തട്ടുപൊളിപ്പൻ ഹാസ്യസിനിമകളുടെ വക്താക്കളാണ് സംവിധായകൻ ബോബൻ സാമുവലും തിരക്കഥാകൃത്ത് വൈ.വി. രാജേഷും. രണ്ടുപേരും ഒരുമിച്ചുള്ള മുൻ സിനിമകൾ റോമൻസ്, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ്. റോമൻസ് തരക്കേടില്ലാത്ത തിയേറ്റർവിജയം നേടിയപ്പോൾ ഷാജഹാനും പരീക്കുട്ടിയും ക്ഷമയുടെ നെല്ലിപ്പലക കാഴ്ചക്കാരെ കാട്ടിയതുകൊണ്ടാവും പച്ചതൊട്ടില്ല. ഏതാണ്ട് അതിന്റെ ആവർത്തനമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പ്രധാനവേഷക്കാരെ വീണ്ടും അവതരിപ്പിച്ചുകൊണ്ടുള്ള വികടകുമാരൻ.
ബ്രില്യന്റ് ഇഡിയറ്റ് എന്നൊക്കെയാണ്‌ സിനിമയുടെ വിശേഷണം. 131 മിനിറ്റുള്ള മുഴുനീള ബോറടി കണ്ടുതീർത്തിട്ടും ബ്രില്യന്റ് ആരെന്ന്‌ മനസ്സിലായില്ല. 
ഒരു കോർട്ട് റൂം കോമഡിയാണ് സിനിമ. മജിസ്‌ട്രേറ്റും വക്കീലും പ്രതിയും വാദിയും മിനിറ്റിനു മിനിറ്റിന് കോമഡി പറയുന്ന കോടതിയാണിത്. കോടതി കോമഡി എന്ന പുതിയ ജനറേഷനിൽപെട്ട സിനിമയെ വികടകുമാരൻ അടയാളപ്പെടുത്താനും സാധ്യതയുണ്ട്.  
കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നായകനായിമാറിയ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനാണ് ഇതിലെ നായകനായ ബിനു എന്ന വക്കീലിനെ അവതരിപ്പിക്കുന്നത്. ഋത്വിക് റോഷനിൽ സഹോ ആയി വന്ന ധർമജൻ വക്കീലിന്റെ ഗുമസ്തനായും. ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സിനിമയുടെ പശ്ചാത്തലം. നടനും സംവിധായകനുമായ റാഫിയാണ് മജിസ്‌ട്രേറ്റ്. ഒരു ചെറിയ കോടതിയിൽ വക്കീലും ജഡ്‌ജിമാരും പ്രതികളും തമ്മിലുള്ള ചെറിയ തമാശകളും കേസുകെട്ടുകളുമെന്നൊക്കെയുള്ള ഒരു കൗതുകമൊക്കെ സിനിമയ്ക്കുണ്ട്. പക്ഷേ, സദാ പുലമ്പിക്കൊണ്ടുനിൽക്കുന്ന റോഷി എന്ന വില്ലനും (ജിനു ജോസഫും) അതിമാരക ട്വിസ്റ്റുകളുമെല്ലാംകൂടി രണ്ടുമണിക്കൂർ കൊല്ലാക്കൊലചെയ്യുമെന്നേ പറയേണ്ടതുള്ളു. 
ഒരു കൂട്ടബലാത്സംഗം, ഒരു ഹിറ്റ് ആൻഡ് റൺ കേസ് എന്നിവയാണ് ഈ കോടതിയിലേക്ക് വരുന്നത്. ആദ്യത്തെത് തമിഴ്‌നാട്ടിലെ റോഡരികിലും രണ്ടാമത്തെത് കേരളത്തിലെ ഒരു മലയോരഗ്രാമത്തിലും. ഇവ കുഴഞ്ഞുമറിഞ്ഞ, തലതിരിഞ്ഞ ട്വിസ്റ്റുകളിലൂടെയാണ് അവതരിപ്പിക്കുന്നത്. 
ബൈജു, ഇന്ദ്രൻസ്, മാനസ രാധാകൃഷ്ണൻ, ജയൻ, ലിയോണ എന്നിവരാണ്‌ സിനിമയിലെ മറ്റ്‌ പ്രധാന വേഷങ്ങളിലെത്തുന്നത്. 
ബിനു എന്ന കൗശലക്കാരനായ ചെറുകിട അഭിഭാഷകനായാണ് വിഷ്ണു ഉണ്ണികൃഷ്ണനെത്തുന്നത്. കട്ടപ്പനയിൽനിന്ന് വികടകുമാരനിലേക്കെത്തുമ്പോൾ നടനെന്ന നിലയിൽ വിഷ്ണു തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ന്യൂജനറേഷൻ സിനിമകളിലെ സ്ഥിരം വില്ലനായ ജിനു എബ്രഹാമാണ് പ്രതിനായകനായെത്തുന്നത്. ജിനുവിന്‌ ലഭിച്ച ഏറ്റവും പ്രധാന്യമുള്ള വേഷങ്ങളിലൊന്നാണ് പ്രതിനായകന്റെത്. പ്രകടനം ഒരല്പം അമിതമാക്കിയോ എന്ന സംശയമാണ്‌ ബാക്കി. 
കോടതി പശ്ചാത്തലമാക്കിയുള്ള ഒരു സിനിമ സൃഷ്ടിക്കുമ്പോഴുള്ള മിനിമം ലോജിക് വികടകുമാരനിൽ അപ്രത്യക്ഷമാണ്. സിനിമയിൽ പറയുന്ന കാര്യങ്ങളെ കൂട്ടിബന്ധിപ്പിക്കാനുള്ള സാമാന്യയുക്തിയെങ്കിലും തിരക്കഥയിലും അവതരണത്തിലും ശ്രമിക്കാമായിരുന്നു.