നാച്ചിയാർ

മോളിവുഡിന് മുന്നേ നടന്നുവെന്നതായിരുന്നു ഇടക്കാലത്ത് തമിഴ് സിനിമയെ മലയാളികൾക്ക്‌ കൂടുതൽ സ്വീകാര്യമാക്കിയിരുന്നത്‌. എന്നാൽ ജ്യോതികയുടെ പോലീസ് വേഷം കെട്ടിപ്പൊക്കി ആനയിച്ച നാച്ചിയാർ ഇതിനൊരപവാദമാണ്.
വിജയശാന്തിയുടെ പോലീസ് വേഷങ്ങളെ അനുസ്മരിപ്പിക്കുന്ന ട്രെയ്‌ലറിലൂടെ ഐ പി എസ് ഓഫീസറായി ജ്യോതിക എത്തുന്ന ക്രൈം ത്രില്ലർ എന്ന ആരവം വേണ്ടുവോളമുണ്ടാക്കിയെങ്കിലും ക്രൈമുമില്ല, ത്രില്ലറുമല്ല എന്നാണ് സിനിമ കഴിയുമ്പോൾ കാഴ്ചക്കാരൻ നാച്ചിയാറെക്കുറിച്ച് പരിതപിക്കേണ്ടിവരിക. 
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി അരസി (ഇവാന)യും പതിനേഴിനോടടുത്ത  ആൺകുട്ടിയും (ജി വി പ്രകാശും) തമ്മിൽ ഇഷ്ടപ്പെടുകയും ഇവർ ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുകയുമാണ്. എന്നാൽ ഇതിനിയ്ക്ക്‌ അവൾ ഗർഭിണിയാകുന്നു. 
കാമുകനായ കത്തുവിനെ ബലാത്സംഗ കുറ്റത്തിന് പിടിക്കുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കോടതി ഇവനെ ദുർഗുണ പരിഹാര പാഠ
ശാലയിലേക്കയക്കുന്നു. അരസി പ്രസവിച്ച കുട്ടിയുടെ പിതാവ് കത്തുവല്ലെന്ന് ഡി എൻ എ ടെസ്റ്റിലൂടെ തെളിയുന്നതോടെ ആരാണ് കുട്ടിയുടെ പിതാവെന്ന അന്വേഷണവുമായി ആർക്കും താല്പര്യമില്ലാഞ്ഞിട്ടും അസിസ്റ്റന്റ് കമ്മീഷണറായ നാച്ചിയാർ എന്ന ജ്യോതികയുടെ കഥാപാത്രം മുന്നോട്ടുപോകുന്നു. 
വലിയ പ്രതീക്ഷകളോടെ സിനിമ കാണുവാൻ കയറിയിരിക്കുന്നവരെ ഒന്നരമണിക്കൂറിലധികം നിരാശ മാത്രം സമ്മാനിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങുന്ന ചലച്ചിത്രമാണ് നാച്ചിയാർ. പുതുമയാർന്ന ഒരു കഥ കൊണ്ടുവരുവാൻ ശ്രമിച്ചെങ്കിലും അതിനനുയോജ്യമായ രംഗങ്ങൾ
കൊണ്ടുവരുവാനോ അത് പ്രേക്ഷകനെ കഥയ്ക്കനുയോജ്യമായി വിശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ലെന്നുള്ളതാണ് ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ പരാജയം. 
വിപ്ലവ ഫെമിനിസത്തിന്റെ വക്താക്കൾക്ക് പോലും ഇതിലെ പുരുഷജനനേന്ദ്രിയം മുറിച്ചുള്ള തന്റെ രോഷം പ്രകടനമെന്ന ഗിമ്മിക്കിനെ അംഗീകരിക്കാൻ കഴിയില്ല. അതിനനുയോജ്യമായ ഒരു രീതിയിലേക്ക് കഥ വളർത്തിക്കൊണ്ടുവരുവാൻ സംവിധായകൻ ബാലക്ക് സാധിച്ചിട്ടില്ല. ദുർബലമായ തിരക്കഥയാണ് ഈ സിനിമയെ കൊന്നതിൽ പ്രധാന പങ്കുവഹിച്ചത്.
കുളപ്പുള്ളി ലീല, ഇവാന എന്നീ മലയാളി താരങ്ങൾ തങ്ങൾക്ക് നല്കിയ കഥാപാത്രങ്ങളെ അവരുടെ പരിമിതിയിൽ നിന്ന് മനോഹരമാക്കിയിട്ടുണ്ടെങ്കിലും ജ്യോതികയുടെ നാച്ചിയാർ എന്ന ക്യാരക്ടർ തീർത്തും ഒരു വനിതാ ഐ പി എസ് ഓഫീസറുടെ വേഷത്തിൽ പരാജയപ്പെടുന്നതിന്കൂടി ഈ സിനിമ അരങ്ങാകുകയാണ്.