ക്യാപ്റ്റൻ

മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാവുന്ന വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് സ്‌പോർട്‌സ് ബയോപിക്കുകൾ. മലയാളത്തിൽ മുൻമാതൃകകൾ ഇല്ലാത്ത അത്തരത്തിലൊരു കായികജീവചരിത്രസിനിമയെ വികാരഭരിതവും അതേസമയം  സത്യസന്ധവുമായി അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്.  നവാഗതനായ ജി. പ്രജേഷ്‌സെന്നിന്റെ ക്യാപ്റ്റൻ എന്ന സിനിമ ആകർഷണീയമാകുന്നത് അവിടെയാണ്. അതും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സെൽഫ്‌ഗോളടിച്ചു പരാജയത്തിൽ അവസാനിച്ച ഒരു വീരനായകന്റെ കഥ.
ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായ, ഇന്ത്യൻ ഫുട്‌ബോൾ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധഭടന്മാരിലൊരാളായ വി.പി. സത്യനെക്കുറിച്ചുള്ള സിനിമയാണ് ക്യാപ്റ്റൻ. സിനിമയുടെ ടാഗ്‌ലൈൻ ദി അൺസങ് ഹീറോ, പാടിപ്പുകഴ്ത്താത്ത നായകൻ എന്ന വാചകത്തെ ശരിവയ്ക്കും വിധം സത്യൻ എന്ന നായകന്റെ കഥയാണ് ക്യാപ്റ്റൻ. കളിയുണ്ട് കാര്യമുണ്ട്, പ്രണയമുണ്ട്, നാടകീയതയുണ്ട്, എല്ലാത്തിനും മേലെ പരാജിതന്റെ വിഷാദവുമുണ്ട്. ഈ ഘടകങ്ങളെയെല്ലാം ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടുകളില്ലാതെ, റിയലിസ്റ്റിക്കാകേണ്ടത് റിയലിസ്റ്റിക്കായും നാടകീയമാകേണ്ടിടത്ത് അങ്ങനെയും ഭാവന വേണ്ടിടത്ത് അങ്ങനെയും ചേർന്ന് പ്രജേഷ്‌ സെൻ ഒരുക്കിയിട്ടുണ്ട്. അത് നടൻ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവുംമികച്ച വേഷങ്ങളിലൊന്നൊരുക്കി. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയ്‌ക്കൊപ്പം സത്യന്റെ ഭാര്യ അനിതയായി അനു സിത്താരയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അനിത എന്ന കഥാപാത്രത്തിന് ഏറെ പ്രധാന്യമുള്ള തരത്തിൽ അല്ലെങ്കിൽ അനിത കണ്ട സത്യൻ എന്ന ഫുട്‌ബോളർ എന്ന തരത്തിലാണോ സിനിമയുടെ ആഖ്യാനത്തിന് ഊന്നൽ എന്നുപോലും തോന്നിപ്പിക്കുന്നുണ്ട്. അതുകൊണ്ടാവാം ഒരു ഡോക്യുമെന്ററി സ്വഭാവത്തിലുള്ള സ്‌പോർട്‌സ് സിനിമ ആകേണ്ടതിനുപകരം തീവ്രമായ വൈകാരികതലമുള്ള സ്‌പോർട്‌സ്‌ലൈഫ് ഡ്രാമ ആകാൻ സിനിമയ്ക്കു സാധിച്ചത്. ദീർഘമായ കാലയളവിലൂടെയുള്ള കഥപറച്ചിലിനെ മുഷിപ്പില്ലാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നതും ഈ ഒരു ട്രീറ്റ്‌മെന്റാണ്.
