മഹാനടി

ഓരോ ജീവിതവും ഒരോ പാഠപുസ്തകമാണ്. ജീവിതത്തിൽനിന്ന് ഓരോരുത്തരും ആർജിക്കുന്ന അനുഭവങ്ങളും പരീക്ഷണഘട്ടങ്ങളും പിന്നാലെ വരുന്നവരോട് പലതും പറയുന്നുണ്ട്. പ്രതിഭകളുടെ ജീവിതമാവുമ്പോൾ അതിന് പ്രാധാന്യവും പ്രസക്തിയും കൂടും. ഇവിടെ തെന്നിന്ത്യയിലെ നായികമാരിൽ ആദ്യത്തെ സൂപ്പർതാരപദവിയിലെത്തിയ സാവിത്രിയുടെ ജീവിതമാണ് ഇതൾവിരിയുന്നത്. അമ്പതുകളിലും അറുപതുകളിലും സിനിമയിൽ തിളങ്ങിനിന്നിരുന്ന വിജയനായിക. സംവിധായിക എന്ന നിലയിലും കഴിവുതെളിയിച്ച പ്രതിഭ. സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു ജീവിതം. 
 ആറുമാസമായപ്പോൾ തന്നെ അച്ഛനെ നഷ്ടപ്പെട്ട് ജീവിതത്തിനു മുന്നിൽ പകച്ചുനിന്ന പെൺകുട്ടി സൂപ്പർതാരനായികയാവുന്നതും, എല്ലാം തകർന്നടിഞ്ഞ് ആരാലും തിരിച്ചറിയപ്പെടാതെ ആശുപത്രിവരാന്തയിൽ കിടക്കുന്ന അവസ്ഥയിലെത്തിയതും ഒട്ടേറെ നാടകീയമുഹൂർത്തങ്ങൾക്കുശേഷമാണ്. ഈ ജീവിതത്തിലേക്കാണ് നാഗ് അശ്വിൻ ക്യാമറയുമായി കടന്നുചെല്ലുന്നത്. പിൽക്കാലത്ത് ഇതുപോലെ ഒരുപാട് സെലിബ്രിറ്റി ജീവിതങ്ങളെ തിരയുലകത്തിൽ നാം കണ്ടിട്ടുമുണ്ട്.
 തിരശ്ശീലയിലും ജീവിതത്തിലും കാതൽമന്നനായി അറിയപ്പെട്ട ജെമിനി ഗണേശന്റെ ജീവിതസഖിയായി, ആ ബന്ധവും തകർന്ന് സാമ്പത്തികമായും ശാരീരികമായും തകർന്നടിയുന്ന ഒരു സെലിബ്രിറ്റി ജീവിതത്തെ അനായാസം അവതരിപ്പിച്ച് കീർത്തി സുരേഷും മികച്ച നടിയുടെ തലത്തിലേക്ക് ഉയരുന്നു എന്നതാണ് ഒരു മലയാളി വീക്ഷണകോണിൽ ഈ ചിത്രത്തിന്റെ പ്രത്യേകത. അഭിനയമികവിൽ കീർത്തി പുലർത്തുന്ന അനായാസതയും സ്‌ക്രീൻ പ്രസൻസും സാവിത്രിയെന്ന മഹാനടിയുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നു. നീതിപുലർത്തുന്നു.
 ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണ്. കിട്ടിയ വേഷം ദുൽഖറും കൈയടക്കത്തോടെ അവതരിപ്പിച്ചു. പക്ഷേ, സാവിത്രിയുടെ ജീവിതമായതുകൊണ്ടുതന്നെ ജെമിനി ഗണേശിനിലേക്കധികം സഞ്ചരിക്കുന്നില്ല. അതുകൊണ്ട് ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തുമോ എന്ന്‌ കണ്ടറിയണം. ശിവാജി ഗണേശനും എൻ.ടി. രാമറാവുമെല്ലാം ചിത്രത്തിൽ പരാമർശവിഷയമായും പഴയ ക്ലിപ്പിങ്ങായും കടന്നുവരുന്നുണ്ടെങ്കിലും എം.ജി.ആറിനെ ചിത്രത്തിൽ കാണാത്തത് ഒരു കുറവായി തോന്നി.
 പഴയകാലവും പഴയ സിനിമാനിർമാണരീതികളും ചരിത്രവും ഇതൾവിരിയുന്നതിനൊപ്പം സാവിത്രിയുടെ കഥയന്വേഷിച്ച് പോവുന്ന ഒരു പത്രപ്രവർത്തകയുടെ ജീവിതവും സമാന്തരമായി ചിത്രത്തിൽ കടന്നുവരുന്നു. ജീവിതത്തിലെ ചില നിർണായക തീരുമാനങ്ങൾ എടുക്കാൻ സാവിത്രിയുടെ ജീവിതം അവരെ പ്രേരിപ്പിക്കുന്നുമുണ്ട്. സാമന്ത അക്കിനേനിയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. 
 ചിത്രത്തിന്റെ ദൈർഘ്യം അൽപ്പംകൂടി കുറച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നെന്ന് തോന്നി. കാരണം ഇടവേളയ്ക്കുശേഷം വലിച്ചുനീട്ടി കൊണ്ടുപോവുന്ന പ്രതീതിയുണ്ട്.  ചിത്രത്തിന്റെ സെറ്റ് സെറ്റിട്ടതാണെന്ന്‌ തോന്നുംവിധം മുഴച്ചുനിൽക്കുന്നുണ്ട്. വൈജയന്തി മൂവീസ്, സ്വപ്നസിനിമ എന്നിവയുടെ ബാനറിൽ അശ്വിൻ ദത്ത്, സ്വപ്നാ ദത്ത്, പ്രിയങ്കാ ദത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് സിദ്ധാർഥ് ശിവസാമിയാണ്. ഡാനി ലോപസ് ആണ് ക്യാമറ. മൈക്കി ജെ. മെയർ ആണ് സംഗീതം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റിങ്.