സുഡാനി ഫ്രം നൈജീരിയ

ചില സിനിമകൾ അവയുടെ നേർമയുള്ള ജീവിതകാഴ്ചയും സത്യസന്ധതയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കും.  നവാഗതനായ സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ'യെ അക്കൂട്ടത്തിൽപ്പെടുത്താം. കളിക്കളത്തിൽ തുടങ്ങി ജീവിതക്കളത്തിൽ അവസാനിക്കുന്ന ഒരു വൈകാരികമായ കാഴ്ചയാണ് സുഡാനി ഫ്രം നൈജീരിയ.  മലബാറിലെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ആശങ്കകളെപ്പറ്റിയും സംസാരിക്കുന്ന സിനിമ. സിംപിളാണ് സുഡാനി, അതേസമയം പവർഫുള്ളും. നവാഗത സിനിമയെന്ന് തോന്നിപ്പിക്കാതെ മികവുറ്റ, വേറിട്ട, റിഫ്രഷിങ് എന്നുവിശേഷിപ്പിക്കേണ്ട ഒരു സിനിമയാണ്  സക്കറിയ ഒരുക്കിയിരിക്കുന്നത്.
സെവൻസ് കളിക്കാനെത്തുന്ന ആഫ്രിക്കൻ യുവാവിന്‌ പരിക്കേറ്റതിനെത്തുടർന്ന് സ്‌പോൺസറായ ടീം മാനേജർ യുവാവ് നേരിടുന്ന പ്രതിസന്ധികളാണ് ഒറ്റവാചകത്തിൽ പറഞ്ഞാൽ സിനിമ. ആഫ്രിക്കയിൽനിന്ന്‌ വരുന്നവരെല്ലാം മലബാറിലെ ഫുട്‌ബോൾപ്രേമികൾക്ക് സുഡുവല്ലെങ്കിൽ സുഡാനിയാണ്.
സിനിമയിലെ മുഖ്യകഥാപാത്രമായ നൈജീരിയൻ സ്വദേശി സാമുവൽ എന്ന സെവൻസ് ക്ലബ്ബിന്റെ പ്രധാന കളിക്കാരനും ഇത്തരത്തിലൊരു സുഡാനിയാണ്. സാമുവലിനെ അവതരിപ്പിക്കുന്ന ആഫ്രിക്കൻ നായകന്റെ യഥാർഥ പേരും സാമുവൽ എന്നുതന്നെയാണ്. മറ്റുജോലികൾ അറിയാത്ത, ടീമിന്റെ മാനേജരായി സെവൻസുമായി ജീവിതം കൊണ്ടുനടക്കുന്ന മജീദിന് (സൗബിൻ ഷാഹിർ) സാമുവൽ ഒരേസമയം ബാധ്യതയും ജീവിതവുമാകുന്ന ഒരു സങ്കീർണതയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. 
രണ്ടുമണിക്കൂർ മാത്രമുള്ള സിനിമ തുടങ്ങുമ്പോൾ ഒരു സ്‌പോർട്‌സ് സിനിമയുടെ ചിട്ടവട്ടത്തിലാണ്. എന്നാൽ പുരോഗമിക്കുംതോറും കുടുംബത്തിനുള്ളിൽനിന്ന്‌ ലോകമാകുന്ന ഫുട്‌ബോൾ മൈതാനത്തെ നോക്കിക്കാണുന്ന രീതിയിലേക്ക് വികസിക്കുന്നുണ്ട്. ഒരേസമയം ചിരിയും കണ്ണീരുമാണ് സുഡാനി.
