ഇന്ന് ഔട്ടാണ്, ചുവന്ന കൊടി നാട്ടി, ടെസ്റ്റ് മത്സരം തുടങ്ങി... ആർത്തവമാണെന്ന് തുറന്നുപറയാൻപോലും മടിച്ച് കോഡ്ഭാഷയിൽ സംസാരിക്കുന്ന, പാഡ് കൈയിലുണ്ടോ എന്ന് ചെവിയിൽ രഹസ്യമായി ചോദിക്കുന്ന കാലത്ത് പാഡിനെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും എത്രത്തോളം ശബ്ദത്തിൽ സംസാരിക്കാൻ പറ്റുമോ അത്രയും ഉറക്കെ സംസാരിക്കുന്ന ചിത്രമാണ് അക്ഷയ്‌കുമാറിനെ നായകനാക്കി ബാൽക്കിയൊരുക്കിയ പാഡ്മാൻ.  
എന്നാൽ ഒരൊറ്റ രംഗത്തിലൊതുങ്ങാതെ രണ്ടരമണിക്കൂറോളമുള്ള ഈ സിനിമ മുഴുവനായി  ആർത്തവത്തെയും സാനിറ്ററി പാഡിനെക്കുറിച്ചുമാണ് പറയുന്നത്. ഏറ്റവും കുറഞ്ഞ പൈസയ്ക്ക് സാനിറ്ററി നാപ്കിൻ നിർമിച്ച് വിപ്ലവമുണ്ടാക്കിയ തമിഴ്‌നാട്ടുകാരൻ അരുണാചലം മുരുകാനന്ദന്റെ ജീവിതം അതുപോലെത്തന്നെ ബാൽക്കി ക്യാമറയിൽ പകർത്തുകയായിരുന്നു. അരുണാചലം മുരുകാനന്ദൻ എന്ന പേരിനുപകരം ഉത്തരേന്ത്യക്കാരനായ ലക്ഷ്മികാന്ത് ചൗഹാനായാണ് അക്ഷയ്‌കുമാർ ചിത്രത്തിലെത്തുന്നത്. ആർത്തവസമയത്ത് വൃത്തിയില്ലാത്ത തുണി ഉപയോഗിക്കുന്ന ഭാര്യ ഗായത്രിക്ക് (രാധികാ ആപ്‌തെ) വേണ്ടി മെഡിക്കൽ ഷോപ്പിൽ പോയി സാനിറ്ററി നാപ്കിൻ വാങ്ങുന്നിടത്താണ് സിനിമയുടെ തുടക്കം. എന്നാൽ 55 രൂപ വിലയുള്ള ആ പാഡ് ഉപയോഗിക്കാൻ ഗായത്രി വിസമ്മതിക്കുന്നു. പാഡിന് വേണ്ടിവന്ന പണവും അത് പരമ്പരാഗതമായി പിന്തുടരുന്ന മൂല്യങ്ങൾക്ക് എതിരാണെന്നതുമാണ് ഗായത്രിയെ പിന്നോട്ടുവലിപ്പിക്കുന്നത്. എന്നാൽ വിട്ടുകൊടുക്കാൻ ലക്ഷ്മികാന്ത് തയ്യാറാകുന്നില്ല. ഇത്രയും ഭാരക്കുറവുള്ള ഈ വസ്തുവിന് ഇത്രയുമധികം പണം കൊടുക്കുന്നതെന്തിനാണെന്നായിരുന്നു ലക്ഷ്മിയെ കുഴക്കിയ ചോദ്യം. ഒപ്പം തന്റെ ഭാര്യയടക്കമുള്ള സ്ത്രീകൾ വൃത്തിയില്ലാത്ത തുണിയുപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അയാളെ അലട്ടുന്നു. തുടർന്ന് ഈ പ്രശ്നത്തിന് പരിഹാരംതേടിയുള്ള ലക്ഷ്മിയുടെ യാത്രയാണ്‌ ചിത്രത്തിന്റെ ബാക്കിഭാഗങ്ങളിൽ പറയുന്നത്.
തിരക്കഥയേക്കാളുപരി പഞ്ച് ഡയലോഗുകളാണ് പാഡ്മാന് ജീവൻനൽകുന്നത്. സിനിമയിൽ അതിഥിതാരമെയെത്തുന്ന അമിതാഭ് ബച്ചന്റെയും ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്ന ലക്ഷ്മിയുടെയും സംഭാഷണങ്ങൾ എഴുതിയ ബാൽക്കിക്കും സ്വാനന്ദ് കിർക്കിറെയ്ക്കും കൈയടി നൽകാം.  
ചിത്രത്തിന്റെ ക്യാമറ ചെയ്ത പി.സി. ശ്രീറാമും എഡിറ്റിങ് നിർവഹിച്ച ഛന്ദൻ അറോറയും തങ്ങളുടെ റോളുകൾ വൃത്തിയായി ചെയ്തിട്ടുണ്ട്. എന്നാൽ അമിത് ത്രിവേദിയുടെ സംഗീതത്തിന് ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഉത്തരേന്ത്യയിലെ ഒരു സാധാരണസ്ത്രീയെ അതേപോലെ പകർത്തുന്നതിൽ രാധികാ ആപ്‌തെ വിജയിച്ചപ്പോൾ പാരിയായെത്തിയ സോനം കപൂറിന് തന്റെ മുൻ സിനിമകളെക്കാൾ കൂടുതലായി ഒന്നും പാഡ്മാനിലും ചെയ്യാനുണ്ടായിരുന്നില്ല.