കുട്ടൻപിള്ളയുടെ ശിവരാത്രി

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടൻപിള്ളയുടെ ശിവരാത്രി'. ശിവരാത്രി ദിവസത്തെയും കേരളത്തിൽ സമീപകാലത്ത് നടന്ന ഒരു സംഭവത്തെയും കൂട്ടിയിണക്കി വെള്ളിത്തിരയിലെത്തിക്കുകയാണ് ചിത്രം. എങ്ങോട്ടെന്നറിയാതെ ഉഴലുന്ന ആദ്യപകുതിയും ഭേദപ്പെട്ട രണ്ടാംപകുതിയും ചേരുന്നതാണ് കുട്ടൻപിള്ളയുടെ ശിവരാത്രി.
പോലീസ് കോൺസ്റ്റബിളാണ് കുട്ടൻപിള്ള. ഭാര്യ ശകുന്തള എസ്‌.ഐ.യും. കുട്ടൻപിള്ളയുടെ തറവാടായ പ്ലാമൂട്ടിൽ തറവാടിന് സമീപത്തുതന്നെ പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്. ശിവരാത്രിയാകുമ്പോൾ ഇവിടത്തെ ഉത്സവം കൂടാൻ പ്ലാമൂട്ടിൽ തറവാട്ടിലേക്ക് കുട്ടൻപിള്ളയുടെ മക്കളും സഹോദരിമാരും മറ്റു ബന്ധുക്കളുമെല്ലാം എത്തും. എന്നാൽ, ബന്ധുക്കളുടെ തള്ളിക്കയറ്റം കുട്ടൻപിള്ളയ്ക്ക് കാളരാത്രിയായാണ് അനുഭവപ്പെടുന്നത്.
വിചിത്രസ്വഭാവക്കാരനാണ് കുട്ടൻപിള്ള. ചക്കയാണ് ഇഷ്ടവിഭവം. തന്റെ വീടുപണിക്കായി പറമ്പിലെ പ്ലാവ് വെട്ടണമെന്ന ആവശ്യവുമായി നടക്കുന്ന മരുമകൻ സുനീഷും (ബിജു സോപാനം) കുട്ടൻപിള്ളയുമായി ഒരിക്കലും ചേരില്ല. പോലീസുകാരനാണെങ്കിലും വെടിക്കെട്ടിനെയും പ്രേതങ്ങളെയും പേടിയാണ്. .
ഒരു പ്രഹസനമെന്നപോലെയാണ് ചിത്രത്തിന്റെ ആദ്യപകുതി ചിത്രീകരിച്ചിരിക്കുന്നത്. കുട്ടൻപിള്ളയുടെ വീട്ടിലെ ആളും ബഹളവും പ്രശ്നങ്ങളുമൊക്കെയാണ് ആദ്യപകുതിയിൽ. ഇതിന് സമാന്തരമായി ചില 'പ്രേതകഥ'കളും ചിത്രത്തിലുണ്ട്. കൃത്യമായ ചില ലക്ഷ്യങ്ങളോടെയാണ് കഥപറച്ചിലെങ്കിലും പ്രേക്ഷകരെ അതിനൊപ്പം കൂട്ടണമെന്ന് രചയിതാക്കൾ മറന്നുപോയി.
രണ്ടാംപകുതി തുടങ്ങി കുറച്ചുകഴിയുമ്പോഴേക്കും എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകന് ഏകദേശ ധാരണ വന്നുതുടങ്ങും. പിന്നെയും മൂലകഥയിലേക്കെത്താതെ ചിത്രം അൽപം ഇഴയുന്നുണ്ടെങ്കിലും മരണവീട്ടിലെ വെള്ളമടിയും ചായകുടിയുമൊക്കെ മികച്ച ആക്ഷേപഹാസ്യ രംഗങ്ങളായെന്ന് പറയാതിരിക്കാനാവില്ല. ക്ലൈമാക്‌സിനോടടുക്കുമ്പോൾ പ്രതീക്ഷിക്കാത്ത വേഗം കൈവരിക്കാനും പ്രേക്ഷകനെ സീറ്റിൽ പിടിച്ചിരുത്താനും കുട്ടൻപിള്ളയ്ക്കാകുന്നുണ്ട്.
ടൈറ്റിൽ കഥാപാത്രമായെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിചിത്രസ്വഭാവക്കാരനായ കുട്ടൻപിള്ളയായി സുരാജ് ചിത്രത്തിൽ നിറഞ്ഞുനിന്നു. ചിത്രത്തിൽ കുട്ടൻപിള്ള ചിരിക്കുന്ന ഒരു രംഗമെങ്കിലുമുണ്ടോ എന്ന് സംശയമാണ്. എങ്കിലും, പിള്ളയുടെ 'ഗൗരവമുള്ള നർമമാണ്' ചിത്രത്തിൽ പലപ്പോഴും പ്രേക്ഷകന് ആശ്വാസമാകുന്നത്. ബിജു സോപാനം, ശ്രിൻഡ, മിഥുൻ രമേശ്, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ പരിചിതരായ താരങ്ങൾ. ഇവരെക്കൂടാതെ പുതിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ചിത്രം. ഇത്രയും പുതുമുഖങ്ങളെ മികവോടെ അവതരിപ്പിച്ചതിൽ ചിത്രത്തിന്റെ അണിയറക്കാർ അഭിനന്ദനമർഹിക്കുന്നു.
ഛായാഗ്രഹണമാണ് ചിത്രത്തിൽ പ്രത്യേക പരാമർശമർഹിക്കുന്ന മറ്റൊരു വിഭാഗം. ഗ്രാമീണപശ്ചാത്തലം അത്രമാത്രം മിഴിവോടെയാണ് ചിത്രത്തിലെത്തുന്നത്. ക്ലൈമാക്‌സ് രംഗങ്ങളും മികച്ചുനിന്നു. എന്നാൽ, ഗ്രാഫിക്‌സിലെ പരാധീനതകൾ കല്ലുകടിയായി. ഗായിക സയനോരയുടെ സംഗീതവും പശ്ചാത്തലസംഗീതവും മോശമായില്ല. പാട്ടുകളുടെ സംഗീതവും വരികളും ഒരുപോലെ ചിത്രത്തിന്റെ പശ്ചാത്തലത്തോട് ചേർന്നുനിൽക്കുന്നതായി.