ജീവിതത്തിലേക്ക് മുഖം തിരിച്ചുവെയ്ക്കുകയെന്നുള്ളതാണ് ഒരു ചലച്ചിത്രം ചെയ്യേണ്ടുന്ന ഏറ്റവും പ്രാഥമികമായ കാര്യങ്ങളിലൊന്ന്. അടിസ്ഥാനപരമായ ഈ കാര്യത്തിന് പകരം മറ്റുപലതിനും ഊന്നൽ നല്കുമ്പോഴാണ് നമ്മുടെ സിനിമകൾ ചരടുപൊട്ടിയ പട്ടംപോലെയായി മാറുന്നത്. ചുറ്റുപാടിലേക്ക് കണ്ണുതുറക്കുന്ന ഒരു പ്രമേയമാണ്‌ റോസാപ്പൂവിനെ ഒന്നാമതായി പ്രേക്ഷകനോട് അടുപ്പിക്കുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് റോസാപ്പൂ പറയുന്നത്. പ്രത്യേകിച്ച് മലയാളത്തിൽ ഒരു ട്രെൻഡായിരുന്ന ഷക്കീലസിനിമയുടെ പിന്നണിക്കഥ.
കൊച്ചിയിലെ മട്ടാഞ്ചേരി കേന്ദ്രീകരിച്ചാണ് സിനിമ നടക്കുന്നത്. നായക കഥാപാത്രം എന്ന രീതിയിൽ ഉയർത്തിക്കാട്ടുവാൻ പറ്റില്ലെങ്കിലും പ്രധാന വേഷത്തിലെത്തുന്നത് ഷാജഹാൻ എന്ന കഥാപാത്രത്തിലൂടെ ബിജുമേനോനാണ്. ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുവാൻ ഏതുവേഷവും കെട്ടുന്ന ഒരു ശരാശരി മലയാളി യുവാവിന്റെ പ്രതീകമാണ് ഷാജു എന്ന ഷാജഹാൻ. മറിച്ച് പെട്ടെന്ന് പണക്കാരനാകുകയാണ് ലക്ഷ്യം. ഷാജുവിന്റെ ഇത്തരം പ്രവൃ ത്തികൾക്കെല്ലാം കൂട്ടായിട്ടുള്ളതാകട്ടെ ഒരു സിനിമാ സംവിധായകനാകുകയെന്ന സ്വപ്നവുമായി നടക്കുന്ന ആബ്രോസ്‌ എന്ന പ്രാദേശിക ടി.വി. ചാനൽ റിപ്പോർട്ടറായ നീരജ് മാധവിന്റെ കഥാപാത്രമാണ്. ഇവർക്ക് ഉപദേശകനായി നാട്ടിലെ ഏക എം.ബി.എ. ക്കാരനായ ബാനു എത്തുന്നു. 
ചന്ദനത്തിരി നിർമാണം മുതൽ തമിഴ്നാട്ടിൽനിന്ന് മുട്ട മൊത്തമായി കൊണ്ടുവരുന്നതടക്കമുള്ള വിവിധ ഏർപ്പാടുകൾ ചെയ്ത് അവസാനം ഒന്നും കരയ്ക്കടിയാതെ നില്ക്കുമ്പോഴാണ് സിനിമാനിർമാണം അതും ഷക്കീലസിനിമാനിർമാണത്തിലേക്ക് എത്തുന്നത്. വെറും 11 ലക്ഷം രൂപ മുടക്കി കോടികൾ വാരാമെന്ന ഈ കണ്ടുപിടുത്തം സാഫല്യമാക്കുവാനുള്ള പ്രയത്നത്തിലാണ് ഷാനുവും കൂട്ടരും പിന്നെ. പലിശക്കാരൻ വേലായുധനെയും (വിജയരാഘവൻ) ഷാർജയിൽനിന്ന് തിരിച്ചുവന്ന കരീമിനെയും (കരമന സുധീർ) പല മോഹന വാഗ്ദാനങ്ങൾ നല്കി സിനിമയുടെ നിർമാതാക്കളാക്കി മാറ്റുന്നു. അങ്ങനെ കൊച്ചിക്കാരൻതന്നെയായ ഷെജീർ (സൗബിൻ ഷാഹിർ) എന്ന ചെന്നൈയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവിന്റെ അടുത്തെത്തുകയാണ്. 
ഇവരെ എങ്ങനെയെല്ലാം പിഴിയാമെന്ന് പ്ലാൻ ചെയ്ത് നടക്കുന്നയാളാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എന്നാൽ ഷക്കീലസിനിമയുടെ തിരക്കഥ വെട്ടിമാറ്റി അവസാനം അബ്രോസ് ഒരു വ്യത്യസ്തമായ സിനിമയാണുണ്ടാക്കുന്നത്. തുടർന്നാണ് രസം.
ബോൺസായ് മരത്തിന്റെ ചെറുപ്പമാണ് സൗന്ദര്യം. അതുപോലെ പറഞ്ഞു പറഞ്ഞു പരന്നുപോയതാണ് റോസാപ്പൂവിന്റെ മനോഹാരിതയും സൗരഭ്യവുമെല്ലാം ഇല്ലാതാക്കുന്നതെന്നതുകൂടി പറയാതെ വയ്യ. ആറ്റിക്കുറുക്കിയിരുന്നെങ്കിൽ ഈയടുത്ത് ഇറങ്ങിയ ജീവിതഗന്ധിയായ ഏറ്റവും മനോഹരമായ സിനിമകളിലൊന്നായി റോസാപ്പൂ മാറിയേനെ. എങ്കിലും ഷക്കീലസിനിമയിലെ നായികയായി റോസാപ്പൂവിൽ കടന്നുവരുന്ന രശ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അഞ്ജലി കുറെ കൈയടികൾ അർഹിക്കുന്ന അഭിനയംതന്നെ കാഴ്ചവെച്ചിട്ടുണ്ട് എന്നത് രേഖപ്പെടുത്താതെ വയ്യ.