കല്ലായി എഫ് എം
ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ചക്രവർത്തിയായിരുന്ന മുഹമ്മദ് റഫിയുടെ സ്മരണക്ക് മുമ്പിൽ എന്ന ഒറ്റവാചകത്തിൽ കല്ലായി എഫ്എം എന്ന സിനിമയുടെ കഥയും കഥാപശ്ചാത്തലവും വ്യക്തമാക്കാം. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കല്ലായിക്കാരൻ സിലോൺ ബാപ്പുവിന്റെ കഥയാണ് ഈ സിനിമ.
ബാപ്പുവിന്റെ മകനായ റഫി മുഹമ്മദ് (ശ്രീനാഥ് ഭാസി) ഉപ്പയെപ്പോലെയല്ല. അവന് മുഹമ്മദ് റഫിയുടെ സംഗീതത്തേക്കാൾ താൽപര്യം മോഡേൺ സംഗീതത്തോടാണ്. അവർക്കിടയിലെ അസ്വാരസ്യങ്ങളും ഇതിലൂടെ കൂടുംബത്തിലുണ്ടാകുന്ന ചില്ലറ വഴക്കുകളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. സിലോൺ ബാപ്പുവിന്റെ ഭാര്യയായി കൃഷ്ണപ്രഭയും മകൾ സേറയായി പാർവ്വതി രതീഷും വേഷമിടുന്നു. കൃഷ്ണപ്രഭ മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചപ്പോൾ പാർവ്വതി നിരാശപ്പെടുത്തി. സിനിമ സംവിധായകനാകാൻ മോഹിച്ച് നടക്കുന്ന നടക്കുന്ന അബുവാണ് (അനീഷ് മേനോൻ) മറ്റൊരു പ്രധാന കഥാപാത്രം. സേറയും അബുവുമായുള്ള പ്രണയവും ചിത്രത്തിൽ വിഷയമാകുന്നുണ്ട്.
മുഹമ്മദ് റഫിയുടെ ആരാധകനായ സിലോൺ ബാപ്പുവിന്റെ കഥ സിനിമയാക്കാനുള്ള അബുവിന്റെ ശ്രമങ്ങളും അതിനായുള്ള പരിശ്രമങ്ങളുമൊക്കെ ആദ്യ പകുതിയിലുണ്ട്. സിനിമ നിർമ്മിക്കാനെത്തുന്ന ഗൾഫുകാരനായി കലാഭവൻ ഷാജോണുമുണ്ട്. ഇവർ നേരിടുന്ന ചില വെല്ലുവിളികളാണ് കല്ലായി എഫ് എമ്മിന്റെ രണ്ടാം പകുതിയിലെ ട്വിസ്റ്റ്. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സിലോൺ ബാപ്പു എന്ന കഥാപാത്രം ശ്രീനിവാസനിൽ ഭദ്രമായിരുന്നു. കലയും കലാകാരനുമൊക്കെ കടന്നുപോകുന്ന കഷ്ടതകൾ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകൻ കുറച്ചേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതിനായി മാത്രം കഥയിലേക്ക് ചില കഥാപാത്രങ്ങളെ വലിച്ചിഴക്കുന്നുമുണ്ട്. എവിടെയൊക്കയോ ഒരു ചേരുംപടി ചേരായ്‌ക തോന്നിപ്പോകും.
വില്ലൻ ഏതൊരു സിനിമയുടെയും അഭിഭാജ്യ ഘടകമാണെന്ന് സംവിധായകൻ ചിന്തിച്ചതുകൊണ്ട് മാത്രം കല്ലായി എഫ്എമ്മിലും ഒരു വില്ലനുണ്ട്. എന്നാൽ കോട്ടയം നസീർ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന് കൃത്യമായ തുടക്കമോ ഒടുക്കമോ ഇല്ല. മതങ്ങളുടെ വേലിക്കെട്ടുകളില്ലാത്ത പ്രണയം പരമാർശിക്കാനുള്ള സംവിധായകന്റെ ശ്രമവും വിജയിച്ചിട്ടില്ല.
മുഹമ്മദ് റഫിയുടെ സംഗീതം വിഷയമാകുന്ന സിനിമയിൽ അദ്ദേഹത്തിന്റെ രണ്ടു ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതം. എടുത്തു പറയത്തക്ക സവിശേഷതകളൊന്നും സാജൻ കളത്തിലിന്റെ ഛായാഗ്രഹണത്തിലില്ല.
'തീക്കുളിക്കും പച്ചൈമരം' എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ വിനീഷ് മില്ലേനിയമാണ് കല്ലായി എഫ്എം ഒരുക്കിയിരിക്കുന്നത്. അച്ഛൻ മകൻ ബന്ധത്തിന്റെ ചില വൈകാരിക നിമിഷങ്ങളും സിനിമയെ പ്രേക്ഷക ഹൃദയത്തോട് ചേർത്ത് നിർത്തും.