വലിയ പ്രതീക്ഷയും അവകാശവാദങ്ങളുമില്ലാതെ വന്നതുകൊണ്ടാകണം കളി കണ്ടുകഴിയുമ്പോൾ കാഴ്ചക്കാരന്  ക്ഷീണമൊന്നുമുണ്ടാകുന്നില്ല. കൊച്ചിയുടെ പശ്ചാത്തലത്തിൽ സ്ഥിരം വന്നുപോകുന്നൊരു ചിത്രം,യൂത്തിനെ പിടിച്ചിരുത്താനുള്ള  ചേരുവകളാണ് ചിത്രത്തിൽ കൂടുതലായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാച്ചിലേഴ്സിന്റെ  ആഘോഷങ്ങളും അവരുടെ പ്രണയവും സൗഹൃദവുമെല്ലാം ഊതിവീർപ്പിച്ചുകൊണ്ടാണ് കളിതുടങ്ങുന്നത്. ആർഭാടജീവിതത്തിനു ശ്രമിക്കുന്ന കൗമാരപ്പിള്ളേർ ചെന്നുപെടുന്നൊരു പ്രശ്നവും അതിന്മേൽ കെട്ടിമറിഞ്ഞുപോകുന്ന രണ്ടാംപകുതിയിലൂടെയും ചിത്രം വികസിക്കുന്നു. തമാശയ്ക്കായി എഴുതിച്ചേർത്ത സംഭാഷണങ്ങൾ പലതും തിയേറ്ററിൽ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ലെന്നത് നിരാശാജനകമാണ്. ഇടവേളയ്ക്കു ശേഷമുള്ള ത്രില്ലർ രംഗങ്ങളാണ് സിനിമയുടെ മുതൽക്കൂട്ട്.
ആദ്യപകുതി അവസാനിക്കുമ്പോൾ കഥയിലേക്ക് കടന്നുവരുന്ന കൊലപാതകം സിനിമയ്ക്കല്പമെങ്കിലും കരുത്തുനൽകുമെന്ന പ്രതീക്ഷ ഉണർത്തുന്നുണ്ടെങ്കിലും അവയ്‌ക്കൊന്നും മികച്ചൊരു ക്ലൈമാക്‌സ് സമ്മാനിക്കാൻ കഴിയുന്നില്ല. സുന്ദരിമാരെ കാമുകിയാക്കാൻ പൂവാലൻ പിള്ളേരിറക്കുന്ന സ്ഥിരം നമ്പറുകൾക്ക്‌ പുതുമ അവകാശപ്പെടാനില്ല. അച്ഛൻ വിദേശത്താണെന്നുതുടങ്ങി അവിടത്തെ ആർഭാടത്തിന്റെ ഇല്ലാക്കഥകൾ തട്ടിവിടുകയും, കോഫി ഷോപ്പിൽ  കാമുകിയെക്കൊണ്ട് പണംകൊടുപ്പിക്കാൻ നമ്പറിറക്കുന്ന കാമുകനേയും  ഇനിയും സിനിമയിൽ കാണുകയെന്നത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. പുതുമുഖങ്ങളായെത്തിയ കുട്ടികൾ കളംനിറഞ്ഞാടി എന്നതാണ് സിനിമ നൽകുന്ന ആശ്വാസം.
ജോജു ജോർജ്, ഷമ്മി തിലകൻ, ബാബുരാജ് എന്നിവരെല്ലാമാണ് സിനിമയിലെ പ്രധാന പരിചിതമുഖങ്ങൾ. നെഗറ്റീവ് ഷേഡുള്ള പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ജോജുജോർജ്ജ് കൈയടിനേടുന്നുണ്ട്.
മലയാളത്തിന് വിജയചിത്രങ്ങൾ  സമ്മാനിച്ച ഓഗസ്റ്റ് സിനിമ പുതുമുഖങ്ങളെ കോർത്തിണക്കി  കഥപറയുമ്പോൾ അതിൽ പ്രേക്ഷകരെ രസിപ്പിക്കാനുള്ള വകയുണ്ടാക്കാൻ അല്പംകൂടി കരുതൽ കാണിക്കണമായിരുന്നു.
 താരഭാരമില്ലാത്ത ചെറിയ സിനിമകൾ അടുത്തിടെ മലയാളത്തിൽ വലിയവിജയങ്ങൾ നേടിയിട്ടുണ്ട്,എന്നാൽ കെട്ടുറപ്പില്ലാതെപോയ കഥയാണ് കളിയെ തളർത്തുന്നത്. 
കഥയെഴുത്തിൽനിന്ന് സംവിധാനത്തിലേക്ക് ചുവടുവെച്ച  നജീം കോയയ്ക്ക് അഭിമാനിക്കാനുള്ള വകയൊന്നും കളി നൽകുന്നില്ല. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.