എങ്ങനെയും പണമുണ്ടാക്കണമെന്നാഗ്രഹിക്കുന്ന തൊമ്മി, എംകോമിന് പഠിക്കുന്ന ബാലു, സിനിമാ മോഹവുമായി നടക്കുന്ന മമ്മു ഇവരുടെ കഥയാണ് 'തൊബാമ' എന്ന ചിത്രം പറയുന്നത്. നവാഗതനായ മുഹ്‌സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകൻ കൂടിയായ അൽഫോൺസ് പുത്രനാണ് നിർമിച്ചിരിക്കുന്നത്. അൽഫോൺസിന്റെ 'പ്രേമ'ത്തിലെ പ്രധാന കഥാപാത്രങ്ങളായ ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ യഥാക്രമം തൊമ്മിയും ബാലുവും മമ്മുവുമായെത്തുന്നത്. 
കഥാപാത്രങ്ങളുടെ കാര്യത്തിൽ മാത്രമല്ല കഥാപരിസരവും മുഹ്‌സിൻ പ്രേമത്തിൽ നിന്ന് കടംകൊണ്ടിട്ടുണ്ട്. പ്രേമം പോലെതന്നെ ആലുവയിലും പരിസരപ്രദേശങ്ങളും പശ്ചാത്തലമാക്കിയാണ് ചിത്രം കഥപറയുന്നത്. 
പുതുമ അവകാശപ്പെടാനില്ലാത്തൊരു പ്രമേയം തന്നെയാണ് തൊബാമയുടേത്. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഏതാനും ചെറുപ്പക്കാർ തേടുന്നഎളുപ്പവഴികളും അവർ ചെന്നുചാടുന്ന കുരുക്കുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 2006-2007 കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അക്കാലത്തെ ഒട്ടേറെ സവിശേഷതകൾ ചിത്രത്തിൽ സമർത്ഥമായി ഇഴചേർത്തിട്ടുണ്ട്. നോക്കിയ ഫോണുകളും അക്കാലത്തെ ബൈക്കുകളും മണി ചെയ്ൻ ബിസിനസുമെല്ലാം ഉദാഹരണങ്ങളാണ്. ഇവ കൂടാതെ അന്നും ഇന്നും പ്രസക്തമായ ലോട്ടറി ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ സിദ്ധൻമാർ തുടങ്ങിയ കാര്യങ്ങളും പ്രമേയവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
സ്വാഭാവികത നിലനിർത്തുന്ന അഭിനയം,  കൃഷ്ണ ശങ്കറിന്റെ മമ്മുവായുള്ള പ്രകടനം പ്രേക്ഷകരിൽ ചിരിയും വേദനയുമുണർത്തും. അൽപസ്വൽപം കള്ളത്തരങ്ങളുള്ള തൊമ്മിയായി ഷറഫുദ്ദീനും മാന്യനായ സുഹൃത്തായി സിജു വിൽസണും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നായികയായ പുണ്യ എലിസബത്തിന് കാര്യമായൊന്നും ചെയ്യാനില്ല. ശബരീഷ്, രാേജഷ് ശർമ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തുടക്കം മുതൽ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ ഒഴുക്ക്. പ്രേക്ഷകനെ മെല്ലെ ചിത്രത്തിലേക്കെത്തിച്ച് പ്രമേയവുമായി സമരസപ്പെടുത്താൻ സംവിധായകനാകുന്നുണ്ട്. ആദ്യപകുതിയിൽ സ്വാഭാവികമായുണരുന്ന നർമവും ചിത്രത്തിന് മേമ്പൊടിയായി. അൽപം കെട്ടുപിണഞ്ഞ കഥ അവതരിപ്പിക്കുന്നതിൽ ആദ്യപകുതിയിൽ കാണിച്ച കൈയടക്കം രണ്ടാംപകുതിയിൽ പൂർണമായും നിലനിർത്താൻ സംവിധായകനായില്ല. തുടർച്ചയ്ക്കിടയിലും സൈഡ് ട്രാക്കുകൾ മുഖ്യകഥാതന്തുവിൽ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അത്രയേറെ പ്രസക്തിയൊന്നുമില്ലാത്ത പ്രണയം രണ്ടാംപകുതിയെ ദീർഘിപ്പിക്കുന്നു. സിനിമാറ്റിക് എന്നതിനേക്കാൾ റിയലിസ്റ്റിക് ആയ ക്ലൈമാക്‌സും ശരാശരി പ്രേക്ഷകർ എത്തരത്തിലെടുക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.
സ്വാഭാവികമായ ദൃശ്യങ്ങളൊരുക്കുന്നതിൽ ഛായാഗ്രാഹകൻ സുനോജ് വേലായുധൻ കാണിച്ച സാമർത്ഥ്യം ശ്രദ്ധേയമാണ്. ചിത്രത്തിന്റെകളർ ടോൺ തുടക്കത്തിൽ അൽപം അലോസരം സൃഷ്ടിച്ചേക്കാമെങ്കിലും കലാഘട്ടത്തെ അടയാളപ്പെടുത്തുക എന്ന അണിയറക്കാരുടെ ലക്ഷ്യം അത് സാക്ഷാത്കരിക്കുന്നുണ്ട്. കലാ സംവിധാനവും പ്രത്യേക പരാമർശമർഹിക്കുന്നു.