്യുന്നുണ്ട്. ഈ മഴയ്ക്കും കഥപറയുന്ന രീതിക്കും തുടക്കത്തിൽ കൗതുകമുളവാക്കാനാകുന്നുണ്ട്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ.
അഭിനേതാക്കളെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അനുമോൾ, വിഷ്ണു ഗോവിന്ദ്, ഇന്ദ്രൻസ്, ധർമജൻ, സുധീർ കരമന എന്നിവരാണ്‌ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
 ഗോപീസുന്ദറാണ് സംഗീതം. പശ്ചാത്തലസംഗീതം തുടക്കത്തിൽ ഹൃദ്യമാണെങ്കിലും പകുതി പിന്നിടുമ്പോൾ അസ്ഥാനത്തുള്ള പെരുമ്പറ കൊട്ടലിൽ അസഹ്യമാകും. ട്രോൾ സ്വഭാവമുള്ള എന്നാൽ പ്രാർഥനാഗാനത്തിന്റെ ഈണത്തിലുള്ള ഒരു പാട്ട് വളരെ കൗതുകം ഉയർത്തുന്നുണ്ട്.