12 വർഷങ്ങൾക്കുമുമ്പാണ് വി.പി. സത്യൻ എന്ന ഫുട്‌ബോൾ താരം വിഷാദത്തിന്റെ വലയിൽ കുടുങ്ങി ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കിയത്. ജയസൂര്യ അവതരിപ്പിക്കുന്ന വി.പി. സത്യൻ ചെന്നൈ പല്ലാവാരത്തുള്ള റെയിൽവേ സ്‌റ്റേഷനിൽ ചെന്നിരുന്നു ജീവിതം അവസാനിപ്പിക്കുന്നതിനുമുമ്പ് തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കുന്ന തരത്തിലാണ് സിനിമയുടെ അവതരണം. 1992ൽ സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം സന്തോഷ് ട്രോഫി ജയിക്കുന്നതു മുതൽ 2006 വരെയുള്ള കാലഘട്ടങ്ങളിലൂടെ സിനിമ ഓട്ടപ്രദക്ഷിണം നേരിടുന്നത്. ചെറുപ്പകാലത്ത് കാലിനേറ്റ പരുക്കും അതു കരിയറിലും പിന്നീടും ജീവിതത്തിലും സത്യനുണ്ടാക്കിയ പ്രതിസന്ധികളുമാണ്‌ സിനിമയുടെ ഫോക്കൽ പോയിന്റ്. അതിനിടയിൽ അനിതയുമായുളള വിവാഹം, പോലീസ് സർവീസിൽ നേരിട്ട വെല്ലുവിളികൾ, വിഷാദം എന്നിവയെ പലതരത്തിൽ സ്പർശിച്ചാണ് സിനിമ മുന്നേറുന്നത്. 
ആദ്യപകുതിയിലാണ് കളിക്കളത്തിലെ സത്യനിലേക്കു സിനിമ നോക്കുന്നത്. രണ്ടാംപകുതിയിൽ ഇടയ്ക്കുവച്ചുപിന്മാറേണ്ടിവന്ന വിഷാദചിത്തനായ സത്യനെയാണ് അവതരിപ്പിക്കുന്നത്. 
സ്‌പോർട്‌സ് സിനിമകൾ പൊതുവേ വിജയത്തിലവസാനിച്ച് ആഘോഷിക്കുന്നവയാണ്. എന്നാൽ ആരോടുംപറയാതെ ജീവിതം അവസാനിപ്പിച്ച ഒരു കായികതാരത്തെക്കുറിച്ചുള്ള സിനിമ ആ വിജയത്തിന്റെ നേർവിപരീതമാണ്. എന്നാൽ കൃത്യമായ ഗവേഷണത്തോടെയുള്ള രചനയ്ക്ക്, അതിനാടകീയതയില്ലാത്ത അവതരണത്തിന് ഈ വെല്ലുവിളി ഏറ്റെടുക്കാനാകുന്നുണ്ട്. രചനയും പ്രജേഷ് തന്നെയാണ്. രണ്ടാംപകുതിയിൽ സിനിമ പലയിടത്തും മെല്ലെയാകുന്നുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നീങ്ങുന്നതിന്റെ ഒഴുക്കില്ലായ്മ ചിലയിടത്തു പ്രകടവുമാണ്. അത് കണ്ടില്ലെന്നു നടിക്കാം. 1983 എന്ന സിനിമയിൽ ക്രിക്കറ്റിനെക്കുറിച്ചെന്നപോലെ തന്നെ ഫുട്‌ബോൾ നൊസ്റ്റാൾജിയയെയും സിനിമ സമർഥമായി ഉപയോഗിക്കുന്നുണ്ട്. 
കാസ്റ്റിങ് വളരെ ശ്രദ്ധേയമാണ്. കളിക്കളത്തിലുള്ള സത്യനായി ജയസൂര്യ ചിലയിടത്ത് ഫ്‌ളെക്‌സിബിൾ അല്ല എന്നു തോന്നിച്ചപ്പോൾ കളത്തിനുപുറത്തെ സത്യനായി ജയസൂര്യ കസറി. നിരാശയുടെ ഉന്മത്തതയിൽനിൽക്കുമ്പോൾ ഭാര്യയുമായി കലഹിക്കുന്ന രംഗമൊക്കെ ഗംഭീരമാണ്. അനു സിത്താരയും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. ഏതാനും രംഗങ്ങളേ ഉള്ളുവെങ്കിലും സിദ്ധിഖ് കസറി. റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണവും ശ്രദ്ധേയം. 
സിനിമയിലെ ഏറ്റവും മോശം ഘടകം പശ്ചാത്തലസംഗീതമാണ്. അസ്ഥാനത്തും തുടർച്ചയായും പ്രയോഗിച്ച ഗോപിസുന്ദർ പതിവുശൈലിയിലുള്ള പശ്ചാത്തലസംഗീതം മെലോഡ്രാമയുടെ ഫീലാണ് സൃഷ്ടിച്ചത്.