അവകാശവാദങ്ങളില്ലാതെ വന്ന സിനിമയാണ് അരവിന്ദന്റെ അതിഥികൾ. ആ ഒരു ലാളിത്യം സ്‌ക്രീനിലുമുണ്ട്. ഫീൽഗുഡ് കുടുംബചിത്രം എന്ന ഗണത്തിൽപ്പെടുത്താവുന്ന സിനിമ. കണ്ടുമറന്ന ചില പഴയകാലചിത്രങ്ങളുടെ ഓർമകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും എം. മോഹനൻ കുടുംബചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക്‌ മുഷിപ്പിക്കാത്ത ഫോർമാറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലളിതനർമങ്ങൾ, മികച്ച കാസ്റ്റിങ്, ലളിതവും വൈകാരികവുമായ അവതരണം. എല്ലാത്തിലുമുപരി മൂകാംബികക്ഷേത്രത്തിന്റെ പശ്ചാത്തലം ഇവയാണ് സിനിമയുടെ കരുത്ത്. എന്നാൽ രണ്ടാംപകുതിയിൽ സിനിമ ഏറക്കുറെ പ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്നതുകൊണ്ടും മുഖ്യപ്ലോട്ടിന് ഒരു പരിധിയിലധികം വളരാനാവാത്തതുകൊണ്ടും അരവിന്ദന്റെ അതിഥികൾ സാധാരണക്കാരായിതന്നെ മടങ്ങുന്നുണ്ട്. 
മനഃപൂർവമോ അല്ലാത്തതോ ആയ കാരണങ്ങളാൽ കുഞ്ഞിനെ ഉപേക്ഷിച്ച്‌ മടങ്ങുന്ന അമ്മയുടെയും അവരുടെ പിന്നീടുള്ള ജീവിതസംഘർഷങ്ങളുടെയും കഥ മലയാളത്തിൽ ഒരുപാട്‌ പറഞ്ഞിട്ടുണ്ട്. അതിന്റെ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത പതിപ്പാണ് രാജേഷ് രാഘവന്റെ തിരക്കഥയിൽ എം. മോഹനൻ അണിയിച്ചൊരുക്കുന്നത്. മൂകാംബികക്ഷേത്രം ഏതാണ്ടൊരു കഥാപാത്രമായിത്തന്നെ സിനിമയിൽ കടന്നുവരുന്നു. ക്ഷേത്രത്തിന്‌ സമീപമുള്ള ലോഡ്ജിലെ കാര്യക്കാരനാണ് അരവിന്ദൻ. അരവിന്ദനെ എടുത്തുവളർത്തുന്ന ലോഡ്‌ജ്‌ ഉടമയായി ശ്രീനിവാസൻ എത്തുന്നു. ക്ഷേത്രസമീപത്ത്‌ ലോഡ്‌ജ്‌ നടത്തുന്ന കമ്യൂണിസ്റ്റുകാരൻ എന്നൊരു കൗതുകം ശ്രീനിവാസൻ കഥാപാത്രത്തിനുണ്ടെങ്കിലും അത്തരം വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല, ലോഡ്ജിലെത്തുന്ന കഥാപാത്രങ്ങളിലൂടെയും അവരിലൂടെ അരവിന്ദന്റെ അമ്മയെക്കുറിച്ചുള്ള ചിന്തകളിലൂടെയുമാണ് സിനിമ നീങ്ങുന്നത്. കലാമണ്ഡലം വിദ്യാർഥിയായ വരദ (ലൗ 24 x 7 എന്ന സിനിമയിലെ നായിക നിഖില വിമൽ) അരങ്ങേറ്റത്തിനായി ഒരു നവരാത്രിക്കാലത്ത് മൂകാംബികയിലെത്തുന്നതും അരവിന്ദനുമായി അടുക്കുന്നതുമാണ് സിനിമയുടെ മുഖ്യപങ്കും. ഹൃദ്യമായാണ് ഈ ബന്ധത്തിന്റെ അവതരണം. നിഖിലയുടെ പ്രകടനം ശ്രദ്ധേയം. വിനീത് ശ്രീനിവാസൻ  വൈകാരികമായ രംഗങ്ങളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീനിവാസൻ പതിവ്‌ ശ്രീനിവാസനാകുമ്പോൾ ഇടവേളയ്ക്കുശേഷം സ്‌ക്രീനിൽ കണ്ട പ്രേംകുമാർ ചെറിയ ചിരികൾ വിടർത്തുന്നുണ്ട്. വരദയുടെ അമ്മയായി എത്തുന്ന ഉർവശി ചെറുനർമങ്ങൾകൊണ്ട്‌ സ്കോർ ചെയ്യുന്നുണ്ട്.  നവസിനിമയുടെ ശൈലി സ്വീകരിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും ആവർത്തിച്ച്‌ പറഞ്ഞിട്ടുള്ള ഒരു കഥയെ മുഷിപ്പില്ലാതെ, കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മുഴുകിയ അവതരണം ഇതിലുണ്ട്.