കുട്ടനാടൻ മാർപാപ്പ എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ ബാക്കിയാവുന്നത് സൗബിൻ സാഹിർ അവതരിപ്പിച്ച കഥാപാത്രമാണ്. മൂന്നോ നാലോ സീനുകളിൽ മാത്രമേ ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂവെന്നത് മറ്റൊരു കാര്യം.
പേരിലടക്കം വ്യത്യസ്തതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അത്തരമൊരു പുതുമ അവതരണത്തിൽ നിലനിർത്താൻ പൂർണമായി സാധിക്കാതെപോയ ചലച്ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. വിരസമായ ആദ്യപകുതി അവസാനിക്കുന്നിടത്തുനിന്നുമാണ് യഥാർഥത്തിൽ സിനിമ തുടങ്ങുന്നത്. അതുവരെ ഇഴഞ്ഞുനീങ്ങുന്നുവെന്നുള്ളത്‌ മാത്രമല്ല, ഡാൻസും പാട്ടുമൊക്കെയായി  കുറെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ വന്നുപോകുക മാത്രമാണ്. 
ആകാശത്തിലേക്ക് പറത്തിവിട്ട വലിയ ഹൈഡ്രജൻ ബലൂൺപോലെ ഭൂമിയുമായി ഒരു ബന്ധവുമില്ലാത്തതുപോലെ ഇഴഞ്ഞുനീങ്ങുകയാണ്. ഇടവേളയ്ക്കുശേഷമാണ് സിനിമ ട്രാക്കിലേക്ക് വരുന്നത്. ഒരു കുട്ടനാടൻ ഗ്രാമത്തിലെ ഫോട്ടോഗ്രാഫറായ ജോൺപോൾ (കുഞ്ചാക്കോ ബോബൻ), അമ്മ മേരി (ശാന്തികൃഷ്ണ), ജോണിന്റെ അവസാനത്തെ കാമുകി ജെസ്സി (അദിതി രവി) എന്നിവരുടെ കഥയാണ് കുട്ടനാടൻ മാർപാപ്പ. തന്റെ സ്നേഹം തുറന്നുപറയാൻകഴിയാതെയോ മറ്റുകാരണങ്ങൾകൊണ്ട് അനേകം കാമുകിമാരെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയാത്ത ഒരു നിരാശാകാമുകനാണ് ജോൺപോൾ. 
സിനിമയിലുടനീളം വെള്ളക്കാരുടെ ഒരു നിരതന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. നായകന്റെ സന്തതസഹചാരിയായ സഹായിയായിട്ടും ഒരു സായിപ്പാണ് അഭിനയിക്കുന്നത്. ഗാനരംഗത്തുപോലും ഇങ്ങനെ ചുവന്നുതുടുത്തവരെക്കൊണ്ട് ആടിപ്പിക്കുന്നുണ്ട്. 
ഇതെല്ലാം സിനിമയുടെ ആദ്യഭാഗത്തിൽ കാഴ്ചക്കാരെ ബോറടിപ്പിക്കും.ഇടവേളയ്ക്കുശേഷമുള്ള പകുതിയിൽ വലിയ ബാധ്യതയായി മാറുന്നതും ഒന്നാംഭാഗത്തിലെ കഥപറച്ചിലാണ്. പൊതുവേ വ്യത്യസ്തതയുണ്ടായിരുന്ന ഈ പ്രമേയത്തെ കൂടുതൽ ഗൗരവത്തോടെ സമീപിച്ചിരുന്നെങ്കിൽ ജീവിതഗന്ധിയായ ഓഫ് ബീറ്റ് സിനിമയാക്കിമാറ്റുവാൻ സാധിച്ചേനേ. അത്തരം ആത്മാർഥ പരിശ്രമങ്ങൾക്ക് മുതിർന്നില്ലെന്നതാണ് അണിയറപ്രവർത്തകരുടെ പരാജയം.