കെ.എൽ. 10-പത്ത്‌ സിനിമ സംവിധാനം ചെയ്ത മൊഹ്‌സീൻ പെരാരിയും സക്കറിയയും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. കെ.എൽ. പത്തുപോലെ ഫുട്‌ബോളിന്റെ മലബാർ ജീവിതത്തെ തന്മയത്വത്തോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്.  അതുപക്ഷേ, സിനിമയ്ക്കുവേണ്ടിയുള്ള കൃത്രിമ കായിക പ്രേമമാക്കി മാറ്റാതെ ഒരു ജനതയുടെ ഉള്ളിലുള്ള സംസ്കാരമാക്കി സൂക്ഷ്മമായി അവതരിപ്പിക്കാൻ സിനിമയ്ക്കാകുന്നുണ്ട്. സുഡാനിയെ റിയലിസ്റ്റിക്കാക്കുന്നതും അതുതന്നെയാണ്. കഥാപാത്രങ്ങളും സംഭാഷണങ്ങളും സിറ്റുവേഷനുകളുമൊക്കെ റിയലിസ്റ്റിക്കാണ്. സാമുവലിനും സൗബിൻ ഷാഷിറിനുമൊപ്പം എത്തുന്നവരിൽ ഏറെയും അധികം കണ്ടുപരിചയമില്ലാത്തവരാണ്. എന്നാൽ എല്ലാവരുടെയും പ്രകടനങ്ങൾ ശ്രദ്ധേയം. അടുത്തിടെ കണ്ട ഏറ്റവും മികച്ച കാസ്റ്റിങ് എന്നുതന്നെ പറയണം സുഡാനിയിൽ വന്നുപോകുന്ന ചെറുതും വലുതുമായ വേഷങ്ങളെക്കുറിച്ച്. സൗബിന്റെ ഉമ്മയായി വേഷമിടുന്ന നടി സാവിത്രി ഏറെ ശ്രദ്ധേയം. ഗംഭീരമാണ് അവരുടെ പ്രകടനം. അയൽവാസി ബീയുമ്മയും മികച്ചുനിന്നു. അമ്മയോട് ആവശ്യത്തിനുമാത്രം മിണ്ടുന്ന, രണ്ടാനച്ഛനോട് മിണ്ടാൻപോലും കൂട്ടാക്കാത്ത മജീദ് സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ്. തീവ്രമായ ഭാവപ്പകർച്ചയുള്ള വേഷങ്ങൾ തന്റെ കൈയിൽ ദദ്രമാണെന്ന് സൗബിൻ തെളിയിക്കുന്നുണ്ട്. സൗബിന്റെ വൺലൈൻ തമാശകളും ആവോളമുണ്ട്. 
സെവൻസ് മത്സരത്തോടെയാണ് സിനിമയുടെ തുടക്കം. സെവൻസിൽ കളിക്കാനെത്തുന്ന ആഫ്രിക്കൻ താരങ്ങളുടെ ജീവിതപശ്ചാത്തലങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിലൂടെ സിനിമ വളരെ റിഫ്രഷിങ് ആയ ഒരു പശ്ചാത്തലം തുറന്നിടുന്നുണ്ട്. ഇടവേള കഴിയുമ്പോൾ തെല്ലുമുഷിയുമെങ്കിലും അത്‌ ചെന്നെത്തുന്ന വിഷയത്തിന്റെ ഗൗരവംകൊണ്ട് അത്‌ മറക്കാവുന്നതേയുള്ളു. 
വളരെ ചെറിയ കഥാതന്തുവിനെ വൈകാരികമായി സ്പർശിക്കുന്ന തരത്തിൽ അവതരിപ്പിക്കാനായി എന്നതാണ് സക്കറിയ എന്ന നവാഗതന്റെ മികവ്. മലബാറിലെ ഏതൊക്കെയോ വീടുകളിൽ ചെന്നിരുന്ന അവസ്ഥ സൃഷ്ടിക്കാൻ സിനിമയ്ക്കാകുന്നുണ്ട്. സിനിമയുടെ നിർമാതാക്കളിൽ ഒരാൾകൂടിയായ ഷൈജു ഖാലിദിന്റെ ദൃശ്യങ്ങൾക്കും അതിലൊരു വലിയ പങ്കുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് താനെന്ന് ഷൈജു സുഡാനിയിലൂടെ അടിവരയിടുന്നുണ്ട്. റെക്‌സ് വിജയനാണ് സംഗീതം. ഷഹബാസ് അമൻ പാടിയ ഫുട്‌ബോൾ പാട്ടും ശ്രദ്ധേയം. പശ്ചാത്തലസംഗീതവും മികച്ചുനിന്നു. നൗഫൽ അബ്ദുള്ളയുടെ സമർഥമായ എഡിറ്റിങ്ങും സിനിമയുടെ ആറ്റിക്കുറുക്കിയ ആഖ്യാനത്തെ തുണച്ചിട്ടുണ്ട്.